ചാക്രികലേഖനം 'മാഞ്ഞിഫിക്ക ഉമാനിത്താസ്' പ്രകാശനവേളയിൽ പാപ്പാ  ചാക്രികലേഖനം 'മാഞ്ഞിഫിക്ക ഉമാനിത്താസ്' പ്രകാശനവേളയിൽ പാപ്പാ   (ANSA)

ദൈവാശ്രയമില്ലാത്ത ഏതൊരു സാങ്കേതിക മുന്നേറ്റവും മനുഷ്യനെ ചിതറിച്ചുകളയുന്നു: 'മാഞ്ഞിഫിക്ക ഉമാനിത്താസ്' ചാക്രികലേഖനം

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഞ്ഞിഫിക്ക ഉമാനിത്താസ്' ന്റെ ആമുഖ ഭാഗം, 7 മുതൽ 16 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയ ചിന്തകൾ
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആധുനികയുഗം സാക്ഷ്യം വഹിച്ച വലിയ ഒരു  വിപ്ലവം ഡിജിറ്റൽ ലോകത്തിന്റേതാണ്. ലോകം മുഴുവൻ വിരൽ തുമ്പിൽ സംലഭ്യമാകുമ്പോൾ, മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ ഒരു സ്ഥാനം, നിർമ്മിത ബുദ്ധിയുടെ ക്ഷിപ്രവും, അതിശയിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് നൽകിയപ്പോൾ, പലപ്പോഴും നഷ്ടപ്പെടുന്നത്, ധാർമ്മികമായ അവബോധവും, ബോധ്യങ്ങളുമാണ്. നാം പോലുമറിയാതെ, നമ്മുടെ ചിന്തകളും, കാഴ്ച്ചപ്പാടുകളും, നമ്മിൽ നിന്നും അന്യമായി പോകുന്ന ഒരു സാഹചര്യവും ഇന്ന് ഉടലെടുത്തിരിക്കുന്നു. ഈ ഒരു യുഗ പരിവർത്തനത്തിന്റെ മധ്യത്തിലാണ്, ലിയോ പതിനാലാമൻ പാപ്പാ, ലോകത്തിൽ തന്റെ പിതാവിനടുത്ത ഉത്തരവാദിത്വം മനസിലാക്കികൊണ്ട്, 'മഞ്ഞീഫിക്ക ഉമാനിത്താസ്' എന്ന  ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. ഇത് സാങ്കേതികതയുടെ, യാന്ത്രികമായ വാക്മയ ചിത്രങ്ങളല്ല, മറിച്ച്, ഓരോ മനുഷ്യന്റെയും അന്തസ്സിനെ വീണ്ടെടുക്കുവാൻ, നൽകുന്ന ഒരു പ്രോത്സാഹനവും, പരസ്പരം സഹായിക്കുന്ന ഒരു മാനവികതയ്ക്കുള്ള ആഹ്വാനവുമാണ് പാപ്പാ ഈ ലേഖനത്തിലൂടെ നൽകുന്നത്.

ഈ ചാക്രികലേഖനത്തിന്റെ ആമുഖഭാഗത്തെക്കുറിച്ചുള്ള രണ്ടാം ഭാഗമാണ്, നാം ഇന്ന് വിചിന്തനം ചെയ്യുന്നത്.

ബാബേൽ ഗോപുരവും മനുഷ്യന്റെ അഹന്തയും

നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഈ കാലഘട്ടത്തെ എങ്ങനെ വിവേകത്തോടെ നേരിടാം എന്ന് വിശദീകരിക്കാൻ പാപ്പാ  ആദ്യം ബാബേൽ ഗോപുരത്തിന്റെ (ഉല്പത്തി 11:1-9) ഉദാഹരണമാണ് നമുക്കു  നൽകുന്നത്. "അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും." ദൈവത്തെ മറന്നു കൊണ്ടും, അപരനെ വിസ്മരിച്ചുകൊണ്ടും, തങ്ങളുടെ അഹത്തെ പണിതുയർത്തുവാൻ  പരിശ്രമിക്കുന്ന ജനതയെയാണ് ഇവിടെ കാണുന്നത്. ഒരു പക്ഷെ മറ്റാർക്കും പ്രവേശിക്കുവാൻ അനുവാദം നൽകാത്ത അടഞ്ഞ ഒരു വാതിൽ എന്ന് ഇതിനെ നമുക്ക് വിശേഷിപ്പിക്കാം.

