പാപ്പാ അഭിവാദ്യം ചെയ്യുന്നു പാപ്പാ അഭിവാദ്യം ചെയ്യുന്നു   (AFP or licensors)

ദരിദ്രരോടുള്ള പ്രത്യേക മമത സഭയുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്

ലിയോ പതിനാലാമൻ പാപ്പായുടെ 'ദിലക്സി തേ' (DILEXI TE) എന്ന അപ്പസ്തോലിക പ്രബോധനത്തിലെ 108 മുതൽ 115 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയ ചിന്തകൾ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദരിദ്രരോടുള്ള മനോഭാവം എന്നത് വിശ്വാസത്തിന്റെ അന്തസ്സത്തയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പഠിപ്പിക്കുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പായുടെ  ആദ്യ  അപ്പസ്തോലിക പ്രബോധനമായ 'ദിലെക്സി തെ' യിൽ  നിന്നുള്ള ഈ ഭാഗങ്ങൾ ആധുനിക സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെ മനോഭാവത്തെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. സഭയുടെ ചരിത്രപരമായ പാരമ്പര്യത്തെയും സുവിശേഷാധിഷ്ഠിതമായ ദൗത്യത്തെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്രമായ വിശകലനമാണ് പാപ്പാ ആധുനിക സമൂഹത്തിൽ നമ്മുടെ മനസാക്ഷിക്ക് മുൻപിൽ വയ്ക്കുന്നത്.

 റോമൻ സാമ്രാജ്യം  തകർച്ചയുടെ വക്കിലെത്തി നിൽക്കുകയും ബാർബേറിയൻ വംശജരുടെ ആക്രമണത്താൽ ക്ലേശിക്കുകയും ചെയ്തിരുന്ന അങ്ങേയറ്റം ദുഷ്കരമായ ഒരു കാലഘട്ടത്തിൽ വിശുദ്ധ ഗ്രിഗോറിയോസ് പാപ്പാ  തന്റെ വിശ്വാസികൾക്ക് നൽകിയ താക്കീതോടെയാണ് പ്രബോധനത്തിന്റെ ഈ ഖണ്ഡികകൾ ആരംഭിക്കുന്നത്. ദരിദ്രനായ ലാസറിനെ നാം അന്വേഷിച്ചു പോകേണ്ടതില്ലെന്നും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും അവൻ നമ്മെ കാത്തുനിൽക്കുന്നുണ്ടെന്നും വിശുദ്ധൻ ഓർമ്മിപ്പിച്ചു. ദരിദ്രർ നമ്മുടെ മുന്നിൽ തങ്ങളുടെ ആവശ്യങ്ങളുമായി വരുന്നത് ഒരു ശല്യമായല്ല, മറിച്ച് ദൈവാനുഗ്രഹം പ്രാപിക്കാനുള്ള ഒരു അവസരമായാണ് കാണേണ്ടത്. ഒരു കാലത്ത് നമുക്ക് വേണ്ടി ദൈവസമക്ഷം മധ്യസ്ഥത വഹിക്കാൻ കഴിയുന്നവരാണ് അവരെന്ന തിരിച്ചറിവ് നാം വളർത്തിയെടുക്കണം.

ദരിദ്രർ തങ്ങളുടെ ദാരിദ്ര്യത്തിന് തങ്ങൾ തന്നെ ഉത്തരവാദികളാണെന്ന പൊതുസമൂഹത്തിന്റെ മുൻവിധികളെ ഗ്രിഗോറിയോസ് പാപ്പാ ശക്തമായി വെല്ലുവിളിച്ചു. ദരിദ്രർ ചെയ്യുന്ന ചെറിയ തെറ്റുകളെ പോലും അവരുടെ കഠിനമായ ജീവിത സാഹചര്യങ്ങൾ ശുദ്ധീകരിക്കുന്നുണ്ടെന്നും അതിനാൽ അവരെ പുച്ഛത്തോടെ കാണരുതെന്നും അദ്ദേഹം പഠിപ്പിച്ചു. സുഖലോലുപത മനുഷ്യനെ അന്ധനാക്കുന്നുവെന്നും മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ തനിക്ക് സന്തോഷമായി ജീവിക്കാൻ കഴിയുമെന്ന അഹങ്കാരം ഇത് സൃഷ്ടിക്കുന്നുവെന്നും പാപ്പായുടെ ഈ വാക്കുകൾ  നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നു ലിയോ പതിനാലാമൻ പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ദരിദ്രർ നമ്മുടെ അഹങ്കാരത്തെയും ഗർവിനെയും ശമിപ്പിക്കുന്ന നിശബ്ദരായ ഗുരുക്കന്മാരായി മാറുന്നുവെന്ന വിപ്ലവാത്മകമായ ഒരു പാഠമാണ് പാപ്പാ നൽകുന്നത്.

