ജെമെല്ലി ആശുപത്രി ജെമെല്ലി ആശുപത്രി  (ANSA)

പാപ്പാ വിഭൂതിദിന ചടങ്ങുകളിൽ സംബന്ധിച്ചു, ചികിത്സയും വിശ്രമവും തുടരുന്നു

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളില്ല. കഴിഞ്ഞ ദിവസത്തേതുപോലെ ബുധനാഴ്ച പകലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകി. ആശുപത്രിയിൽ വച്ച് പാപ്പാ വിഭൂതിദിനചടങ്ങുകളിൽ സംബന്ധിച്ചു. പാപ്പാ കസേരയിൽ സമയം ചിലവഴിക്കുകയും ജോലികളിൽ മുഴുകുകയും പിന്നീട് ഗാസായിലെ തിരുക്കുടുംബദേവാലയം വികാരിയുമായി സംസാരിക്കുകയും ചെയ്തു. രാത്രിയിൽ ചെറിയ തോതിൽ ശ്വസനസഹായയന്ത്രത്തിന്റെ സഹായം (NIV) ലഭ്യമാക്കി. രാത്രി ശാന്തമായി കഴിച്ചുകൂട്ടിയ പാപ്പാ വിശ്രമത്തിൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ കഴിഞ്ഞ ദിവസം വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും, തിങ്കളാഴ്ചയുണ്ടായതുപോലെയുള്ള ശ്വസനസംബന്ധിയായ ബുദ്ധിമുട്ടുകൾ ബുധനാഴ്ച ഉണ്ടായില്ലെന്നും, പാപ്പാ വലിയനോമ്പിന്റെ ആരംഭം കുറിക്കുന്ന വിഭൂതിദിനചടങ്ങുകളിൽ സംബന്ധിച്ചുവെന്നും. വത്തിക്കാൻ പ്രെസ് ഓഫീസ് മാർച്ച് 5 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ, ബുധനാഴ്ചയും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകിയെന്നും, ബുധനാഴ്ച രാത്രിയും ശക്തമല്ലാത്ത രീതിയിൽ ശ്വസനസഹായയന്ത്രത്തിന്റെ സഹായത്തോടെ (Non-invasive ventilation) ഓക്സിജൻ നൽകിയെന്നും വത്തിക്കാൻ വ്യക്തമാക്കി.

കഴിഞ്ഞ രാത്രിയും പാപ്പാ ശാന്തമായി കഴിച്ചുകൂട്ടിയെന്നും, പാപ്പാ വിശ്രമിക്കുകയാണെന്നും മാർച്ച് ആറാം തീയതി വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

പാപ്പാ ബുധനാഴ്ച കുറച്ചുസമയം കസേരയിൽ ചിലവഴിച്ചുവെന്ന് അറിയിച്ച പ്രെസ് ഓഫീസ്, അദ്ദേഹം ശ്വാസകോശസംബന്ധിയായ ഫിസിയോതെറാപ്പി കൂടുതലായി ചെയ്തുവെന്ന് വ്യക്തമാക്കി. എന്നാൽ പാപ്പായുടെ ആരോഗ്യസ്ഥിതിയിലെ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ അനുമാനങ്ങൾ പ്രെസ് ഓഫീസ് പുറത്തുവിട്ടില്ല.

ബുധനാഴ്ച രാവിലെ, ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ പാപ്പാ വിഭൂതിബുധനാഴ്ചയിലെ കർമ്മങ്ങളിൽ പങ്കെടുത്തുവെന്നും, കാർമ്മികൻ പാപ്പായുടെ ശിരസ്സിലും ചാരം പൂശിയെന്നും, പാപ്പാ പിന്നീട് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചിരുന്നു.

ബുധനാഴ്ച പകൽ പാപ്പാ കൂടുതൽ ജോലികളിൽ ഏർപ്പെടുകയും, ഗാസയിലുള്ള തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. ഉച്ചകഴിഞ്ഞുള്ള സമയം പാപ്പാ വിശ്രമവും ജോലിയുമായി കഴിച്ചുകൂട്ടി.

ചൊവ്വാഴ്‌ച പകലും പാപ്പായ്ക്ക് വർദ്ധിച്ച തോതിൽ ഓക്സിജൻ നൽകുകയും, കഴിഞ്ഞ രാത്രിയിൽ ശ്വസനസഹായയന്ത്രത്തിന്റെ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14 വെള്ളിയാഴ്ച ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും ബ്രോങ്കൈറ്റിസും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ ഇരു ശ്വാസകോശങ്ങളിലും ശക്തമായ ന്യുമോണിയ കണ്ടെത്തുകയും, കോർട്ടിസോൺ അടക്കം ശക്തമായ മരുന്നുകൾ ഉൾപ്പെടുത്തി ചികിത്സ ആരംഭിക്കുകയുമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2025, 20:42