വത്തിക്കാൻ ചത്വരത്തിൽ നിന്നുള്ള  കാഴ്ച്ച വത്തിക്കാൻ ചത്വരത്തിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

വൈദിക പരിശീലനത്തിന് പുതിയ ദിശാബോധം നൽകാൻ കൊളംബിയൻ സഭയുടെ നീക്കം

ആഗോളതലത്തിൽ വൈദികരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ഭാവി വൈദികരുടെ പരിശീലനവും രൂപീകരണവും കൂടുതൽ കാര്യക്ഷമമാക്കാൻ കൊളംബിയൻ കത്തോലിക്കാ സഭ തീരുമാനിച്ചു. ബൊഗോത്തയിൽ ജൂലൈ 6 മുതൽ 10 വരെ നടക്കുന്ന കൊളംബിയൻ മെത്രാൻ സമിതിയുടെ 121-ാമത് പ്ലീനറി സമ്മേളനത്തിലാണ് ഈ വിഷയം പ്രധാന ചർച്ചയായത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗോളതലത്തിൽ വൈദിക ദൈവവിളിയുടെ വെല്ലുവിളികൾ കണക്കിലെടുത്തുകൊണ്ട്, ഭാവി വൈദികരുടെ പരിശീലനവും രൂപീകരണവും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുന്ന രീതിയിൽ പരിഷ്കരിക്കാൻ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ കത്തോലിക്കാ സഭ തീരുമാനിച്ചു. ബൊഗോത്തയിൽ ജൂലൈ 6 മുതൽ 10 വരെ നടക്കുന്ന കൊളംബിയൻ മെത്രാൻ സമിതിയുടെ 121-ാമത് പ്ലീനറി സമ്മേളനത്തിലാണ്  ഈ വിഷയം പ്രധാന ചർച്ചയായത്. "സിനഡൽ-മിഷനറി കാഴ്ചപ്പാടിൽ വൈദിക പരിശീലനം" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. വെറുമൊരു ഔദ്യോഗിക പരിശീലനത്തിന് അപ്പുറം മാനുഷികം, ആത്മീയം, ബൗദ്ധികം, അജപാലനം എന്നീ നാലു തലങ്ങളിലും ഭാവി വൈദികരെ പക്വതയുള്ളവരാക്കി മാറ്റുകയാണ് സഭയുടെ ലക്ഷ്യം.

സമ്മേളനത്തിൽ തൊണ്ണൂറോളം മെത്രാന്മാർക്ക് പുറമെ സെമിനാരി റെക്ടർമാരും അധ്യാപകരും സന്യാസികളും അല്മായരും പങ്കെടുക്കുന്നുണ്ട്.  മാനുഷികവും ആത്മീയവും ബൗദ്ധികവുമായ പക്വതയുള്ള വൈദികരെ വാർത്തെടുക്കുന്നതിനായി രാജ്യത്തെ വൈദിക പരിശീലന മാർഗ്ഗരേഖയായ 'റാത്സിയോ നാത്സിയോണാലിസ്' (Ratio Nationalis) പരിഷ്കരിക്കാനാണ് സഭ ലക്ഷ്യമിടുന്നത്. ആധുനിക സാമൂഹിക-ഡിജിറ്റൽ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സഭയുടെ മിഷനറി ദൗത്യം കൂടുതൽ കരുത്തുറ്റതാക്കാൻ വൈദിക പരിശീലനം സെമിനാരികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, മറിച്ച് അത് സഭയുടെ മുഴുവൻ കടമയാണെന്നും സമ്മേളനം ഓർമ്മിപ്പിക്കുന്നു.

5.2 കോടി ജനസംഖ്യയുള്ള കൊളംബിയയിൽ ഏകദേശം 4.8 കോടി കത്തോലിക്കരുണ്ടെങ്കിലും നിലവിൽ 9,700 വൈദികർ മാത്രമാണുള്ളത്; അതായത് അയ്യായിരം വിശ്വാസികൾക്ക് ഒരു വൈദികൻ എന്ന പരിമിതമായ തോതിലാണ് നിലവിലെ സേവനം ലഭ്യമാകുന്നത്. ഈ പ്രതിസന്ധി നേരിടാൻ പതിനൊന്നായിരത്തിലധികം സന്യാസിനികളുടെയും അമ്പതിനായിരത്തിലേറെ വേദപാഠ അധ്യാപകരുടെയും എഴുപതിനായിരത്തോളം അല്മായ മിഷനറിമാരുടെയും വലിയൊരു ശൃംഖല സഭയെ സഹായിക്കുന്നുണ്ടെങ്കിലും, ഗുണമേന്മയുള്ള വൈദിക പരിശീലനത്തിലൂടെ മാത്രമേ സഭയുടെ ഭാവി മിഷനറി പ്രവർത്തനങ്ങൾ സുരക്ഷിതമാക്കാൻ കഴിയൂ എന്ന് മെത്രാൻ സമിതി വിലയിരുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ജൂലൈ 2026, 10:43