ലിയോ പതിനാലാമൻ പാപ്പായും "ക്രൂക്സ്" വാരികയുടെ പ്രവർത്തക എലീസ് ആൻ അലനും ലിയോ പതിനാലാമൻ പാപ്പായും "ക്രൂക്സ്" വാരികയുടെ പ്രവർത്തക എലീസ് ആൻ അലനും  (CRUX)

ഭിന്നതകൾ വെടിഞ്ഞ് പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാൻ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

ഗാസാ നേരിടുന്ന ഭീകരത, പരിശുദ്ധ സിംഹാസനവും ചൈനയുമായുള്ള ബന്ധം, സ്ത്രീകളുടെ പ്രാധാന്യം, ഭിന്നലിംഗക്കാർക്കുള്ള പരിഗണന, ചൂഷണങ്ങൾ, വത്തിക്കാന്റെ സാമ്പത്തികസ്ഥിതി, നിർമ്മിതബുദ്ധിയും വ്യാജവാർത്തകളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ലിയോ പാപ്പായുടെ മറുപടികളുമായി "ക്രൂക്സ്" വരിക. വാരികയുടെ പ്രവർത്തകയായ എലീസ് ആൻ അലന് കഴിഞ്ഞ ദിവസം അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ വിഷയങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും സായുധസംഘർഷങ്ങളും നിറഞ്ഞ ഒരു ലോകത്ത്, ഭിന്നതയും ധ്രുവീകരണചിന്തകളും വളർത്തുന്നതിൽനിന്നകന്ന്, മതങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാൻ ശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. "ക്രൂക്സ് (Crux)" വാരികയുടെ പ്രവർത്തക എലീസ് ആൻ അലന് (Elise Ann Allen) കഴിഞ്ഞ ദിവസം അനുവദിച്ച കൂടിക്കാഴ്ചയിൽ മറുപടി പറയവെ, ഗാസാ നേരിടുന്ന ഭീകരത, പരിശുദ്ധ സിംഹാസനവും ചൈനയുമായുള്ള ബന്ധം, സ്ത്രീകളുടെ പ്രാധാന്യം, ഭിന്നലിംഗക്കാർക്കുള്ള പരിഗണന, ചൂഷണങ്ങൾ, വത്തിക്കാന്റെ സാമ്പത്തികസ്ഥിതി, നിർമ്മിതബുദ്ധിയും വ്യാജവാർത്തകളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പാപ്പാ പങ്കുവച്ചു.

ഗാസായിലെ ജനങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഭീകരമായ അവസ്ഥയിൽ നമുക്ക് നിസംഗത പുലരാനാകില്ലെന്ന് പാപ്പാ പ്രസ്താവിച്ചു. എന്നാൽ ഇതിനെ വംശഹത്യയെന്ന നിലയിൽ അന്നത്തെ സാഹചര്യത്തിൽ പരിശുദ്ധ സിംഹാസനം വ്യഖ്യാനിക്കുന്നില്ലെന്നും ഈ അഭിമുഖസംഭാഷണത്തിൽ പാപ്പാ പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയുടെ ചില വിവരങ്ങൾ പാപ്പായുടെ ജന്മദിനമായ സെപ്റ്റംബർ 14-ന് പെറുവിലെ പെൻഗ്വിൻ പ്രസാധകർ പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 18 വ്യാഴാഴ്ച്ചയാണ് "ലിയോ പതിനാലാമൻ, ആഗോള പൗരനും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറിയും" എന്ന പേരിൽ ഇതിന്റെ പൂർണ്ണരൂപമുള്ള ജീവചരിത്രപ്രസിദ്ധീകരണം പ്രസിദ്ധപ്പെടുത്തിയത്.

ചൈനയുമായുള്ള ബന്ധത്തിൽ, തനിക്ക് മുൻപുണ്ടായിരുന്ന പാപ്പാമാരും പരിശുദ്ധ സിംഹാസനവും പിന്തുടർന്നുപോന്നിരുന്ന ശൈലിയാകും താനും തുടരുകയെന്ന് പാപ്പാ വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിലും സഭയിലുമുള്ള പങ്കിനെപ്പറ്റി പ്രതിപാദിച്ചുകൊണ്ട്, ഇക്കാര്യത്തിൽ ഫ്രാൻസിസ് പാപ്പായയുൾപ്പെടെവർ നാളിതുവരെ പിന്തുടർന്നുപോന്ന രീതിയിൽ അവർക്ക് നേതൃനിരയിൽ സ്ഥാനം നൽകുവാനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ പാപ്പാ, എന്നാൽ സ്ത്രീപൗരോഹിത്യം പോലെയുള്ള കാര്യങ്ങളിൽ സഭയുടെ ഉദ്ബോധനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി.

ഭിന്നലിംഗക്കാരും സ്വവർഗ്ഗാനുരാഗികളുമായ ആളുകളോടുള്ള സമീപനത്തിന്റെ കാര്യത്തിലും സഭ മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു ശൈലിയിലേക്ക് മാറില്ലെന്നും, നാളിതുവരെ തുടർന്ന ഉദ്ബോധനങ്ങളുടെ പാതയാകും പിൻതുടരുകയെന്നും പരിശുദ്ധ പിതാവ് അറിയിച്ചു.

സഭയിൽ നടന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഇത് ഒരു വലിയ പ്രതിസന്ധിയാണെന്നും, ഇരകൾക്ക് സഭ തന്റെ സാമീപ്യം ഉറപ്പുനൽകുമെന്നും പറഞ്ഞ പാപ്പാ, എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് ചിലപ്പോഴെങ്കിലും വ്യാജപരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന കാര്യവും ഓർമ്മിപ്പിച്ചു.

പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ പരിതപിച്ചുകൊണ്ടിരിക്കുക എന്നതിനേക്കാൾ, കൂടുതലായി പ്രവർത്തിക്കുകയും പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയുമാണ് വേണ്ടതെന്ന് പാപ്പാ വ്യക്തമാക്കി.

സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പതിപ്പിന്റെ ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിലുള്ള പരിഭാഷ ഉടൻ ലഭ്യമായേക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 സെപ്റ്റംബർ 2025, 14:48