മ്യാൻമറിലെ ഒരു ദേവാലയം മ്യാൻമറിലെ ഒരു ദേവാലയം   (©Radio Veritas Asia (RVA))

മ്യാൻമർ ആഭ്യന്തര യുദ്ധത്തിനിടയിലും പ്രത്യാശയുടെ കിരണമായി കലൈ രൂപതയിൽ പുതിയ ഇടവക സ്ഥാപിതമായി

മ്യാൻമറിലെ ആഭ്യന്തര യുദ്ധവും മാനുഷിക പ്രതിസന്ധികളും തുടരുന്നതിനിടയിൽ, വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ കലൈ (Kalay) രൂപതയിൽ പുതിയ ഇടവക സ്ഥാപിതമായത്, വിശ്വാസികൾക്ക് വലിയ പ്രത്യാശ പ്രദാനം ചെയ്യുന്നുവെന്ന്, ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മ്യാൻമറിൽ  കടുത്ത ആഭ്യന്തര യുദ്ധവും മാനുഷിക പ്രതിസന്ധികളും നിലനിൽക്കുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ കലൈ രൂപതയിൽ 'വിശുദ്ധ പാട്രിക്'വിശുദ്ധന്റെ നാമത്തിൽ, പുതിയ ഇടവക സ്ഥാപിതമായി. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം സംഘർഷം രൂക്ഷമായ സാഗൈങ്, ചിൻ എന്നീ സംസ്ഥാനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ രൂപതയിൽ പുതിയ ദേവാലയം ആരാധനയ്ക്കായി  തുറന്നത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവുമാണ് നൽകുന്നത്.

രൂപതാധ്യക്ഷൻ മോൺസിഞ്ഞോർ ഫെലിക്സ് ലിയാൻ ഖേൻ താംഗിന്റെ  മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പന്ത്രണ്ടോളം വൈദികരും അറുന്നൂറിലധികം വിശ്വാസികളും പങ്കെടുത്തു. പാരമ്പര്യ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിൻ വംശജരായ വിശ്വാസികൾ പാട്ടുകളോടും നൃത്തങ്ങളോടും കൂടിയാണ്  മെത്രാനെ  സ്വീകരിച്ചത്. ഫാദർ സിൽവസ്റ്റർ പൗ വാൻ സാങ് ആണ് പുതിയ ഇടവകയുടെ പ്രഥമ വികാരി. ചടങ്ങിനിടെ 60 കുട്ടികൾക്ക്  സ്ഥൈര്യലേപന കൂദാശയും നൽകി.

"പുതിയ ഇടവകയുടെ സ്ഥാപനം ദൈവത്തിന്റെ അനുഗ്രഹവും രൂപതയുടെ വികസനത്തിനായുള്ള പ്രത്യാശയുടെ അടയാളവുമാണ്," എന്ന് മെത്രാൻ വചന സന്ദേശത്തിൽ എടുത്തു പറഞ്ഞു. ആറ് ഗ്രാമങ്ങളിലായി  210 കത്തോലിക്കാ കുടുംബങ്ങളാണ് പുതിയ ഇടവകയിലുള്ളത്. യുദ്ധസാഹചര്യത്തിൽ കൂദാശകളും വിശുദ്ധ കുർബാനയും വിശ്വാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ്പുതിയ ഇടവക സ്ഥാപനത്തിന്റെ  പ്രധാന ലക്ഷ്യം. ജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ ഒരു സ്ഥിരം വൈദികന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും മോൺസിഞ്ഞോർ സന്ദേശ മദ്ധ്യേ കൂട്ടിച്ചേർത്തു.

മ്യാൻമറിലെ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന മേഖലകളിലൊന്നാണ് സാഗൈങ്. സൈന്യവും പ്രാദേശിക പ്രതിരോധ സേനകളും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം ജനജീവിതം ദുസ്സഹമാണ്. ഏകദേശം 80 ശതമാനത്തോളം ആളുകൾ അതിദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഭക്ഷ്യക്ഷാമം, വൈദ്യുതി തടസ്സം, ചികിത്സാ സൗകര്യങ്ങളുടെ അഭാവം എന്നിവ ജനങ്ങളെ വലയ്ക്കുന്നു. യുവാക്കൾ നിർബന്ധിത സൈനിക സേവനം ഭയന്ന് നാടുവിടുകയാണ്.

രൂപതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഇപ്പോൾ 40,000-ത്തോളം വരുന്ന ആഭ്യന്തര അഭയാർത്ഥികൾക്കുള്ള അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പലപ്പോഴും പള്ളികളും സ്കൂളുകളും സൈനിക ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും, ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും പുതിയൊരു ഇടവക ആരംഭിച്ചത് മ്യാൻമറിലെ കത്തോലിക്കാ സഭയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും സേവനത്തിന്റെയും തെളിവായി മാറുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂലൈ 2026, 10:17