ലാംപെദൂസയിൽ തീരമണയുന്ന കുടിയേറ്റക്കാരായ കടൽയാത്രികർ ലാംപെദൂസയിൽ തീരമണയുന്ന കുടിയേറ്റക്കാരായ കടൽയാത്രികർ  (AFP or licensors)

പാപ്പാ: കാരുണ്യത്തിൻറെ അഭാവത്തിൽ നീതിയില്ല.

ലാംപെദൂസയുടെ “സ്വാഗത പ്രവർത്തന” പദ്ധതി ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയുടെ – യുനെസ്കൊയുടെ (Unesco) അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ ചേർക്കുന്നതിന് പേരുനല്കിയതിനോടനുബന്ധിച്ച് ലിയൊ പതിനാലാമൻ പാപ്പാ ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാരുണ്യം കൂടാതെ നീതി സാദ്ധ്യമല്ലെന്നും അപരൻറെ വേദന ശ്രവിക്കപ്പെടാത്തപ്പോൾ നിയമസാധുത്വം ഇല്ലെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു,

മെച്ചപ്പെട്ടൊരു ജീവീതം തേടി കടൽകടന്നെത്തിയിട്ടുള്ള ആയിരക്കണിക്കനാളുകളെ സ്വാഗതം ചെയ്തിട്ടുള്ള തെക്കെ ഇറ്റലിയിലെ ദ്വീപുകളിൽ ഒന്നായ ലാംപെദൂസയുടെ “സ്വാഗത പ്രവർത്തന” പദ്ധതിയെ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയുടെ – യുനെസ്കൊയുടെ (Unesco) അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ ചേർക്കുന്നതിന് പേരുനല്കിയതിനോടനുബന്ധിച്ച് സെപ്റ്റംബർ 12-ന് വെള്ളിയാഴ്ച (12/09/25)  നല്കിയ ഒരു സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

യാത്രയ്ക്കിടയിൽ മദ്ധ്യധരണ്യാഴിയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞിട്ടുള്ള നിരവധിയായ അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പടെയുള്ളവരെ അനുസ്മരിക്കുന്ന പാപ്പാ ആ ഇരകൾ സ്വർഗ്ഗത്തോടു മാത്രമല്ല നമ്മുടെ ഹൃദയങ്ങളോടും കേഴുന്നുവെന്നു പറഞ്ഞു. കുടിയേറ്റക്കാരായ നിരവധി സഹോദരീസഹോദരന്മാർ ലാംപെദൂസയിൽ അടക്കം ചെയ്യപ്പെട്ടുവെന്നും അവർ പുതിയൊരു ലോകമായി പൊട്ടമുളയ്ക്കാൻ കാത്തിരിക്കുന്ന വിത്തുകൾ പോലെ ഭൂമിയിൽ വിശ്രമിക്കുകയാണെന്നും പാപ്പാ പറയുന്നു.

അതോടൊപ്പം തന്നെ കടൽകടന്നെത്തിയ അനേകർ ഇന്ന് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിലും അവരിൽ അനേകർ നീതിയുടെയും സമാധാനത്തിൻറെയും പ്രവർത്തകരായി മാറിയിരിക്കുന്നതിലും പാപ്പാ ദൈവത്തിനു നന്ദി പറയുന്നു. കാരണം നന്മയെന്നത് സാംക്രമികമായ ഒന്നാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഫ്രാൻസീസ് പാപ്പാ ലാംപെദൂസയിൽ വച്ച് അപലപിച്ചു തുടങ്ങിയ നിസ്സംഗതയുടെ ആഗോളവത്കരണം  ഇന്ന് ബലഹീനതയുടെ ആഗോളവത്കരണമായി പരിണമിച്ചിരിക്കുന്ന പ്രതീതിയുളവാകുന്നുവെന്ന് പാപ്പാ പറയുന്നു. അനീതിയെയും നിരപരാധികളുടെ വേദനയെയും കുറിച്ച് ഉപരിയവബോധം നാം പുലർത്തുമ്പോഴും നമ്മൾ നിശ്ചലരും നിശബ്ദരും ദുഃഖിതരും ഒന്നും ചെയ്യാൻ കഴിയില്ലയെന്ന തോന്നലിന് അടിമപ്പെട്ടവരുമായി നിന്നുപോകുന്ന അപകടമുണ്ടെന്ന വസതുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഈ ബലഹീനതയുടെ ആഗോളവത്കരണം നുണയുടെ പുത്രിയാണെന്ന് പാപ്പാ പറയുന്നു. ആകയാൽ ഈ ആഗോളവത്കരണത്തെ അനുരഞ്ജനസംസ്കൃതിയാൽ ചെറുക്കുന്നതിന് തുടക്കം കുറിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. സമാധാന ദ്വീപുകൾ പെരുകുന്നതിനും പാലങ്ങളുടെ തൂണുകളായി പരിണമിക്കുന്നതിനും അങ്ങനെ ശാന്തി സകലജനതകളിലും സൃഷ്ടികളിലും എത്തിച്ചേരുന്നതിനും വേണ്ടി സമാഗമത്തിൻറെയും അനുരഞ്ജനത്തിൻറെയും പാതയിൽ സഞ്ചരിക്കാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 സെപ്റ്റംബർ 2025, 12:08