സുഭാഷിതങ്ങൾ 23 സുഭാഷിതങ്ങൾ 23 

പരസ്പരബന്ധങ്ങളിലും പ്രവൃത്തികളിലും ഉണ്ടാകേണ്ട വിവേകവും മാതൃകാപരമായ ജീവിതവും

വചനവീഥി: സുഭാഷിതങ്ങൾ ഇരുപത്തിമൂന്നാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗുരുജനങ്ങളുടെയും മാതാപിതാക്കളുടെയും വാക്കുകളിലും ഭാവത്തിലും, യുവജനങ്ങൾക്കും ജ്ഞാനം കുറഞ്ഞവർക്കും വേണ്ടിയുള്ള ജീവിതോപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന സോളമന്റെ ജ്ഞാനോപദേശങ്ങളുൾക്കൊള്ളുന്ന സുഭാഷിതങ്ങളുടെ ഗ്രന്ഥത്തെക്കുറിച്ചുള്ള വിചിന്തനത്തിൽ ഇരുപത്തിമൂന്നാം അദ്ധ്യായമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഈ ഗ്രന്ഥത്തിന്റെ ആമുഖഭാഗത്തിനും (1 - 9), സോളമന്റെ സൂക്തങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം ഭാഗത്തിനും (10 - 22,16) ശേഷം വരുന്നതും, ഇരുപത്തിരണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ തുടങ്ങി ഇരുപത്തിനാലാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ അവസാനിക്കുന്നതുമായ “ജ്ഞാനികളുടെ സൂക്തങ്ങൾ” എന്ന ഭാഗത്താണ് ഈ അദ്ധ്യായമുള്ളത്. മുൻ അദ്ധ്യായങ്ങളിലേതുപോലെ, ഇവിടെയും വ്യത്യസ്തങ്ങളായ ചിന്തകളാണ് നമുക്ക് കാണാനാകുക. ഭക്ഷണമേശയിൽ കാത്തുസൂക്ഷികേണ്ട വിവേകം, സമ്പത്തിനോടുള്ള അത്യാർത്തി, കുട്ടികൾക്ക് നൽകേണ്ട ശിക്ഷണവും പരിശീലനങ്ങളും, വീഞ്ഞുൾപ്പെടെ, മദ്യത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കരുതൽ, സ്ത്രീപുരുഷബന്ധത്തിലുണ്ടാകേണ്ട വീണ്ടുവിചാരങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച ഉദ്ബോധനങ്ങളാണ് ഈ അദ്ധ്യായം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഭക്ഷണമേശയും വിവേകവും

ആമുഖമായി കണ്ടതുപോലെ ഇരുപത്തിമൂന്നാം അദ്ധ്യായം, മറ്റ് സുഭാഷിത അദ്ധ്യായങ്ങൾ പോലെ, വ്യത്യസ്തങ്ങളായ ചിന്തകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ ഒന്നാമത്തേത് ഭക്ഷണമേശയുമായി ബന്ധപ്പെട്ട ചില ഉപദേശങ്ങളാണ്. മുപ്പത്തിയഞ്ച് വാക്യങ്ങൾ മാത്രമുള്ള ഈ അദ്ധ്യായത്തിൽ ഇത് പലവുരു അവർത്തിക്കപ്പെടുന്നുമുണ്ട്. ഭക്ഷണമേശയിലെ വിവേകവും അച്ചടക്കവും ഒരുവന്റെ മാന്യതയും മഹിമയും അവനുലഭിച്ച പരിശീലനവും ശിക്ഷണവും വെളിപ്പെടുത്തുന്നതാണെന്ന ബോധ്യത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഈ ഉപദേശങ്ങളെ നമുക്ക് മനസ്സിലാക്കാനാകും. ഭരണാധിപനോപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ (1) മേശയിൽ വിളമ്പപ്പെട്ടത് എത്ര വിശിഷ്ടമായ വിഭവമാണെകിലും, നീ എത്ര ഭക്ഷണക്കൊതിയനാണെങ്കിലും ആത്മനിയന്ത്രണം പാലിക്കുകയെന്ന (2) ഒരു ചിന്തയാണ് ജ്ഞാനികൾ ആദ്യ വാക്യങ്ങളിൽ പങ്കുവയ്ക്കുന്നത്. നിന്റെ നിയന്ത്രണമില്ലായ്മ, വിവേകമില്ലായ്മ നിന്നെ ചതിച്ചേക്കാമെന്ന് വചനം (3) ഓർമ്മിപ്പിക്കുന്നു. ഒരുക്കപ്പെടുന്ന മേശകൾക്ക് പിന്നിൽ പലതരം വ്യക്തികളും മനോഭാവങ്ങളുമുണ്ടെന്ന്, ഔദാര്യതയ്ക്ക് പകരം, കണക്കുകൾ സൂക്ഷിക്കുന്ന പിശുക്കന്മാരുടെയും ആത്മാർത്ഥതയില്ലാത്തവരുടെയും മേശകൾക്ക് മുന്നിൽ കൂടുതൽ വിവേകമുണ്ടാകണമെന്ന്, കൊതിയരുതെന്ന് പഠിപ്പിക്കുന്ന ജ്ഞാനം, അല്ലെങ്കിൽ കഴിച്ചവ ഛർദ്ദിച്ചുകളയേണ്ടിവരുമെന്നും, നിന്റെ നല്ല വാക്കുകൾ പാഴായിപ്പോകുമെന്നും ഉപദേശിക്കുന്നു (6-8). അമിതഭക്ഷണം അരുതെന്നും, ഭോജനപ്രിയം ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും (20-21) വചനം ഓർമ്മിപ്പിക്കുന്നുണ്ട്. അമിതവും, അർഹതയില്ലാത്തതുമായ രുചിപരീക്ഷണം ദുഃഖകാരണമായേക്കാമെന്ന (29-30) ചിന്തയും ഈ അദ്ധ്യായം പങ്കുവയ്ക്കുന്നുണ്ട്.

