"ലൗദാത്തോ സി" വാർഷികവുമായി ബന്ധപ്പെട്ടുനടന്ന ഒരു സമ്മേളനത്തിൽനിന്നുള്ള ഒരു ഫയൽ ചിത്രം "ലൗദാത്തോ സി" വാർഷികവുമായി ബന്ധപ്പെട്ടുനടന്ന ഒരു സമ്മേളനത്തിൽനിന്നുള്ള ഒരു ഫയൽ ചിത്രം  (ANSA)

ഭൂമിയെ സംരക്ഷിക്കുക, ഫോസിൽ ഇന്ധനലാഭത്തിന് നികുതി ചുമത്തുക: "ലൗദാത്തോ സി" ആഴ്ചയിൽ കത്തോലിക്കസംഘടനകളുടെ അഭ്യർത്ഥന

ഇന്നിന്റെയും നാളെയുടെയും തലമുറകൾക്ക് ജീവിക്കാൻ സാധിക്കുന്ന വിധത്തിൽ പ്രകൃതിയെ സംരക്ഷിക്കാനും, ഫോസിൽ ഇന്ധന ഉപയോഗം ഇല്ലാതാക്കാനും ആഹ്വാനവുമായി യൂറോപ്യൻ യൂണിയനിൽനിന്നുള്ള നൂറ് കത്തോലിക്കസംഘടനകൾ. "ലൗദാത്തോ സി" ആഴ്ചയുടെ കൂടി പശ്ചാത്തലത്തിലാണ്, പ്രകൃതിസംരക്ഷണം മുന്നിൽക്കണ്ട് ഇദംപ്രഥമായി പത്തൊൻപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഈ സംഘടനകൾ ഇത്തരമൊരു സംയുക്താഭ്യാർത്ഥന യൂറോപ്യൻ യൂണിയന് മുന്നിൽ സമർപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യാന്തസ്സും അവകാശങ്ങളും കണക്കിലെടുത്ത്, മാനവികതയുടെയും സൃഷ്ടലോകത്തിന്റെയും വർത്തമാന, ഭാവി കാലങ്ങൾ സുരക്ഷിതമാക്കാനും, ഭൂമി ഏവർക്കും ജീവിതയോഗ്യമാക്കാനും ആഹ്വാനവുമായി യൂറോപ്യൻ യൂണിയനോട് നൂറ് കത്തോലിക്കസംഘടനകൾ ആവശ്യപ്പെട്ടു. "ലൗദാത്തോ സി" ആഴ്ചയുടെ കൂടി പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനിലെ പത്തൊൻപത് രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്കസംഘടനകളാണ്, ഇതാദ്യമായി ഇത്തരമൊരു സംയുക്ത അഭ്യർത്ഥന ബ്രസൽസിൽ സമർപ്പിച്ചത്. മെയ് 17 മുതൽ 24 വരെയാണ് ഈ വർഷത്തെ "ലൗദാത്തോ സി" ആഴ്ച.

ആഗോള ഇന്ധനപ്രതിസന്ധിയും, വിവിധ സംഘർഷങ്ങളും യൂറോപ്പിന്റെ ബലഹീനതയും അരക്ഷിതാവസ്ഥയും വ്യക്തമാക്കുന്ന ഇക്കാലത്ത്, തങ്ങളുടെ സ്ഥാപകമൂല്യങ്ങളോട് വിശ്വസ്തത പാലിക്കാനും, കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ തീരുമാനങ്ങളും പ്രവർത്തനങ്ങളും എടുക്കാനും, ഭാവി തലമുറകളുടെ കൂടി മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനുവേണ്ടി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാനുഗതമായി ഇല്ലാതാക്കാനും സംഘടനകൾ ആവശ്യപ്പെട്ടു.

സൃഷ്ടലോകത്തിന്റെയും, ദുർബലരായ മനുഷ്യരുടെയും പരിചരണത്തിന് ക്രൈസ്തവർക്കുള്ള ക്ഷണം വ്യക്തമാക്കുന്ന ഈ അഭ്യർത്ഥനയിൽ, ലൗദാത്തോ സി പ്രസ്ഥാനത്തിന് പുറമെ, യൂറോപ്പിലെ കാരിത്താസ് സംഘടന, കത്തോലിക്കാ ആക്ഷൻ പ്രസ്ഥാനം, അന്താരാഷ്ട്ര പാക്സ് ക്രിസ്റ്റി സംഘടന, വിവിധ ഈശോസഭാ പ്രവിശ്യകൾ, ആറുലക്ഷത്തോളം സമർപ്പിതരെ പ്രതിനിധീകരിക്കുന്ന ആഗോളസമർപ്പിതസംഘടനകൾ തുടങ്ങി വിവിധ പ്രസ്ഥാനങ്ങളും സമൂഹങ്ങളുമാണ് ഒപ്പിട്ടിരിക്കുന്നത്.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക എന്ന ആവശ്യത്തിന് പുറമെ, ഇത്തരം ഇന്ധനങ്ങളുടെ അമിതലാഭത്തിന് മേൽ നികുതി, ഫോസിൽ ഇന്ധനമേഖലയുമായി ബന്ധപ്പെട്ട ധനസഹായം നിറുത്തലാക്കൽ, ശുദ്ധമായ ഊർജ്ജോത്പാദനത്തിന് വേണ്ടിയുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ, കാലാവസ്ഥാനുകൂലമായ സാമ്പത്തിക, സാമൂഹിക നയങ്ങളും നീതിയും ഉറപ്പാക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

കാർബൺ ഉൾപ്പെടെ കാലാവസ്ഥാപ്രതിസന്ധിക്ക് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയും ക്രമേണ നിറുത്തലാക്കുകയും ചെയ്യുകയെന്ന ആവശ്യം മുന്നോട്ട് വച്ച കത്തോലിക്കസംഘടനകൾ, 2030-നുള്ളിൽ കാർബണിന്റെയും, 2035-നുള്ളിൽ ഗ്യാസിന്റെയും, 2040-നുളളിൽ പെട്രോളിന്റെയും ഉപയോഗം നിറുത്തലാക്കാൻ വേണ്ട നടപടികൾ വേണമെന്ന് അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ, മാർപാപ്പാമാരുൾപ്പെടെ, ലോകത്തിലെ പ്രധാന മതങ്ങളുടെ നേതൃത്വങ്ങൾ, കാലാവസ്ഥാപ്രതിസന്ധി ഉയർത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്താനും ആഹ്വാനം ചെയ്തിരുന്നുവെന്നതും കത്തോലിക്കസംഘടനകൾ തങ്ങളുടെ അഭ്യർത്ഥനയിൽ അനുസ്മരിച്ചിരുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സൃഷ്ടിയുടെ പരിപാലനം എന്നത് ഐശ്ചികമായ ഒന്നല്ല, മറിച്ച് ആദർശപൂർണ്ണമായ ഒരു ജീവിതത്തിന് വേണ്ട ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു (Laudato Si’ , 217). 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മേയ് 2026, 12:42