കെൻറിലെ പ്രഭ്വി കാതറിൻറെ അന്ത്യോപചാര കർമ്മങ്ങൾ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കത്തീദ്രലിൽ, 16/0925 കെൻറിലെ പ്രഭ്വി കാതറിൻറെ അന്ത്യോപചാര കർമ്മങ്ങൾ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കത്തീദ്രലിൽ, 16/0925  (PA Wire/PA Images)

കെൻറിലെ പ്രഭ്വി കാതറിൻറെ നിര്യാണത്തിൽ പാപ്പായുടെ അനുശോചനം.

സെപ്റ്റംബർ 4-ന് മരണമടഞ്ഞ കത്തോലിക്കാ വിശ്വാസി ആയിരുന്ന കെൻറിലെ പ്രഭ്വി കാതറീൻ ലൂസി മേരി വോർസിലിയുടെ അന്ത്യോപചാര കർമ്മങ്ങൾ സെപ്റ്റംബർ 16-ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കത്തീദ്രലിൽ നടന്നു. പ്രഭ്വിയുടെ മരണത്തിൽ ലിയൊ പതിനാലാമൻ പാപ്പാ അനുശോചിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബ്രിട്ടീഷ് രാജകുടുംബാംഗവും കത്തോലിക്കാവിശ്വാസിയും ആയിരുന്ന കെൻറിലെ പ്രഭ്വി കാതറീൻ ലൂസി മേരി വോർസിലിയുടെ നിര്യാണത്തിൽ പാപ്പാ അനുശോചനം അറിയിച്ചു.

ചാൾസ് മൂന്നാമൻ രാജാവിന് സെപ്റ്റംബർ 16-ന് അയച്ച കമ്പിസന്ദേശത്തിലൂടെയാണ് ലിയൊ പതിനാലാമൻ പാപ്പാ തൻറെ അനുശോചനം അറിയിച്ചത്.

രാജകുടുംബത്തിലെ അംഗങ്ങളോടും പരേതയുടെ ഭർത്താവ് കെൻറിലെ പ്രഭുവിനോടും മക്കളോടും പാപ്പാ തൻറെ സാമീപ്യം അറിയിക്കുകയും പരേതയുടെ ആത്മാവിനെ സ്വർഗ്ഗീയപിതാവിൻറെ കാരുണ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നു.

പ്രഭ്വി കാതറീൻ ഔദ്യോഗികകൃത്യ നിർവ്വഹണത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അർപ്പണബുദ്ധി, ദുർബ്ബലരോടുള്ള കരുതൽ, ക്രിസ്തീയ നന്മയുടെ പൈതൃകം തുടങ്ങിയവ പാപ്പാ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.

വെസ്റ്റ്മിനിസ്റ്റർ കത്തീദ്രലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു കത്തോലിക്കാവിശ്വാസ പ്രകാരമുള്ള മൃതസംസ്കാര കർമ്മങ്ങൾ. ചാൾസ് രാജാവും കമീല രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും അതിൽ പങ്കെടുത്തു. പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗം കത്തോലിക്കാ ആചാരപ്രകാരം സംസ്ക്കരിക്കപ്പെട്ടത് നടാടെയാണ്.

ജന്മംകൊണ്ട് ആംഗ്ലിക്കൻ വിശ്വാസിയായിരുന്ന പ്രഭ്വി കാതറീൻ 1994-ലാണ്. കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്. സെപ്റ്റംബർ 4-ന്, 92-ാമത്തെ വയസ്സിലാണ് പ്രഭ്വി മരണമടഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 സെപ്റ്റംബർ 2025, 15:36