ആകാശത്തോളം ഉയരുന്ന ഒരു ഗോപുരം പണിയാൻ തീരുമാനിച്ച മനുഷ്യർ, തങ്ങളുടെ അധികാരം ഉറപ്പിക്കാനും, ലോകമെങ്ങും ചിതറിപ്പോകാതിരിക്കാനും, ഒരു "നാമം" ഉണ്ടാക്കിയെടുക്കാനുമാണ് ശ്രമിച്ചത്. ഇതിനായി അവർ ഒരു ഭാഷയും, ഒരു സംസാര രീതിയും, അതായത് ഒരേ സാങ്കേതിക വിദ്യയും ഉപയോഗിച്ചു. എന്നാൽ, ഈ പദ്ധതിയുട അടിസ്ഥാനം ദൈവത്തെ ഒഴിവാക്കിയുള്ള മനുഷ്യന്റെ അഹങ്കാരമായിരുന്നു. വൈവിധ്യങ്ങളെ ഇല്ലാതാക്കി എല്ലാവരെയും ഒരേ അച്ചിൽ വാർത്തെടുക്കുന്ന, 'സർവ്വസമാനത' ആയിരുന്നു അവിടെ ലക്ഷ്യം. മനുഷ്യന്റെ അന്തസ്സിനേക്കാൾ കാര്യക്ഷമതയ്ക്ക്  മുൻഗണന നൽകിയപ്പോൾ, പരസ്പരമുള്ള ആശയവിനിമയം തകരുകയും മനുഷ്യർ തമ്മിലുള്ള ബന്ധം ഇല്ലാതാവുകയും ചെയ്തു. ദൈവാശ്രയമില്ലാത്ത ഏതൊരു സാങ്കേതിക മുന്നേറ്റവും ആത്യന്തികമായി മനുഷ്യനെ ഭിന്നിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുമെന്ന വലിയ പാഠമാണ് ബാബേൽ നൽകുന്നത്.

 നെഹെമിയായും ജറുസലേം മതിലിന്റെ പുനർനിർമ്മാണവും

തിരുവചനത്തിൽ നിന്നുമുള്ള രണ്ടാമത്തെ ചിത്രമായി പാപ്പാ  അവതരിപ്പിക്കുന്നത് നെഹെമിയായുടെ പുസ്തകത്തിലെ (നെഹെ 2-6) ജറുസലേം മതിലിന്റെ പുനർനിർമ്മാണമാണ്. ബാബിലോണിയൻ പ്രവാസത്തിന് ശേഷം തകർന്നടിഞ്ഞ ജറുസലേമിലേക്ക് തിരിച്ചെത്തിയ ജനതയുടെ ദയനീയാവസ്ഥ കണ്ട നെഹെമിയ,  പ്രാർത്ഥനയിലും ഉപവാസത്തിലും ദൈവത്തിൽ  അഭയം പ്രാപിച്ചു.

അദ്ദേഹം അധികാരം ഉപയോഗിച്ച് നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുകയല്ല ചെയ്തത്, മറിച്ച് ഓരോ കുടുംബത്തെയും വിളിച്ച് അവർക്ക് ഓരോ ഭാഗങ്ങൾ നിർമ്മാണത്തിനായി വീതിച്ചുനൽകി. മൂന്നാമത്തെ അദ്ധ്യായത്തിൽ, ഇപ്രകാരം വിവിധ പണികൾ ചെയ്യുവാൻ സന്മനസോടെ എത്തിച്ചേരുകയും പണി പൂർത്തിയാക്കുകയും ചെയ്തവരെ കുറിച്ചുള്ള വിവരണവും നൽകുന്നുണ്ട്. പുരോഹിതരും കരകൗശലത്തൊഴിലാളികളും സ്ത്രീകളും യുവാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ഒരു പുതിയ കൂട്ടായ്മ അവിടെ രൂപപ്പെട്ടു. ഇത് വെറും കല്ലുകൾ കൊണ്ടുള്ള നിർമ്മാണമായിരുന്നില്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കലായിരുന്നു. എല്ലാവരും തങ്ങളുടെ പങ്ക് നിർവഹിക്കുമ്പോൾ ഉണ്ടാകുന്ന ഐക്യമാണ് ജറുസലേമിന്റെ ശക്തിയെന്ന് ഈ വചനഭാഗങ്ങൾ  നമ്മെ പഠിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ വിവേകപൂർണ്ണമായ ഉപയോഗം

