ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

മുറിവേറ്റ ലോകത്തിന് സൗഖ്യം പകരാൻ മതങ്ങൾക്കാകണം: ലിയോ പതിനാലാമൻ പാപ്പാ

കടുത്ത സംഘർഷങ്ങളാൽ മുറിവേൽക്കപ്പെട്ടിരിക്കുന്ന നമ്മുടെ ലോകത്തിന് സൗഖ്യം പകരാൻ മതങ്ങൾക്കാകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 17, 18 തീയതികളിലായി ഖസാഖിസ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ, അനുരഞ്ജനത്തിനും ഐക്യത്തിനും ഏവരെയും ആഹ്വാനം ചെയ്യാൻ മതങ്ങൾക്കുള്ള കടമയെയും പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും കടുത്ത സംഘർഷങ്ങളും മൂലം മുറിവേൽക്കപ്പെട്ടിരിക്കുന്ന ലോകമാനവികതയ്ക്ക് സൗഖ്യം പകരാനും ഐക്യം വളർത്താനും ലോക, പാരമ്പര്യ മതങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. മതാന്തരസംവാദങ്ങളുടെകൂടി ഭാഗമായി സെപ്റ്റംബർ 17, 18 തീയതികളിലായി ഖസാഖിസ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ, അനുരഞ്ജനത്തിനും ഐക്യത്തിനും കൂടി ആഹ്വാനം ചെയ്യാൻ മതങ്ങൾക്കുള്ള കടമയും പാപ്പാ ഓർമ്മിപ്പിച്ചു.

ലോകത്ത് ഐക്യം വളർത്താനായി മതങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്, മതങ്ങളുടെ അസ്തിത്വത്തെത്തന്നെ വെളിപ്പെടുത്തുന്നതാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഈയൊരു ഐക്യവും സഹകരണവും മതങ്ങളിലെ വ്യത്യസ്ഥതകൾ ഇല്ലാതാക്കാനല്ല, മറിച്ച് പരസ്പരം പുഷ്ടിപ്പെടുത്താനും വളർത്താനും വേണ്ടിയുള്ളതാണെന്ന് അനുസ്മരിപ്പിച്ചു.

1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അസ്സീസ്സിയിൽ വിളിച്ചുകൂട്ടിയ മതനേതൃത്വങ്ങളുടെ പ്രാർത്ഥനാസമ്മേളനത്തെ പരാമർശിച്ചുകൊണ്ട്, മതങ്ങൾക്കിടയിൽ സമാധാനമുണ്ടാകാതെ രാജ്യങ്ങൾക്കിടയിൽ സമാധാനമുണ്ടാകില്ലെന്ന് ആ സമ്മേളനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ലിയോ പാപ്പാ പറഞ്ഞു. ലോകസമാധാനവും സഹവാസവും എപ്രകാരം സാധ്യമാകുമെന്നതിനെപ്പക്കുറിച്ചുതന്നെയാണ് 2019-ൽ ഫ്രാൻസിസ് പാപ്പായും അൽ അസ്‌ഹറിലെ വലിയ ഇമാം അഹ്മദ് അൽ തയ്യെബും (Grand Imam of Al-Azhar, Ahmad Al-Tayyeb) ചേർന്ന് അബുദാബിയിൽ വച്ച് ഒപ്പുവച്ച "ലോകസമാധാനത്തിനും സഹവാസത്തിനുമായുള്ള മാനവിക സഹോദര്യത്തെക്കുറിച്ചുള്ള രേഖ"യും (Document on Human Fraternity for World Peace and Living Together) നമ്മോട് സംസാരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങൾക്കുവേണ്ടി എപ്പോഴാണോ ഒരുമിച്ച് നിൽക്കുകയും, ഭൂമിയുടെ സംരക്ഷണത്തിന്റെ ഭാഗമായി ഒന്നുചേർന്ന് മരങ്ങൾ നേടുകയും, മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കാനായി ഒരുമിച്ച് സ്വരമുയർത്തുകയും ചെയ്യുന്നത്, അപ്പോഴൊക്കെ നമ്മുടെ മതവിശ്വാസം നമ്മെ വേർതിരിക്കുകയല്ല ഒരുമിപ്പിക്കുകയാണ് എന്ന ഈ സത്യമാണ് മതനേതൃത്വങ്ങൾ വിളിച്ചോതുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് മതങ്ങൾ തമ്മിലുള്ള ഐക്യം മാനവികതയുടെ പ്രത്യാശയുടെ അടയാളമാണെന്നും, അവ ഭിന്നിപ്പിക്കുന്നതിനല്ല, സൗഖ്യപ്പെടുത്തുന്നതിനും അനുരഞ്ജനപ്പെടുത്തതിനുമുള്ള പ്രചോദനമാണെന്നും ഏവർക്കും വ്യക്തമാകുകയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

കാരുണ്യം തേടിയും, സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ ചേർത്തുപിടിച്ചും, ആയുധരഹിതവും നിരായുധീകരിക്കുന്നതും ലളിതവും സംരക്ഷിക്കുന്നതുമായ സമാധാനത്തിനായി പരിശ്രമിക്കാൻ ഈ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു. മനുഷ്യാന്തസ്സ്‌ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ഒരേ സ്വരത്തിൽ സംസാരിക്കുകയും ചെയ്യാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാടും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 സെപ്റ്റംബർ 2025, 14:07