കർദ്ദിനാൾ ലൂചിയാൻ മുറെഷാൻ,റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ പ്രഥമ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ചുബിഷപ്പ്) കർദ്ദിനാൾ ലൂചിയാൻ മുറെഷാൻ,റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ പ്രഥമ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ചുബിഷപ്പ്) 

കർദ്ദിനാൾ ലൂചിയാൻ മുറെഷാൻ കാലം ചെയ്തു, പാപ്പാ അനുശോചിച്ചു

കർദ്ദിനാൾ മുറെഷാൻ പരീക്ഷണ വേളയിൽപ്പോലും അചഞ്ചലനായി നിലകൊണ്ട സഭയുടെ വിശ്വസ്ത തനയാനായിരുന്നുവെന്ന് പാപ്പാ അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ പ്രഥമ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ചുബിഷപ്പ്) കർദ്ദിനാൾ ലൂചിയാൻ മുറെഷാൻറെ നിര്യാണത്തിൽ പാപ്പാ അനുശോചനം അറിയിച്ചു.

പരീക്ഷണങ്ങളുടെ വേളയിൽപ്പോലും അചഞ്ചലനായി നിലകൊണ്ട സഭയുടെ വിശ്വസ്ത തനയാനായിരുന്ന കർദ്ദിനാൾ മുറെഷാൻറെ മാതൃകാപരമായ സാക്ഷ്യത്തിന് ലിയൊ പതിനാലാമൻ പാപ്പാ അനുശോചനസന്ദേശത്തിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.

ക്ഷമയാലും സുവിശേഷാത്മക സമർപ്പണത്താലും സാന്ദ്രമായിരുന്ന കർദ്ദിനാൾ മുറേഷാൻറെ പൗരോഹിത്യം ക്രിസ്തുവിനോടും സഭയോടുമുള്ള അചഞ്ചല സ്നേഹത്തിൻറെ ആവിഷ്കാരമായിരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു.

94 വയസ്സു പ്രായ ഉണ്ടായിരുന്ന കർദ്ദിനാൾ മുറെഷാൻ സ്വഭവനത്തിൽ വച്ച് സെപ്റ്റംബർ 25-നാണ് മരണമടഞ്ഞത്. ആൽബ യൂലിയ ഫാഗാരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കർദ്ദിനാൾ ലൂചിയാൻ. 1931 മെയ് 23-ന് റൊമേനിയയിലെ  ഫിറീത്സയിൽ ആയിരുന്നു കർദ്ദിനാൾ ലൂചിയാൻ മുറെഷാൻറെ ജനനം. 1964 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1990 മെയ് 27-ന് മെത്രാനായി അഭിഷിക്തനാകുകയും  2012 ഫെബ്രുവരി 18-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റാധിപത്യത്തിൻ കീഴിൽ വർഷങ്ങൾ നീണ്ട പിഢനങ്ങൾക്ക് സാക്ഷിയായ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത് രഹസ്യമായിട്ടായിരുന്നു. കർദ്ദിനാൾ ലൂചിയാൻ മുറെഷാൻറെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 247 ആയി താണു. ഇവരിൽ 119 പേർ 80 വയസ്സു പൂർത്തിയായവരാകയാൽ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മതിദാനാവാകാശം ഇല്ലാത്തവരാണ്. 128 പേർക്ക് ഈ വോട്ടവകാശം ഉണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2025, 12:27