സമ്പത്തിനോടും മണ്ണിനോടുമുള്ള അത്യാർത്തി

സമ്പത്ത് ദൈവദാനമാണെന്ന ചിന്ത മുന്നോട്ടുവയ്ക്കുന്ന തിരുവചനം പക്ഷെ, അതിനോടുള്ള അത്യാർത്തിയും, അതുമൂലമുള്ള തിന്മകളും ഒഴിവാക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈയൊരു ചിന്തയുടെ തുടർച്ചയാണ്, സമ്പത്ത് നേടാൻ വേണ്ടിയുള്ള അമിതാധ്വാനം അരുതെന്നും, അതിൽ നിന്ന് വിവേകപൂർവ്വം ഒഴിഞ്ഞുമാറണമെന്നുമുള്ള (4) ഈ അദ്ധ്യായത്തിലെ ഉപദേശം. സമ്പത്തിന്റെ ക്ഷണികതയെയും നിസ്സാരതയെയും അസ്ഥിരതയെയും കുറിച്ച് ഈ അദ്ധ്യായം പഠിപ്പിക്കുന്നത്, കണ്ണുവയ്ക്കുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന ഒന്നായും, കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്ക് പറന്നുപോകുന്ന (5) ഒന്നായും അതിനെ അവതരിപ്പിച്ചുകൊണ്ടാണ്. അതിർത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കൈയ്യേറുകയോ ചെയ്യരുതെന്ന് (10), ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ ഉദ്ബോധനത്തിന്റെ തുടർച്ചയെന്നോണം (22, 28) ജ്ഞാനം ഇവിടെയും ഉപദേശിക്കുന്നുണ്ട്. കാരണം അവരുടെ സംരക്ഷകനായ ദൈവം ശക്തനാണ്, അവൻ അവർക്കായി വാദിക്കുന്നു (11).