ഈ രണ്ടു വചന ഭാഗങ്ങളെയും  ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, സാങ്കേതികവിദ്യ എന്നത് മനുഷ്യരാശിക്ക് നൽകപ്പെട്ട ഒരു 'താലന്ത്'  ആണെന്ന് പാപ്പാ  ഓർമ്മിപ്പിക്കുന്നു. അത്  ആശയവിനിമയം സുഗമമാക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാനും, നല്ല ആരോഗ്യ പരിചരണത്തിനുമൊക്കെയായി  ഉപയോഗിക്കാം. എന്നാൽ അതേ സാങ്കേതികവിദ്യ തന്നെ വിവേചനത്തിനും അനീതിക്കും കാരണമാകാം. സാങ്കേതികവിദ്യ സ്വയം ഒരു നന്മയോ തിന്മയോ അല്ല, മറിച്ച് അത് ഉപയോഗിക്കുന്നവരുടെയും രൂപകൽപ്പന ചെയ്യുന്നവരുടെയും താല്പര്യങ്ങൾക്കനുസരിച്ച് അതിന്റെ ഫലം മാറുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, സാങ്കേതികവിദ്യയോട് 'അതെ' എന്നോ 'അല്ല' എന്നോ പറയുന്നതിലല്ല കാര്യം, മറിച്ച് നമ്മൾ ബാബേൽ പണിയുകയാണോ അതോ ജറുസലേം പുനർനിർമ്മിക്കുകയാണോ എന്ന ചോദ്യത്തിനാണ് പ്രസക്തി. ആധിപത്യത്തിന്റെ ശക്തിയാണോ അതോ സാഹോദര്യത്തിന്റെ കൂട്ടായ്മയാണോ നമുക്ക് വേണ്ടതെന്ന് നാം തീരുമാനിക്കണം.

ബാബേൽ രോഗലക്ഷണങ്ങളും, നെഹെമിയായുടെ വഴിയും

മനുഷ്യന്റെ അതുല്യമായ  അന്തസ്സിനെ കേവലം ഡാറ്റയായും കണക്കുകളായും മാറ്റുന്ന 'ബാബേൽ സിൻഡ്രോമി'നെതിരെ പാപ്പാ ഈ ചാക്രിക ലേഖനത്തിൽ  മുന്നറിയിപ്പ് നൽകുന്നു. ലാഭക്കൊതിക്ക് വേണ്ടി ദുർബലരായവരെ  ചൂഷണം ചെയ്യുന്നതും,  വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതും മാനവികതയ്ക്ക് വിരുദ്ധമാണ്. പകരം, 'നെഹെമിയായുടെ വഴി' തിരഞ്ഞെടുക്കാൻ പാപ്പാ  ആഹ്വാനം ചെയ്യുന്നു. ഇതിനർത്ഥം, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെയും വൈവിധ്യങ്ങളെയും ഒരു സ്രോതസ്സായി  കാണുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.

 ആധുനിക കാലത്തെ ക്രിസ്ത്യാനികൾ ഈ പ്രവർത്തനങ്ങളിൽ ദൈവത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട്, സിനഡാത്മകതയിലൂടെ  ഒരു പുതിയ ലോകം പണിയാൻ പരിശ്രമിക്കണം. വെളിപാട് പുസ്തകത്തിൽ പറയുന്ന 'പുതിയ ജറുസലേം' സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന ദൈവത്തിന്റെ ദാനമാണ്; അത് ഈ ഭൂമിയിൽ സമാധാനവും നീതിയും നിറഞ്ഞ ഒന്നായിരിക്കണം. ഇതായിരിക്കണം നമ്മുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്നതും പാപ്പാ അടിവരയിട്ടു പറയുന്നു.

