തന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥന്റെ തിരുനാളാഘോഷത്തിൽ ലിയോ പതിനാലാമൻ പാപ്പാ
ഫാ. പാവെയോ റീറ്റൽ അദ്രിയാനിക്, കരോൾ ദർമോറോസ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ റോബർട്ട് ബെല്ലാർമീനോയുടെ തിരുനാൾ ദിനത്തിൽ ഏവരുടെയും ആശംസകളും പ്രാർത്ഥനകളും ഏറ്റുവാങ്ങി ലിയോ പതിനാലാമൻ പാപ്പാ. തിരുനാൾദിനം കൂടിയായ സെപ്റ്റംബർ 17 ബുധനാഴ്ച വത്തിക്കാനിൽ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ മുപ്പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. വിവിധ ഭാഷകളിൽ പാപ്പായുടെ സന്ദേശങ്ങൾ അറിയിച്ചവർ പാപ്പായ്ക്ക് ഏവരുടെയും പേരിൽ ആശംസകൾ അറിയിച്ചു. സെപ്റ്റംബർ 14-നായിരുന്നു പാപ്പായുടെ എഴുപതാം ജന്മദിനം.
ദൈവവുമായുള്ള ആഴമേറിയ ബന്ധവും മറ്റുള്ളവരോട് സാമീപ്യം പുലർത്താനുള്ള ആഗ്രഹവും സന്തുലിതമായ രീതിയിൽ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ലിയോ പാപ്പായെന്ന്, പാപ്പാ തന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥന്റെ തിരുനാൾ ആഘോഷിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാൻ ന്യൂസിനനുവദിച്ച അഭിമുഖത്തിൽ ചിക്കാഗോയിലെ അഗസ്റ്റീനിയൻ പ്രോവിന്സിന്റെ സുപ്പീരിയറും പാപ്പായുടെ സുഹൃത്തുമായ ഫാ. റോബർട്ട് ഹാഗൻ പറഞ്ഞു. വിശുദ്ധ അഗസ്റ്റിൻ മുന്നോട്ടുവച്ച മൂല്യങ്ങളിൽ ആഴത്തിൽ അധിഷ്ഠിതമായ ആദ്ധ്യാത്മികതയാണ് പാപ്പയുടേതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
തന്റെ എളിമയും കൃത്യതയും സ്വീകാര്യതയും നിറഞ്ഞ ശൈലി കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടാനും യുവജനങ്ങളെ ഉൾപ്പെടെ ഏവരെയും ആകർഷിക്കാനും പരിശുദ്ധ പിതാവിന് സാധിക്കുന്നുണ്ടെന്ന് പ്രസ്താവിച്ച ഫാ. ഹാഗൻ, തെറ്റിലകപ്പെട്ട് പോയവർക്ക് തിരികെ വരാനുള്ള പ്രേരണ നൽകാനും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനാകുന്നുണ്ടെന്ന് അഭിപ്രയപ്പെട്ടു.
ഏവർക്കും സമീപസ്ഥനും ദയാലുവുമായിരുന്നു തന്റെ സുപ്പീരിയർ ജനറൽ കൂടിയായിരുന്ന പാപ്പായെന്നും, എന്തുകൊണ്ടാണ് ദൈവം അദ്ദേഹത്തെ നിലവിലെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഇതിൽനിന്ന് മനസ്സിലാക്കാനാകുമെന്നും അഭിപ്രായപ്പെട്ട ഫാ. ഹാഗൻ, ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ള, സത്യം, ഐക്യം, സ്നേഹം, സൗഹൃദം എന്നിവ കണ്ടെത്തുന്നതിനായി സഹായിക്കാൻ ലിയോ പാപ്പായ്ക്കാകുമെന്ന് പറഞ്ഞു.
വടക്കേ അമേരിക്കയിൽനിന്നുള്ള ആളാണെങ്കിലും പെറുവിലെ പാവപ്പെട്ടവർക്കിടയിൽ ഇരുപത് വർഷങ്ങൾ കഴിഞ്ഞ അദ്ദേഹം അവരുടെ ഭാഷ മാത്രമല്ല സംസ്കാരവും പഠിച്ചുവെന്നും ഫാ. ഹാഗൻ ഓർമ്മിച്ചു. പാപ്പായെന്ന നിലയിൽ പരിശുദ്ധ പിതാവിന്റെ ഈ ആദ്യ മാസങ്ങളിൽ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ഒരു സന്ദേശമാണ് പ്രധാനമായി നമുക്ക് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