സാമ്പത്തികമായി കഴിവുള്ളവർ ദരിദ്രരെ സഹായിക്കുന്നു എന്നത് സത്യമാണെങ്കിലും, അതിന്റെ മറ്റൊരു  വശം കൂടി  ക്രൈസ്തവ പാരമ്പര്യം അടിവരയിടുന്നുണ്ട്. യഥാർത്ഥത്തിൽ ദരിദ്രരാണ് നമ്മെ സുവിശേഷവൽക്കരിക്കുന്നത് എന്ന  സത്യം നാം തിരിച്ചറിയണം. അവരുടെ നിശബ്ദമായ അവസ്ഥയിലൂടെ അവർ നമ്മുടെ തന്നെ ബലഹീനതകളെ നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു. ഉദാഹരണത്തിന്, ശാരീരികമായി തളർന്ന ഒരു വയോധികൻ നമ്മുടെ തന്നെ ജീവിതത്തിന്റെ നശ്വരതയെയും ബലഹീനതയെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. സമ്പത്തിന്റെയോ ബാഹ്യമായ പ്രകടനങ്ങളുടെയോ മറവിൽ നാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നമ്മുടെ തന്നെ തകർച്ചകളെയാണ് അവർ പ്രതിഫലിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ നാം ഉപയോഗിക്കുന്ന അഹങ്കാരവും ആക്രമണോത്സുകതയും എത്രമാത്രം നിരർത്ഥകമാണെന്ന് ദരിദ്രരുടെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. സുരക്ഷിതമെന്ന് നാം കരുതുന്ന നമ്മുടെ ജീവിതം എത്രമാത്രം ദുർബലമാണെന്ന് അവർ വെളിപ്പെടുത്തുന്നു. ധനവാനായ മനുഷ്യൻ നരകത്തിൽ എത്തിയത് അവൻ മറ്റുള്ളവന്റെ എന്തെങ്കിലും മോഷ്ടിച്ചത് കൊണ്ടല്ല, മറിച്ച് തനിക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ അഹങ്കരിക്കുകയും കഷ്ടപ്പെടുന്ന സഹോദരനോട് കരുണ കാണിക്കാതിരിക്കുകയും ചെയ്തത് കൊണ്ടാണെന്ന് വിശുദ്ധ ഗ്രിഗോറിയോസ് വീണ്ടും ഓർമ്മിപ്പിക്കുന്നു. ദാനമായി ലഭിച്ച സമ്പത്തിൽ ദൈവഭയം സൂക്ഷിക്കാതെയും അനുകമ്പ കാണിക്കാതെയും ജീവിക്കുന്നതാണ് യഥാർത്ഥ പാപം.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദരിദ്രരോടുള്ള മനോഭാവം എന്നത് വിശ്വാസത്തിന്റെ അന്തസ്സത്തയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും പാപ്പാ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  പഠിപ്പിച്ചത് പോലെ, ദരിദ്രരോടുള്ള സഭയുടെ പ്രത്യേക മമത (Option for the poor) എന്നത് സഭയുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സാങ്കേതികവും സാമ്പത്തികവുമായ പുരോഗതികൾക്കിടയിലും ദാരിദ്ര്യം വലിയ രൂപം പ്രാപിക്കുന്ന ഈ ലോകത്ത് 'ദരിദ്രരിലേക്ക് തിരിയുക' എന്നത് സഭയുടെ ദൗത്യമാണ്. ദരിദ്രർ എന്നത് ഒരു സാമൂഹിക വിഭാഗമല്ല, മറിച്ച് അവർ ക്രിസ്തുവിന്റെ തന്നെ ശരീരമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്ന സത്യം വെറും സിദ്ധാന്തമായി പറയുന്നതിൽ കാര്യമില്ല. മറിച്ച് പട്ടിണിയും ദാഹവും രോഗവും അനുഭവിക്കുന്നവരിലും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവരിലും ക്രിസ്തുവിനെ കാണാൻ നമുക്ക് കഴിയണം. ദരിദ്രർക്കുവേണ്ടിയുള്ള