ദൈവവുമായുള്ള ബന്ധം

നന്മയിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ ആദ്യം ദൈവവുമായുള്ള ബന്ധത്തിൽ നമ്മുടെ അടിസ്ഥാനം ഉറപ്പിക്കണം. അപ്രകാരം ഉറച്ച പാറമേൽ നമ്മുടെ ഭവനം പണിയണം. ദൈവം നൽകുന്ന ജീവന്റെ സമൃദ്ധിയും സ്‌നേഹവുമാണ് യഥാർത്ഥ സന്തോഷത്തിന് അടിസ്ഥാനമെന്ന് വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച് പാപ്പാ വ്യക്തമാക്കുന്നു. ദൈവത്തിൽ വിശ്രമിക്കുന്നത് വരെ മനുഷ്യന്റെ ഹൃദയം അശാന്തമായിരിക്കും. സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും തരാനും, തൃപ്തിപ്പെടുത്തുവാനും  കഴിയാത്ത ആന്തരിക സന്തോഷം  ദൈവത്തിന് മാത്രമേ നൽകാൻ കഴിയൂ എന്ന് സഭ ലോകത്തെ ഓർമ്മിപ്പിക്കുന്നു.

പരിമിതികളെയും ബലഹീനതകളെയും അംഗീകരിക്കുക

എന്നാൽ ദൈവത്തിലാശ്രയിക്കുമ്പോൾ, നമ്മുടെ പരിമിതികളും ബലഹീനതകളും ഇല്ലാതാകുന്നു എന്നത് മിഥ്യാ ധാരണയാണ്.  മനുഷ്യന്റെ പരിമിതികളും ബലഹീനതകളും മനുഷ്യത്വത്തിന്റെ ഭാഗമാണെന്ന് പാപ്പാ  ഓർമ്മിപ്പിക്കുന്നു. എല്ലാ ബലഹീനതകളിൽ നിന്നും സാങ്കേതികവിദ്യ വഴി രക്ഷപ്പെടാം എന്ന മിഥ്യാധാരണ ഇന്ന് വ്യാപകമാണ്. പരിധിയില്ലാത്ത ശേഷി വർദ്ധിപ്പിക്കലല്ല , മറിച്ച് പരസ്പരമുള്ള കരുതലും ഐക്യദാർഢ്യവുമാണ് യഥാർത്ഥ പുരോഗതിയുടെ അളവുകോൽ. ആരെയും പിന്നിലാക്കാത്ത, എല്ലാവരുടെയും അന്തസ്സ് മാനിക്കുന്ന ഒരു വികസന മാതൃകയാണ് നമുക്ക് വേണ്ടത്. ഇതാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന ആശയം. ഇതാണ് കൂട്ടായ്മയുടെ ക്രിസ്തു മാതൃകയും.

കൂട്ടുത്തരവാദിത്തത്തിന്റെ പ്രാധാന്യം

ലോകം നേരിടുന്ന വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാൻ ആർക്കും കഴിയില്ല. ശാസ്ത്രജ്ഞർ, സംരംഭകർ, അധ്യാപകർ, ഭരണാധികാരികൾ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും ഇതിനായി  ഒരുമിച്ച് പ്രവർത്തിക്കണം. ഓരോരുത്തർക്കും മതിലിന്റെ ഓരോ ഭാഗം പണിയാനുണ്ടെന്ന നെഹെമിയായുടെ പാഠം ഇവിടെ പ്രസക്തമാണ്. വൈവിധ്യങ്ങൾ ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് ഉത്തരവാദിത്തബോധത്തോടെ അവയെ സർഗ്ഗാത്മകമായി ഉപയോഗിക്കുമ്പോൾ അത് സമാധാനത്തിനും പുരോഗതിക്കും വഴിവെക്കും.

സുവിശേഷാത്മകമായ ഭാഷയും വിവേചനവും

ആശയവിനിമയത്തിൽ വിദ്വേഷമോ അവഹേളനമോ ഇല്ലാത്ത സുവിശേഷാത്മകമായ ഭാഷ ഉപയോഗിക്കണമെന്നും, അന്ധമായ സാങ്കേതിക ആരാധനയോ ആവശ്യമില്ലാത്ത ഭീതിയോ പാടില്ലെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. പകരം, മനുഷ്യന്റെ അന്തസ്സ്, പാവപ്പെട്ടവരോടുള്ള പരിഗണന, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങൾ മുൻനിർത്തി വിവേചനബുദ്ധിയോടെ മുന്നോട്ട് നീങ്ങണം. സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങൾ പഠിക്കാനും ഡിജിറ്റൽ സാക്ഷരത വളർത്താനും നീതിയുക്തമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.

