വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ സഭയിൽ പുതിയ വേദപാരംഗതൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2010 സെപ്റ്റംബർ 19-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും തുടർന്ന് 2019 ഒക്ടോബർ 13-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ, നവംബർ മാസം ഒന്നാം തീയതി മുതൽ സഭയുടെ വേദപാരംഗതൻ എന്ന നിലയിൽ അറിയപ്പെടും. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ജൂലൈ 31-ന് ലിയോ പതിനാലാമൻ പാപ്പാ നടത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ, സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി ത്രികാലജപ വേളയിലാണ് പാപ്പാ നൽകിയത്.
"അടുത്ത നവംബർ 1 ന്, വിദ്യാഭ്യാസ മേഖലയിൽ ഉള്ളവരുടെ ജൂബിലിയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രത്തിന്റെ നവീകരണത്തിനും , ക്രൈസ്തവ സിദ്ധാന്തത്തിന്റെ വികാസത്തിനും നിർണായക സംഭാവന നൽകിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന് ഞാൻ വേദപാരംഗതൻ എന്ന പദവി നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.", ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ജോൺ ഹെൻറി ന്യൂമാൻ, ആംഗ്ലിക്കൻ സഭയിലെ ഒരു പുരോഹിതനായിരുന്ന കാലത്ത്, സഭയുടെ പാരമ്പര്യങ്ങളിലും വിശ്വാസ്യതയിലും ഊന്നൽ നൽകിക്കൊണ്ട് കത്തോലിക്കാ സഭയുടെ പല തത്ത്വങ്ങളോടും ആഭിമുഖ്യം പുലർത്താൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും ബ്രിട്ടനിലെ മതപരമായ ചിന്തകളെ കാര്യമായി സ്വാധീനിച്ചു. ക്രമേണ, ആംഗ്ലിക്കൻ സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള വിശ്വാസപരമായ വ്യത്യാസങ്ങൾ അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് മാറാൻ പ്രേരിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
