പരിശുദ്ധാത്മാവിന്റെ വരദാനങ്ങളുപയോഗിച്ച് ജീവിതം നയിക്കുക പരിശുദ്ധാത്മാവിന്റെ വരദാനങ്ങളുപയോഗിച്ച് ജീവിതം നയിക്കുക 

നിർമ്മിതബുദ്ധിയുടെ ഉപയോഗവും ജ്ഞാനമെന്ന പരിശുദ്ധാത്മദാനവും

നിർമ്മിതബുദ്ധിയുടെ ചരിത്രവും ഈ സാങ്കേതികത മുന്നോട്ടു വയ്ക്കുന്ന സാധ്യതകളുടെയും പ്രതിസന്ധികളുടെയും മുന്നിൽ സഭയുടെ ഉദ്ബോധനങ്ങൾ, പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്ക് ജീവിതത്തിലുള്ള പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയ വിചിന്തനം.
ശബ്ദരേഖ

ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി

അഗ്നിനാവുകളായി ശിഷ്യസമൂഹത്തിനു മേൽ, ക്രിസ്തുവാഗ്ദാനവും സഹായകനുമായ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന അഭിഷേകദിനമാണ് പെന്തക്കോസ്തി തിരുനാൾ. ഭയം മൂലം അടച്ചിട്ട വാതിലുകൾക്കുള്ളിൽ നിന്നും ധൈര്യത്തിന്റെയും, സത്യത്തിന്റെയും, സാക്ഷ്യത്തിന്റെയും സമൂഹമായി തിരുസഭ ഔദ്യോഗികമായി പിറവിയെടുത്ത മഹത്തായ ദിനം കൂടിയാണിന്ന്. സകലത്തെയും പൂർത്തിയാക്കുന്നതും പുതുതാക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ സ്വീകരണത്തിനായി തിരുസഭ തന്നെത്തന്നെ പുനഃപ്രതിഷ്ഠിക്കുന്ന അവസരവും ഇതുതന്നെയാണ്. നിർമ്മിത ബുദ്ധി, ജീനോം എഡിറ്റിംഗ്, റോബോട്ടിക്സ്, ഡിജിറ്റൽ സംസ്കാരം, ഡാറ്റാ നിയന്ത്രണം തുടങ്ങിയവ മനുഷ്യജീവിതത്തെ പുനർനിർവചിക്കുന്ന ആനുകാലിക ലോകത്തിലാണ് ഈ പുനഃസമർപ്പണം നടക്കുന്നത്, വിപ്ലവാത്മകമായ സാങ്കേതികതയും വിവേചനരഹിതമായ ബുദ്ധിയും കൈകോർക്കുന്ന ഈ കാലത്ത്, നവീകരണത്തിന്റെ ആത്മശക്തി മനുഷ്യജീവിതത്തിന്റെ സന്തുലനത്തിനും സമാധാനത്തിനും അത്യന്താപേക്ഷിതമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ കർത്താവും ജീവദായകനും (Dominum et Vivificantem) എന്ന തന്റെ ചാക്രികലേഖനത്തിൽ മനുഷ്യന്റെ ഉള്ളിലെ ഇരുട്ടിനെ വെളിച്ചമാക്കുകയും, പാപബോധത്തിലൂടെ മനുഷ്യനെ ദൈവത്തിലേക്കു തിരികെ നയിക്കുകയും ചെയ്യുന്നവനാണ് പരിശുദ്ധാത്മാവെന്നു സ്പഷ്ടമായി പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പെന്തക്കോസ്ത അനുഭവം ഒരു സംഭവത്തിന്റെയോ, അനുഭവത്തിന്റെയോ ഓർമ്മ മാത്രമല്ല; മറിച്ച് ആത്മീയ വിവേകത്തിലൂടെയും നീതിപൂർവമായ  ഉത്തരവാദിത്വത്തിലൂടെയും വിമലീകരിക്കപ്പെട്ട മനഃസാക്ഷിരൂപീകരണത്തിലേക്കുള്ള വിളിയാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'സഭ ആധുനിക ലോകത്തിൽ' എന്ന അജപാലന രേഖയിൽ, സഭ എന്നത് ലോകത്തിന്റെ സന്തോഷവും പ്രതീക്ഷകളും ഉത്കണ്ഠകളും ഒരുപോലെ പങ്കിടുന്ന സമൂഹമാണെന്ന് പഠിപ്പിക്കുന്നു. "മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഒന്നും സഭയുടെ ഹൃദയത്തിൽ പ്രതിധ്വനിക്കാതിരിക്കുകയില്ല" എന്ന കൗൺസിലിന്റെ വാക്കുകൾ ഇന്നത്തെ നിർമ്മിത ബുദ്ധിയുടെ യുഗത്തിലും അത്യന്തം പ്രസക്തമാണ്. ഈ പശ്ചാത്തലത്തിൽ "മാഞ്ഞിഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന തലക്കെട്ടിൽ, 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനം, മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളിൽ അതിവേഗം ഇടപെടുന്ന പരിശുദ്ധാത്മകൃപയുടെ അനന്യമായ സാക്ഷ്യമാണ്. സാങ്കേതികവിദ്യ സ്വതവേ മനുഷ്യലോകത്തിന് പൊതുവിൽ  ദോഷകരമല്ല. എന്നാൽ തീർത്തും വസ്തുനിഷ്ടവും വിവേചനരഹിതവുമായ രീതിയിലുള്ള സാങ്കേതികശാസ്ത്രത്തിന്റെ ഉപയോഗം, മനുഷ്യനെ വെറും ഉപകരണമായി മാത്രം കാണാൻ തുടങ്ങുമ്പോൾ വലിയ അപകടങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഈ  പെന്തക്കോസ്തി തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നത്: മനുഷ്യന്റെ ഭാവിയെയും ചിന്തകളെയും നിയന്ത്രിക്കേണ്ടത് യന്ത്രവത്‌കൃതമോ നിർമ്മിതമോ ആയ ബുദ്ധിയല്ല, പരിശുദ്ധാത്മാവിന്റെ നിർമ്മലമായ ജ്ഞാനമാണെന്നാണ്.