മാതാപിതാക്കളും ഗുരുജനങ്ങളും കുട്ടികളുടെ ജീവിതവും

ജ്ഞാനം സ്വന്തമാക്കി ജീവിക്കാനും, മക്കൾക്കും യുവജനങ്ങൾക്കും ശരിയായ ശിക്ഷണം നൽകാനും ഉപദേശിക്കുന്ന സുഭാഷിതഗ്രന്ഥത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് പോകുന്ന ചില ഉദ്ബോധനങ്ങളാണ് പന്ത്രണ്ട് മുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്. പ്രബോധനത്തിലും വിജ്ഞാനം നിറഞ്ഞ വചനങ്ങളിലും ശ്രദ്ധയർപ്പിക്കാനും (12) ആവശ്യമെങ്കിൽ കുട്ടികളെ വടിയെടുത്തുപോലും ശിക്ഷിക്കാനും (13) ഉപദേശിക്കുന്ന സുഭാഷിതം, അതുവഴി അവന്റെ ജീവനെ നീ പാതാളത്തിൽനിന്ന് രക്ഷിക്കുകയാണെന്ന് (14) ഓർമ്മിപ്പിക്കുന്നുണ്ട്. ജ്ഞാനം സ്വന്തമാക്കിയാൽ ഹൃദയം, ജീവിതം സന്തോഷപൂർണ്ണമാകുമെന്ന് പഠിപ്പിക്കുന്ന പിതാവ് (15), മകന്റെ നീതിപൂർവ്വമുള്ള സംഭാഷണം തന്റെ ഹൃദയത്തിന് ആനന്ദമേകുമെന്ന് (16) പറയുന്നുണ്ട്. പാപികളെ നോക്കി അസൂയപ്പെടാതെ, ദൈവഭക്തിയിൽ ഉറച്ചുനിന്നാൽ പ്രതീക്ഷാനിർഭരമായ ഒരു ഭാവിയുണ്ടാകുമെന്ന് (17-18) ഉദ്ബോധിപ്പിക്കുന്ന പിതാവ്, വിവേകം പുലർത്തി, മനസ്സിനെ നല്ല വഴിക്ക് നയിക്കാൻ ആവശ്യപ്പെടുന്നു (19).

മക്കളിലെ നന്മയും അവരുടെ വിവേകപൂർവ്വമായ പെരുമാറ്റവും പിതൃപുത്രബന്ധത്തിലും, സാമൂഹികജീവിതത്തിലും പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്ന ചില ചിന്തകളും ഈ അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നുണ്ട്. ജന്മം നൽകിയ പിതാവിനെ അനുസരിക്കാൻ ക്ഷണിക്കുന്ന വചനം, വൃദ്ധയായ അമ്മയെ നിന്ദിക്കരുതെന്ന് ഉപദേശിക്കുന്നുണ്ട് (22). നീതിമാന്റെ പിതാവ് അത്യധികം ആഹ്ളാദിക്കുമെന്നും, ജ്ഞാനിയായ പുത്രനിൽ അവൻ സന്തുഷ്ടി കണ്ടെത്തുമെന്നും (24) ഗുരുസ്വരത്തിലുരുളുന്ന വചനം, മാതാപിതാക്കൾക്ക് സന്തോഷവും പെറ്റമ്മയ്ക്ക് ആഹ്ളാദവും നൽകുന്ന രീതിയിൽ ജീവിക്കാൻ (25) ആവശ്യപ്പെടുന്നുണ്ട്. പിതാവിന്റെ ഉപദേശങ്ങൾ ഹൃദയപൂർവ്വം ശ്രവിച്ച്, അവന്റെ മാർഗ്ഗം അനുവർത്തിക്കാനും വചനം ആവശ്യപ്പെടുന്നു (26).

ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം

ഭാര്യാഭർത്തൃബന്ധത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കുന്ന വചനം, സ്ത്രീപുരുഷബന്ധത്തിലുണ്ടാകേണ്ട മുൻകരുതലുകൾ സംബന്ധിച്ച ചിന്തകളും യുവജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. "വേശ്യ ഒരു അഗാധ ഗർത്തമാണ്, സ്വൈരിണി ഇടുങ്ങിയ ഒരു കിണറും. അവൾ കവർച്ചക്കാരനെപ്പോലെ പതിയിരിക്കുന്നു; പുരുഷന്മാരുടെ ഇടയിൽ അവിശ്വസ്തരുടെ എണ്ണം വർദ്ധിപ്പിക്കുന്നു" (27-28) എന്നീ വാക്യങ്ങളിലൂടെ പാപകരമായ ബന്ധങ്ങളുടെ കെണിയെക്കുറിച്ചാണ് വചനം ഓർമ്മിപ്പിക്കുന്നത്. വിശ്വസ്തതയില്ലാത്ത ജീവിതമെന്ന തിന്മയെക്കുറിച്ചുകൂടിയാണ് ജ്ഞാനികൾ ഇവിടെ മുന്നറിയിപ്പ് നൽകുന്നത്.