ഒരു ദരിദ്ര സഭയായി മാറുക എന്നത് ക്രിസ്തുവിന്റെ ശരീരത്തിലേക്കുള്ള യാത്രയാണ്. അവിടുത്തെ ദാരിദ്ര്യത്തിന്റെ ആഴം മനസ്സിലാക്കാൻ ക്രിസ്തുവിന്റെ മാംസമായ ദരിദ്രരെ നാം സ്പർശിക്കണം. ഇത് എളുപ്പമുള്ള കാര്യമല്ലെങ്കിലും വിശ്വാസത്തിന്റെ പൂർണ്ണതയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും പാപ്പാ ശക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സഭയുടെ ഹൃദയം സ്വാഭാവികമായും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ചേർന്നുനിൽക്കേണ്ടതാണ്. സമൂഹം തള്ളിക്കളയുന്നവരോട് സഭ ഐക്യപ്പെടുന്നു. സഭയുടെ കേന്ദ്രസ്ഥാനത്ത് തന്നെ ദരിദ്രർക്ക് സ്ഥാനമുണ്ട്. ദരിദ്രനായി മാറുകയും ദരിദ്രരോട് എപ്പോഴും ചേർന്നുനിൽക്കുകയും ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസമാണ് സമൂഹത്തിലെ ഏറ്റവും ഉപേക്ഷിക്കപ്പെട്ടവരുടെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ദരിദ്രരുടെ നിലവിളി കേൾക്കുക എന്നത് ഏതാനും ചിലർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള ദൗത്യമല്ല, മറിച്ച് ഓരോ വിശ്വാസിയുടെയും ഉള്ളിൽ ദൈവിക കൃപയാൽ രൂപപ്പെടേണ്ട ഒരു അനിവാര്യതയാണ്. എന്നാൽ ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും കൂട്ടായ്മകളും  പൊതുനന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും ദരിദ്രരുടെ സംരക്ഷണത്തിൽ നിന്നും വിട്ടുനിൽക്കുന്നത് കാണാം. മതം എന്നത് ഒരു സ്വകാര്യ യാഥാർഥ്യം അല്ലെന്നും, മറിച്ച്  വിശ്വാസികൾക്ക്  സമൂഹത്തിലെ പ്രശ്നങ്ങളിലും സഹോദരങ്ങളുടെ പ്രയാസങ്ങളിലും വലിയ പങ്കുണ്ടെന്നു നാം തിരിച്ചറിയണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്ന ഏതൊരു ക്രൈസ്തവ സമൂഹവും, ദരിദ്രരുടെ അന്തസ്സിനും അവരുടെ ഉൾപ്പെടുത്തലിനും (Inclusion) വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ആ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രബോധനം മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നത് കൊണ്ടോ സർക്കാരുകളെ വിമർശിക്കുന്നത് കൊണ്ടോ മാത്രം ഒരു സഭ ജീവസ്സുറ്റതാകില്ല. ദരിദ്രരെ അവഗണിക്കുന്ന സമൂഹങ്ങൾ ആത്മീയ ലൗകികതയിൽ  മുങ്ങിപ്പോകും. ഫലശൂന്യമായ മതപരമായ ചടങ്ങുകളും അർത്ഥശൂന്യമായ പ്രസംഗങ്ങളും ഒത്തുചേരലുകളും കൊണ്ട് ഈ ശൂന്യത മറച്ചുപിടിക്കാൻ അവർ ശ്രമിച്ചേക്കാം. എന്നാൽ ദരിദ്രർക്കുവേണ്ടിയുള്ള പ്രായോഗികമായ പ്രവർത്തനങ്ങളുടെ അഭാവം സഭയുടെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുന്നുവെന്നു ശക്തമായി പാപ്പാ മുന്നറിയിപ്പ് നൽകുന്നു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടവും ഭൗതികമായ സഹായങ്ങളും