സാംസ്കാരികലോകത്ത് സഭയുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ "ചിവിൽത്താ കത്തോലിക്ക" നൽകുന്ന സേവനത്തിന് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശ്വസ്തവും ഉദാരവുമായ ഒരു സേവനമാണ് കഴിഞ്ഞ നിരവധി വർഷങ്ങളിൽ "ചിവിൽത്താ കത്തോലിക്ക" സഭയ്ക്കും വിശ്വാസത്തിനുമായി ചെയ്യുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ പിതാക്കന്മാരുടെ ഉദ്ബോധനങ്ങളോടും സഭയുടെ നിയോഗത്തോടും ഐക്യരൂപപ്പെട്ടുകൊണ്ട്, സഭയെ സാംസ്കാരികലോകത്ത് ക്രിയാത്മകമായി അവതരിപ്പിക്കാൻ, ഈശോസഭയുടെ മേൽനോട്ടത്തിൽ 1850-ൽ സ്ഥാപിക്കപ്പെട്ട "ചിവിൽത്താ കത്തോലിക്ക" പ്രസ്ഥാനത്തിൽനിന്ന് ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചിവിൽത്താ കത്തോലിക്ക എന്ന പേരിൽത്തന്നെയുള്ള മാസികയ്ക്ക് കഴിയുന്നുണ്ടെന്ന്, പ്രസ്ഥാനത്തിന്റെ നൂറ്റിയെഴുപത്തിയഞ്ചാം സ്ഥാപനവർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മാസികയുടെ എഴുത്തുകാർക്കും മറ്റ് പ്രവർത്തകർക്കും സെപ്റ്റംബർ 25 വ്യാഴാഴ്ച്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ പാപ്പാ പറഞ്ഞു. ചടങ്ങിൽ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആർത്തൂറോ സോസയും പങ്കെടുത്തിരുന്നു.
ലോകത്തേക്ക് തുറന്ന ഒരു ജനാലയ്ക്ക് സമാനമാണ് ചിവിൽത്താ കത്തോലിക്ക എന്ന ഒരു അഭിപ്രായം ഈ മാസികയെക്കുറിച്ച് ഉയർന്നിട്ടുണ്ടെന്നും, ഇത് ലോകത്ത് നിലനിൽക്കുന്ന വെല്ലുവിളികളെയും വൈരുദ്ധ്യങ്ങളെയും സധൈര്യം നേരിടാനുള്ള ഈ മാസികയുടെ കഴിവുകൊണ്ടാണെന്നും പാപ്പാ പ്രസ്താവിച്ചു. സ്തുത്യർഹമായ ഒരു സേവനമാണ് ചിവിൽത്താ കത്തോലിക്ക സഭയ്ക്കും വിശ്വാസത്തിനും വേണ്ടി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ കൂടി നിയന്ത്രണത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഏവരുടെയും പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു.
നിങ്ങൾ എഴുതുന്ന ലേഖനങ്ങളിലൂടെ ലോകത്ത് ബുദ്ധിപരമായും സജീവമായും പ്രവർത്തിക്കാനും ആവശ്യമുള്ളയിടങ്ങളിൽ ഇടപെടാനും ആളുകളെ പഠിപ്പിക്കാനും, ഓരോ ക്രൈസ്തവന്റെയും അടിസ്ഥാനനിയോഗങ്ങളിൽ ഒന്നായ, പാവപ്പെട്ടവരുടെയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെയും പിന്തള്ളപ്പെട്ടവരുടെയും ശബ്‍ദമാകാനും, നിസ്സംഗത നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ വാഹകരാകാനും നിങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പാപ്പാ ചിവിൽത്താ കത്തോലിക്കയുടെ പ്രവർത്തകരോട് പറഞ്ഞു.
ക്രിസ്തുവിന് ലോകത്തെക്കുറിച്ചുണ്ടായിരുന്ന വീക്ഷണം സ്വന്തമാക്കുകയും, അത് പകരുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു മാസിക കത്തോലിക്കാ മാസിക എന്ന പേരിനർഹമാകുന്നതെന്ന് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ (ചിവിൽത്താ കത്തോലിക്ക മാസികയുടെ പ്രവർത്തകരോട് നടത്തിയ പ്രഭാഷണം 9 febbraio 2017) ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചിവിൽത്താ കത്തോലിക്കയിലെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