1950-ൽ ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ ട്യൂറിംഗ് യന്ത്രങ്ങൾ “ചിന്തിക്കുമോ?” എന്ന ചോദ്യത്തോടെ അവതരിപ്പിച്ച 'ട്യൂറിംഗ് ടെസ്റ്റ്'  (Turing Test) എന്ന ആശയത്തിൽ നിന്നാണ്, മനുഷ്യനെപ്പോലെ പ്രതികരിക്കാൻ കഴിയുന്ന യന്ത്രബുദ്ധിയുടെ സാധ്യതയെ പഠിക്കാൻ ആരംഭിച്ചത്. തുടർന്ന്, അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ മാക്‌കാർത്തി 'നിർമ്മിത ബുദ്ധി' (Artificial Intelligence) എന്ന പദം ഔദ്യോഗികമായി ഉപയോഗിച്ചു. മനുഷ്യബുദ്ധി ആവശ്യമായ പ്രവർത്തനങ്ങൾ യന്ത്രങ്ങളാൽ നിർവഹിക്കുന്ന ശാസ്ത്രശാഖയെയാണ് അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് വിശേഷിപ്പിച്ചത്. ഇന്ന്, ഡാറ്റയിൽ നിന്ന് പഠിച്ച് സ്വയം അനുമാനങ്ങളിലേക്കെത്താനും മനുഷ്യബുദ്ധിയെ അനുകരിക്കാനും കഴിയുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളെയാണ് നിർമ്മിത ബുദ്ധി അഥവാ എ.ഐ എന്നു പറയുന്നത്. ദൈനദിനജീവിതത്തിൽ അദ്‌ഭുതകരമായ മാറ്റങ്ങൾക്കും വളർച്ചയ്ക്കും ഈ സാങ്കേതികവിദ്യ കാരണമായിട്ടുണ്ട്. രോഗനിർണയം മുതൽ വിദ്യാഭ്യാസം വരെ അതിന്റെ പ്രയോജനങ്ങൾ അനവധിയാണ്. പക്ഷേ, മനുഷ്യാത്മാവിനെയും മനുഷ്യാന്തസ്സിനേയും മറക്കുന്ന രീതിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുമ്പോൾ അത് പുതിയ അടിമത്തങ്ങളും പ്രതിസന്ധികളും  ലോകത്തിൽ സൃഷ്ടിക്കുന്നു.

