മതം ഒരു മൂല്യമാണെന്ന് തിരിച്ചറിയുന്നതാണ് മതാന്തര സംഭാഷണത്തിന്റെ അടിസ്ഥാനം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വർദ്ധിച്ചുവരുന്ന ബഹുസ്വര സാംസ്കാരിക, ബഹുമത സമൂഹങ്ങളിൽ പരസ്പര ധാരണ, ഐക്യദാർഢ്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, യൂറോപ്യൻ പാർലമെന്റിലെ ഔദ്യോഗിക ഘടനയാണ് 'മതാന്തര സാംസ്കാരിക സംവാദത്തെക്കുറിച്ചുള്ള പ്രായോഗിക കൂട്ടായ്മ'. ഈ കൂട്ടായ്മയിലെ അംഗങ്ങളുമായി, ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം ഇരുപത്തിയൊൻപതാം തീയതി, കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ അറിയിക്കുകയും, കൂട്ടായ്മ ആരംഭിച്ചതിൽ അഭിനന്ദനങ്ങളും, മികച്ച ഫലങ്ങൾ നല്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.
സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുക എന്നത് ക്രിസ്തീയ പ്രചോദനമുള്ള ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യതയുള്ള ലക്ഷ്യമാണെന്നും, ഇതിനു സാക്ഷ്യം വഹിച്ചവർ നിരവധിയാണെന്നും പാപ്പാ പറഞ്ഞു.
സംവാദത്തിന്റെ ആളുകൾ ആകുക എന്നതിനർത്ഥം, സുവിശേഷത്തിലും അതിൽ നിന്ന് ഉത്ഭവിക്കുന്ന മൂല്യങ്ങളിലും ഉറച്ചുനിൽക്കുകയും, അതേ സമയം മറ്റുള്ളവരുമായി തുറന്ന മനസ്സും, ശ്രദ്ധയും, കൂട്ടായ്മയും വളർത്തിയെടുക്കുക എന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലായ്പ്പോഴും മനുഷ്യ വ്യക്തിയെയും, അവന്റെ അന്തസ്സിനെയും, ബന്ധങ്ങളെയും, സമൂഹഘടനയെയും കേന്ദ്രസ്ഥാനത്ത് നിർത്തണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വ്യക്തിപരമായ തലത്തിലും, സാമൂഹിക മണ്ഡലത്തിലും മതം ഒരു മൂല്യമാണെന്ന് തിരിച്ചറിയുന്നതാണ് മതാന്തര സംഭാഷണത്തിനായുള്ള അടിസ്ഥാനമെന്നും, മതമെന്ന വാക്കുതന്നെ ബന്ധത്തെ അടിവരയിടുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ മതപരമായ മാനം വളർത്തിയെടുക്കുമ്പോൾ, പരസ്പര ബന്ധങ്ങൾക്ക് ഗുണമേന്മ നൽകുകയും സമൂഹത്തിലും സമൂഹത്തിലും ജീവിക്കാൻ ആളുകളെ രൂപപ്പെടുത്താൻ വളരെയധികം സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
