ദൈവത്തിന്റെ കരവേല അവന്റെ മഹത്വം പ്രഘോഷിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സെപ്റ്റംബർ മാസം 10, 11, 12 തീയതികളിൽ റോമിലെ റെജീന അപ്പോസ്തോലോരും പൊന്തിഫിക്കൽ കോളജിൽ വച്ച്, "സൃഷ്ടിയുടെ ഭാഷകൾ: പ്രത്യാശയുടെ പാതയായി, പ്രകൃതിപാഠത്തിന്റെ ശാസ്ത്രീയ, ദാർശനിക, ദൈവശാസ്ത്രപരമായ വ്യാഖ്യാനശാസ്ത്രങ്ങൾ" എന്ന പ്രമേയത്തെ ആധാരമാക്കി, പന്ത്രണ്ടാമത് ലാറ്റിനമേരിക്കൻ ശാസ്ത്ര-മത ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കും, സംഘാടകർക്കും, ലിയോ പതിനാലാമൻ പാപ്പായുടെ ആശംസകൾ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അയച്ചു.
സന്ദേശത്തിൽ ദൈവത്തിന്റെ സൃഷ്ടിയുടെ മാഹാത്മ്യത്തെ എടുത്തു പറയുന്ന, വിശുദ്ധ അഗസ്റ്റിന്റെ ഏതാനും ഉദ്ധരണികൾ കൂട്ടിച്ചേർത്തു. "അളക്കപ്പെടുവാൻ സാധിക്കുന്നതിൽ നിന്നും വിശാലതയിലേക്ക് കടക്കുവാനും, അളവില്ലാത്ത ദൈവീക അളവിനെ പറ്റി ധ്യാനിക്കുവാനും, എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധിക്കുന്നതിനെ മറികടക്കുവാനും, എണ്ണമില്ലാത്ത ദൈവീക എണ്ണത്തെ ധ്യാനിക്കുവാനും, പാപമാകുന്നതിനെ മറികടക്കുവാനും, ഭാരമില്ലാത്ത ദൈവീക ഭാരത്തെക്കുറിച്ച് ചിന്തിക്കാനും" അങ്ങനെ ജീവിത പാതകൾ ചിട്ടപ്പെടുത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ദൈവത്തിന്റെ കരവേല, അതിന്റെ സ്രഷ്ടാവിന്റെ മഹത്വം വാക്കുകളുടെ അകമ്പടിയില്ലാതെ പ്രഘോഷിക്കുന്നുവെന്നും, മനുഷ്യന് തന്റെ ജീവിതത്തിലെ ശോഭനമായ ദിവസങ്ങളുടെ പ്രൗഢിയിൽ മാത്രമല്ല, മനുഷ്യാവസ്ഥയ്ക്ക് അനുയോജ്യമായ വേദനയുടെയും കഷ്ടതയുടെയും രാത്രികളിലും ദൈവത്തിന്റെ പ്രത്യാശയുടെ സന്ദേശം കേൾക്കാൻ കഴിയുമെന്നും, സങ്കീർത്തനവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
തുടർന്ന്, പ്രഭാതനക്ഷത്രമായി വിളങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയ്ക്ക് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും, തന്റെ അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