സാങ്കേതികതയ്ക്കും ശാസ്ത്രത്തിനും അമിതപ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിൽ, മനുഷ്യർ അക്കങ്ങളായി ചുരുങ്ങുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പല പ്രസംഗങ്ങളിലും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ അടിമത്തം, വ്യാജവാർത്തകൾ, ഡീപ്‌ഫേക്ക് സംസ്കാരം, സ്വകാര്യതയുടെ നഷ്ടം, ഡാറ്റാ ചൂഷണം എന്നിവ ഇന്ന് മനുഷ്യന്റെ ആന്തരിക സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. “ദൈവത്തെ നിഷേധിക്കുന്ന 'വസ്തുവാദ സംസ്കാരം' ലോകത്തിൽ മനുഷ്യനെ ആത്മാവില്ലാത്ത സൃഷ്ടിയാക്കി മാറ്റുന്നുവെന്ന് 'കർത്താവും ജീവദായകനും' എന്ന ചാക്രിക ലേഖനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു, മനുഷ്യനെ വെറും ഉത്പാദനശേഷിയുടെയും ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുമ്പോൾ, മനുഷ്യനിലെ ദൈവീക ഛായയും സാദൃശ്യവും അവഗണിക്കപ്പെടുന്നു. അതിനാൽ ഒരു യന്ത്രത്തിനും മനുഷ്യജീവിതത്തിന്റെ മഹത്വത്തെ പകരം വയ്ക്കാൻ കഴിയില്ല. മനുഷ്യസ്വത്വത്തിലെ ആത്മീയബോധം, വിശ്വാസം, വിവേകം, സ്നേഹം, കരുണ, എന്നിവയെ ഒരു അൽഗോരിതത്തിനും പൂർണ്ണമായി അനുകരിക്കാൻ സാധിക്കില്ല. നിർമ്മിത ബുദ്ധി മനുഷ്യജീവിത വികാസത്തിന് ഭീഷണിയല്ല, മറിച്ച്, മനുഷ്യന്റെ ആത്മബോധത്തിന്റെയും ധാർമ്മികബോധ്യങ്ങളുടെയും ക്ഷയത്തിന് കാരണമാകുന്നു എന്നതാണ് ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുന്നത്. മനുഷ്യൻ ദൈവത്തെ മറന്ന് സ്വന്തം സൃഷ്ടികളിൽ രക്ഷ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ബാബേൽ ഗോപുരത്തിന്റെ ചരിത്രം ആവർത്തിക്കപ്പെടുന്നു. അതിനാൽ പെന്തക്കോസ്തി തിരുനാൾ നമ്മെ വീണ്ടും എളിമയോടെയുള്ള ആത്മപരിശോധനയിലേക്ക് ക്ഷണിക്കുന്നു.

ഭയത്തിലും ദുഃഖത്തിലുമായിരുന്ന ശിഷ്യന്മാരെ ദൈവവചനത്തിന്റെ പ്രഘോഷകരും പ്രാപ്തിയുള്ള അജപാലകരുമാക്കിത്തീർത്തത് അവരിൽ വർഷിക്കപെട്ട പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ മുഖേനെയാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്ന (1831),  പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങൾ  ജ്ഞാനം, വിവേകം, ഉപദേശം, ധൈര്യം, വിജ്ഞാനം, ഭക്തി, ദൈവഭയം (ഏശയ്യാ 11:2-3) എന്നിവയാണ്. ഇന്നത്തെ ലോകത്തിൽ വിവേചനപൂർണ്ണമായ തിരഞ്ഞെടുപ്പുകൾക്കും വിവേകപൂർണ്ണമായ ജീവിതത്തിനും അത്യാവശ്യമായ ആത്മീയ ആയുധങ്ങളാണിവ. ഈ ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജ്ഞാനമാണ്. കാരണം, സകലതും രൂപപ്പെടുത്തുന്നതും (ജ്ഞാനം:7:22), ദൈവഹിതം വിവേചിച്ചറിയാൻ ഉന്നതത്തിൽ നിന്ന് നല്കപ്പെടുന്നതുമായ (ജ്ഞാനം:9:17) ജ്ഞാനത്തിന്റെ സൃഷ്ടാവ് ദൈവമാണ്. നിർമ്മലമായ ജ്ഞാനം ദൈവത്തിൽ നിന്നുള്ളതാണ്. ഈ ജ്ഞാനം മനുഷ്യനെ സത്യത്തിലേക്കും നന്മയിലേക്കും നീതിയിലേക്കും നയിക്കുന്നു. മനുഷ്യന്റെ മഹത്വം തിരിച്ചറിയാനും മറ്റുള്ളവരെ സ്നേഹിക്കാനും ദൈവഹിതം അനുസരിച്ച് ജീവിക്കാനും ജ്ഞാനം സഹായിക്കുന്നു. അതുകൊണ്ടുതന്നെ ജ്ഞാനം ഒരു സാങ്കേതിക കഴിവല്ല; അത് മനുഷ്യജീവിതത്തെ പ്രകാശിപ്പിക്കുന്ന ദൈവികമായ ഊർജ്ജമാണ്. സോളമൻ രാജാവ് കർത്താവിനോടു ചോദിച്ച് വാങ്ങിയ വരവും ജ്ഞാനം തന്നെയായിരുന്നു - "ഈ ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേകവും എനിക്കു നല്‍കണമേ!". വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു, “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമാണ്” (1 കൊരി 3:19). അതായത് ലോകത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും എത്ര വളർന്നാലും, അത് ദൈവസത്യത്തിൽ നിന്ന് അകന്നാൽ അപൂർണ്ണമാണ്.