നിർമ്മിത ബുദ്ധിയുടെ കാലത്ത് മാനവികതയുടെ മഹത്വം

2025-ലെ ജൂബിലി വർഷം നൽകിയ, നിരാശപ്പെടുത്താത്ത പ്രത്യാശയ്ക്ക് വേണ്ടി  ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ നാം തയ്യാറാകണം. നിർമ്മിതബുദ്ധി  മനുഷ്യന്റെ പ്രാധാന്യം കുറയ്ക്കാൻ സാധ്യതയുള്ള ഈ കാലഘട്ടത്തിൽ, കൂടുതൽ ആഴത്തിൽ മനുഷ്യനായിരിക്കുവാനും, മാനവികതയുടെ മഹത്വം പ്രചരിപ്പിക്കുവാനും  നമുക്ക് കടമയുണ്ട്. യേശുക്രിസ്തുവിൽ വെളിപ്പെട്ട ആ മഹത്തായ മനുഷ്യത്വത്തെ ഒരു യന്ത്രത്തിനും പകരം വെക്കാൻ കഴിയില്ല. കേൾക്കാനും സ്നേഹിക്കാനുമുള്ള തുറന്ന ഹൃദയമാണ് യഥാർത്ഥ പുരോഗതിയുടെ ഉറവിടമെന്നതും പാപ്പാ മുൻപോട്ടു വയ്ക്കുന്ന ആശയമാണ്.

കൂട്ടായ്മയിൽ പണിതുയർത്തുക

 "നമ്മുടെ കാലഘട്ടത്തിന്റെ നിർമ്മാണശാലകളിൽ ഇറങ്ങി പ്രവർത്തിക്കാൻ ഭയപ്പെടരുത്." നെഹെമിയായെപ്പോലെ പ്രാർത്ഥിക്കാനും വിവേകത്തോടെ പദ്ധതികൾ വിഭാവനം  ചെയ്യാനും സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാനും ആവശ്യപ്പെട്ടുകൊണ്ട്, പാപ്പാ ഈ ലേഖനം സകലർക്കുമായി സമർപ്പിക്കുന്നു.  പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ 'തള്ളപ്പെട്ട കല്ലുകൾ' മൂലക്കല്ലുകളായി മാറുന്ന ഒരു ലോകം കെട്ടിപ്പടുക്കണം. ബാബേലിന്റെ ഗോപുരങ്ങൾ പണിയുന്നത് നിർത്തി, ജറുസലേമിന്റെ ഐക്യത്തിനായി കൈകോർക്കാം. മാനവികതയുടെ സൗന്ദര്യം നഷ്ടപ്പെടാതെ, ദൈവം വസിക്കുന്ന ഇടമായി ലോകത്തെ മാറ്റാൻ നമുക്ക് ശ്രമിക്കാമെന്നുമാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ഈ ചാക്രികലേഖനം,  സാങ്കേതികവിദ്യയെ വെറുക്കാനല്ല, മറിച്ച് അതിനെ മനുഷ്യത്വപരമായി ഉപയോഗിക്കാനാണ്  നമ്മെ പഠിപ്പിക്കുന്നത്. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായ ബാബേലിന് പകരം, സേവനത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീകമായ നെഹെമിയായുടെ ജറുസലേമിനെ മാതൃകയാക്കാൻ ലോകം തയ്യാറാകണം എന്നതാണ് ഇതിന്റെ കാതൽ. നിർമ്മിത ബുദ്ധി  എന്ന ദൈവം നൽകിയിരിക്കുന്ന  താലന്തിനെ ദൈവഹിതത്തിനും മാനുഷിക നന്മയ്ക്കുമായി ഉപയോഗിക്കാൻ ഈ പ്രബോധനം നമ്മെ പ്രചോദിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

09 ജൂലൈ 2026, 09:52