മാത്രം പോരാ, ദരിദ്രർ നേരിടുന്ന ഏറ്റവും വലിയ വിവേചനം അവർക്ക് ആത്മീയമായ പരിഗണന ലഭിക്കുന്നില്ല എന്നതും കൂടിയാണ്. ദരിദ്രരോടുള്ള മമത എന്നത് പ്രാഥമികമായി അവർക്ക് നൽകേണ്ട ആത്മീയവും മതപരവുമായ മുൻഗണനയാണ്. എന്നാൽ പലപ്പോഴും നമ്മുടെ മുൻവിധികൾ ഇതിന് തടസ്സമാകാറുണ്ട്. ദരിദ്രരില്ലാത്ത ഒരു സുരക്ഷിത വലയത്തിൽ ജീവിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. നമ്മുടെ ദൗത്യം പ്രാർത്ഥിക്കുന്നതും ശരിയായ ഉപദേശങ്ങൾ നൽകുന്നതുമാണെന്നും സാമൂഹികമായ കാര്യങ്ങൾ സർക്കാരുകൾ നോക്കിക്കൊള്ളുമെന്നും വാദിക്കുന്നവർ സുവിശേഷത്തിന്റെ അന്തസ്സത്തയെ മറക്കുന്നു. കമ്പോളത്തിന്റെ സ്വാതന്ത്ര്യം ദാരിദ്ര്യത്തിന് തനിയെ പരിഹാരം കാണുമെന്ന് ചിന്തിക്കുന്നതും പ്രഭുക്കന്മാർക്കും അധികാരമുള്ളവർക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഇടയത്വ ശുശ്രൂഷകൾ സ്വീകരിക്കുന്നതും വലിയ തെറ്റാണ്. സമ്പന്നരെയും ശക്തരെയും പരിഗണിച്ചാൽ അതിലൂടെ കാര്യക്ഷമമായ പരിഹാരങ്ങൾ കണ്ടെത്താമെന്ന വാദം ലൗകികമായ ചിന്താഗതിയിൽ നിന്ന് ഉദിക്കുന്നതാണ്. ഇത് ഉപരിപ്ലവമായ മാനദണ്ഡങ്ങൾ വെച്ച് യാഥാർത്ഥ്യത്തെ കാണുന്ന രീതിയാണ്. അമാനുഷികമായ ദൈവിക പ്രകാശത്തിന്റെ അഭാവമാണ് ഇത്തരം ചിന്താഗതികളിൽ തെളിയുന്നത്. സ്വന്തം സൗകര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഈ ശൈലി ക്രിസ്തുവിന്റെ സുവിശേഷത്തിന് വിരുദ്ധമാണെന്നതും പാപ്പാ അടിവരയിട്ടു പറയുന്നു.

അതിനാൽ ഈ പ്രബോധനം  വിരൽ ചൂണ്ടുന്നത് സഭയുടെ അടിസ്ഥാന പ്രേഷിത ദൗത്യത്തിലേക്കാണ്. ദരിദ്രർ വെറും സഹായം സ്വീകരിക്കുന്നവരല്ല, മറിച്ച് നമ്മെ വിശുദ്ധീകരിക്കുന്നവരും നമുക്ക് വഴി കാട്ടുന്നവരുമാണ്. ക്രിസ്തുവിനെ സ്നേഹിക്കുന്നു എന്ന് പറയുന്നവർ അവിടുത്തെ മാംസമായ ദരിദ്രരെ സ്നേഹിക്കാൻ കടപ്പെട്ടവരാണ്. ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും വേർപിരിക്കാനാവാത്തതാണെന്നും ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാത്ത വിശ്വാസം നിർജീവമാണെന്നും പാപ്പാ തന്റെ വാക്കുകളിലൂടെ  വ്യക്തമാക്കുന്നു. ലൗകികമായ സുരക്ഷിതത്വങ്ങളിൽ നിന്ന് പുറത്തുകടന്ന് ദരിദ്രരുടെ വേദനകളിൽ പങ്കുചേരുമ്പോൾ മാത്രമാണ് സഭ അതിന്റെ യഥാർത്ഥ സ്വത്വം കണ്ടെത്തുന്നത്. അഹങ്കാരവും മുൻവിധികളും വെടിഞ്ഞ് ദരിദ്രരെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് സ്വീകരിക്കാൻ ഈ പ്രബോധനം ഓരോ വിശ്വാസിയെയും ആഹ്വാനം ചെയ്യുന്നു. ദരിദ്രരുടെ നിലവിളി കേൾക്കാത്ത ഒരു സഭയ്ക്ക് ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയില്ലെന്ന വലിയ സത്യമാണ് ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 14:15