ഇന്നത്തെ ലോകത്തിൽ നിർമ്മിത ബുദ്ധി അതിവേഗത്തിൽ വളരുമ്പോൾ ജ്ഞാനം എന്നതും ബുദ്ധി എന്നതും ഒരേ കാര്യമാണോ എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു. നിർമ്മിത ബുദ്ധി, മനുഷ്യന് ദൈവം ദാനമായി നൽകപ്പെട്ട ജ്ഞാനത്തിൽ നിന്നും മനുഷ്യൻ നിർമ്മിച്ചതാണ്. എന്നാൽ ജ്ഞാനം സ്വയംഭൂവും സൃഷ്ടാവുമായ ദൈവത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്. മനുഷ്യബുദ്ധിയുടെ പ്രവർത്തനങ്ങളെ അനുകരിച്ച് ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങൾ എടുക്കാനും മനുഷ്യനാൽ രൂപകൽപ്പന ചെയ്ത ഈ സാങ്കേതിക സംവിധാനങ്ങൾക്ക് കഴിയുമെന്ന് മാത്രം. നിർമ്മിത ബുദ്ധിക്ക് ആത്മാവില്ല, ധാർമ്മികബോധമില്ല, കരുണയില്ല, സ്നേഹമില്ല, പാപബോധമില്ല. അതിന് “എങ്ങനെ ചെയ്യാം?” എന്ന ചോദ്യത്തിന് ഉത്തരമൊരുക്കാൻ കഴിയും; പക്ഷേ “എന്താണ് ശരി?” അല്ലെങ്കിൽ “എന്തിനാണ് ഇത് ചെയ്യേണ്ടത്?” എന്ന ആഴമുള്ള ചോദ്യങ്ങൾക്ക് ആത്മീയമായ മറുപടി നൽകാൻ കഴിയില്ല. ഇവിടെ പരിശുദ്ധാത്മ ദാനമായ ജ്ഞാനം എന്നത് വിവരങ്ങളുടെ സമാഹാരമോ, മനുഷ്യനിയന്ത്രിതമായ പ്രവർത്തനങ്ങളോ അല്ല, ദൈവബന്ധത്തിൽ നിന്ന് ഉദിക്കുന്ന ശരിയായ ജീവിതബോധവും ആത്മീയശക്തിയുമാണ്.