വീഞ്ഞും മദ്യാസക്തിയും ജീവിതവും

അമിതമായി വീഞ്ഞ് കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നതിനെ (20) നിരുത്സാഹപ്പെടുത്തുന്ന വചനം, വീഞ്ഞിന്റെ കൂടിയ ഉപയോഗം ജീവിതം ദുരിതവും ദുഃഖവും കലഹവും ആവലാതിയും അകാരണമായ മുറിവുകളും നിറഞ്ഞതാക്കുമെന്ന് (29).ഉദ്ബോധിപ്പിക്കുന്നുണ്ട്. ചഷകങ്ങളിൽ ചുവന്നൊഴുകുന്ന വീഞ്ഞ് (31) പാമ്പിനെപ്പോലെ വിഷമേൽപ്പിക്കുന്നതാണെന്ന് (32) ഓർമ്മിപ്പിക്കുന്ന സുഭാഷിതം, വിചിത്രമായ കാഴ്ചകൾ കാണാനും, വികടത്തം സംസാരിക്കാനും (33) അത് കാരണമാകുമെന്ന്, അതായത് ശരിയായ ബോധ്യങ്ങളിലും വിവേകപൂർവ്വമായ പ്രവൃത്തികളിലും നിന്ന് നമ്മെ അത് അകറ്റിക്കളയുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മദ്യത്തിന്റെ ഉപയോഗം ജീവിതത്തിലുണ്ടാകുന്ന പരിണിതഫലങ്ങൾ ഗുരുതരമായിരിക്കുമെന്ന് വിവിധ ഉപമകളിലൂടെ വചനം പറഞ്ഞുതരുന്നുണ്ട്. "നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും" (34). മദ്യത്തിന്റെ അമിത ഉപയോഗം വിവേകവും വിവേചനശക്തിയും ഇല്ലാതാക്കിക്കളയുമെന്ന് അടിവരയിട്ട് പറയാനായി, മദ്യത്തിന്റെ അടിമത്തത്തിൽ, മറ്റുള്ളവരുടെ അടിയും പ്രഹരവും തിരിച്ചറിയാനാകാത്തവിധം (35), ജീവിതത്തിലെ തോൽവികളെ തിരിച്ചറിയാനാകാത്തവിധം, നാം ബുദ്ധി നശിച്ചവരായിപ്പോകുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.

ഉപസംഹാരം

ജീവിതത്തിൽ ഒരുവൻ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെയും, ഒഴിവാക്കേണ്ട തിന്മകളെയും കുറിച്ച് തിരുവചനം പൊതുവിലും, സുഭാഷിതങ്ങളുടെ പുസ്തകം പ്രത്യേകമായ രീതിയിലും മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങളെയും ബോധ്യങ്ങളെയും കുറിച്ചുള്ള വിചിന്തനത്തിന്റെ ഭാഗമായി, ഈ ഇരുപത്തിമൂന്നാം അദ്ധ്യായം മുന്നോട്ട് വയ്ക്കുന്ന ചിന്തകളിലൂടെ കൂടുതൽ ആഴത്തിലും വ്യക്തതയിലും കടന്നുപോയ നമുക്കും, ഈ വചന ഉദ്ബോധനങ്ങൾക്ക് മുന്നിൽ വിവേകമുള്ള മക്കളുടെയും, വിജ്ഞാനം തേടുന്ന ശിഷ്യരുടെയും മനോഭാവം സ്വന്തമാക്കി ജീവിക്കാം. മാതാപിതാക്കൾക്കും സമൂഹത്തിനും, സന്തോഷത്തിനും ആഹ്ളാദത്തിനും കാരണമാകുന്ന വിധത്തിൽ, മൂല്യാധിഷ്ടിതമായ രീതിയിൽ, ജീവിക്കാം. അധികമായ അന്നത്തിനും സമ്പത്തിനും വേണ്ടിയുള്ള ത്വര വെടിഞ്ഞ്, പാപകരമായ ബന്ധങ്ങളിൽനിന്നകന്ന്, ആസക്തികളിൽനിന്ന് മോചിതരായി, ആരോഗ്യകരവും മാതൃകാപരവും വിശുദ്ധവുമായ ഒരു ജീവിതശൈലി സ്വന്തമാക്കി ജീവിക്കാം. നമ്മുടെ ജീവിതങ്ങൾ സമൂഹത്തിന് മുന്നിൽ വിശ്വസനീയമായ സാക്ഷ്യങ്ങളും അമൂല്യമായ ഉദ്ബോധനങ്ങളുമായി മാറട്ടെ. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2026, 15:46