നിർമ്മിത ബുദ്ധിക്ക് മനുഷ്യഭാഷ അനുകരിക്കാനാവും; എന്നാൽ മനുഷ്യഹൃദയത്തിന്റെ വേദന മനസ്സിലാക്കാൻ കഴിയില്ല. ഈ ബുദ്ധിയ്ക്ക് നിയമങ്ങൾ വിശകലനം ചെയ്യാനാവും; പക്ഷേ കരുണ കാണിക്കാനാവില്ല. അത് ഡാറ്റയെ തിരിച്ചറിയും; പക്ഷേ ആത്മാവിനെ തിരിച്ചറിയില്ല. നിർമ്മിത ബുദ്ധി മനുഷ്യനെപ്പോലെ സംസാരിച്ചാലും മനുഷ്യനെപ്പോലെ സ്നേഹിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇവ തമ്മിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമാകുന്നത്. ഇന്നത്തെ ലോകത്തിൽ നിർമ്മിതബുദ്ധി വഴി സൃഷ്ടിക്കുന്ന വ്യാജവാർത്തകളും കൃത്രിമ ചിത്രങ്ങളും വീഡിയോകളും മനുഷ്യരെ ഏറെ ആശയകുഴപ്പത്തിലാക്കുന്നതാണ്. പരിശുദ്ധാത്മാവിന്റെ ദാനമായ വിവേകം,  സത്യവും അസത്യവും വേർതിരിക്കാനുള്ള അന്തർദർശനം നൽകുന്നു. മനുഷ്യകുലത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കാൻ ആത്മാവിന്റെ ഉപദേശം ഇക്കാലത്ത് അനിവാര്യമാണ്. വിശ്വാസത്തെ വെല്ലുവിളിക്കുന്ന നിർമ്മിതബുദ്ധിയുടെ ലോകത്ത് സത്യത്തിനുവേണ്ടി നിലകൊള്ളാൻ ആത്മദാനമായ ധൈര്യം അനിവാര്യമാണ്. യന്ത്രങ്ങളുടെ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന മനുഷ്യൻ ദൈവത്തിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നുപോകുകയാണ്. ഭക്തിയുടെ ദാനം മനുഷ്യനെ ബന്ധങ്ങളുടെ വിശുദ്ധിയിലേക്കു തിരിച്ചുകൊണ്ടുവരുന്നു. ദൈവഭയം എന്നത് ശിക്ഷയെക്കുറിച്ചുള്ളതല്ല; മറിച്ച് സാങ്കേതിക വിദ്യയുടെ ഈ കാലത്ത്, ദൈവീകമായ രക്ഷയിലേക്ക് മനുഷ്യനെ നയിക്കുന്ന  ബോധമാണ്.

ലിയോ പതിനാലാമൻ മാർപാപ്പ നിർമ്മിത ബുദ്ധി മനുഷ്യജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന പുതിയ “വ്യാവസായികവിപ്ലവം” ആണെന്ന് വിശേഷിപ്പിക്കുകയും, അതിന്റെ നൈതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സഭ ഗൗരവമായി പ്രതികരിക്കേണ്ടതുണ്ടെന്ന് ഓർമ്മപെടുത്തുകയും ചെയ്യുന്നുണ്ട്. സഭ നിർമ്മിത ബുദ്ധിയെ പൂർണ്ണമായി എതിർക്കുന്നില്ല; മറിച്ച് അത് മനുഷ്യാന്തസ്സ്‌, നീതി, തൊഴിൽ, കുടുംബബന്ധങ്ങൾ, കുട്ടികളുടെ സുരക്ഷ, പൊതുനന്മ എന്നിവയെ സംരക്ഷിക്കുന്ന രീതിയിൽ ഉപയോഗിക്കപ്പെടണം എന്നതാണു സഭയുടെ നിലപാട്.

ജീവന്റെ മഹത്വവും അന്തസ്സും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള വത്തിക്കാന്റെ പൊന്തിഫിക്കൽ അക്കാഡമിയുടെ 2020 ലെ “റോം കോൾ ഫോർ എ.ഐ എതിക്സ്” (Rome Call for AI Ethics)  നിർമ്മിത ബുദ്ധിയുടെ വളർച്ചയിൽ സഭയ്ക്കുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുന്ന സുപ്രധാന രേഖയാണ്. “അൽഗോർ-എതിക്സ്” (Algor-ethics) എന്ന ആശയത്തെ മുന്നോട്ടുവെക്കുന്ന ഈ രേഖ, നിർമ്മിത ബുദ്ധി മനുഷ്യജീവിതത്തിനും പൊതുനന്മയ്ക്കും ശുശ്രൂഷ നൽകേണ്ടതാണെന്നും, ലാഭത്തിനോ മനുഷ്യന്റെ തൊഴിൽ അവസരങ്ങളെ നഷ്ടപെടുത്താനോ വേണ്ടി ഉപയോഗിക്കപ്പെടരുതെന്നും വ്യക്തമാക്കുന്നു. കൂടാതെ ഈ രേഖ നിർമ്മിത ബുദ്ധിയുടെ നൈതിക വികസനത്തിനും ഉപയോഗത്തിനുമായി ആറു അടിസ്ഥാന തത്വങ്ങൾ നിർദ്ദേശിക്കുന്നു: സുതാര്യത (Transparency), ഉൾക്കൊള്ളൽ (Inclusion), ഉത്തരവാദിത്തം (Responsibility), നിഷ്പക്ഷത, (Impartiality), വിശ്വാസ്യത (Reliability), സുരക്ഷയും സ്വകാര്യതയും (Security and Privacy) തുടങ്ങിയവയാണവ. 2020 ഫെബ്രുവരി 28-ൽ നടന്ന ഈ സംരംഭത്തിൽ മൈക്രോസോഫ്ട്, ഐ ബി എം, ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടന ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്തു. സാങ്കേതികവിദ്യ, രാഷ്ട്രനേതൃത്വം, സഭ എന്നീ മേഖലകളെ ഒരുമിപ്പിച്ച ഈ സംരംഭത്തിന് അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ട്. വത്തിക്കാന്റെ വിശ്വാസത്തിനുവേണ്ടിയുള്ള കാര്യാലയവും സംസ്കാരം-വിദ്യാഭ്യാസം ഇവയ്ക്കുവേണ്ടിയുള്ള കാര്യാലയവും സംയുക്തമായി പുറത്തിറക്കിയ 'പഴയതും പുതിയതും' (Antiqua et Nova) എന്ന രേഖ, നിർമ്മിത ബുദ്ധിയും മനുഷ്യജ്ഞാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സഭയുടെ പ്രധാന പഠനമാണ്. നിർമ്മിത ബുദ്ധിക്ക് വിവരങ്ങൾ വിശകലനം ചെയ്യാനും മനുഷ്യചിന്തയുടെ ചില ഭാഗങ്ങളെ അനുകരിക്കാനും കഴിയുന്നുവെങ്കിലും, മനുഷ്യന്റെ ആത്മീയത, നൈതിക വിവേചനശേഷി, സത്യാന്വേഷണം, സ്നേഹം, ബന്ധങ്ങൾ, സൃഷ്ടിപരത എന്നിവയ്ക്ക് അത് പകരമാവില്ലെന്നും ഈ രേഖ വ്യക്തമാക്കുന്നു.

ചടുലമായ മാറ്റങ്ങളുമായി ലോകം കുതിക്കുമ്പോഴും മനുഷ്യജീവിതത്തിലെ അടിസ്ഥാന ചോദ്യങ്ങൾ മാറിയിട്ടില്ല: “ഞാൻ ആരാണ്?”, “ജീവിതത്തിന്റെ അർത്ഥം എന്താണ്?”, “സത്യവും നന്മയും എവിടെയാണ്?” എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിർമ്മിത ബുദ്ധിക്ക് കഴിയില്ല എന്നത് വസ്തുതയാണ്. ആ ഉത്തരങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിലൂടെയാണ് മനുഷ്യൻ കണ്ടെത്തുന്നത്. പെന്തക്കോസ്ത നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യസമൂഹം ആത്മാവിനാൽ ജീവിക്കുന്ന സമൂഹമാണെന്നാണ്. യഥാർത്ഥ നവീകരണം സാങ്കേതിക പുരോഗതിയിലൂടെ മാത്രമല്ല; ആത്മീയ പരിവർത്തനത്തിലൂടെയാണ് ലോകത്തിൽ സാധ്യമാകുന്നത്. എന്നാൽ മനുഷ്യഹൃദയത്തെ നവീകരിക്കുവാനും സ്നേഹം, സമാധാനം, നീതി, സത്യം, സാഹോദര്യം ഇവയിലധിഷ്ഠിതമായ വിശ്വനിർമ്മിതി പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ ശരിയായ മനസ്സിലാക്കലിലൂടെയും വിനിയോഗത്തിലൂടെയും മാത്രമേ.മനുഷ്യർക്ക് സാധിക്കൂ. അതിനാൽ, നിർമ്മിത ബുദ്ധിയുടെ ലോകത്ത് നിർമ്മലമായ ജ്ഞാനവും സത്യത്തെ തിരിച്ചറിയാനുള്ള വിവേകവും മനുഷ്യമഹത്വം സംരക്ഷിക്കാനുള്ള ധൈര്യവും നൽകണമേയെന്നു നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മേയ് 2026, 00:40