ലിയൊ പതിനാലാമൻ പാപ്പാ മൂന്നാം മാനവസാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 12/09/25 ലിയൊ പതിനാലാമൻ പാപ്പാ മൂന്നാം മാനവസാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 12/09/25  (ANSA)

പാപ്പാ: സാഹോദര്യം എന്നത് സാമീപ്യത്തിൻറെ അധികൃതതമ നാമം.

ലിയൊ പതിനാലാമൻ പാപ്പാ, മാനവ സഹോദര്യ ലോക സമ്മേളനത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ ക്ലെമൻറയിൻ ശാലയിൽ വെള്ളിയാഴ്ച സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാമീപ്യത്തിൻറെ ഏറ്റം അധികൃതമായ പേരാണ് സാഹോദര്യമെന്നും ആ പദത്തിൻറെ അർത്ഥം അപരൻറെ വദനം വീണ്ടും കണ്ടെത്തുകയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സെപ്റ്റംബർ 12, 13 തീയതികളിൽ റോമിലും വത്തിക്കാനിലുമായി സംഘടിപ്പിക്കപ്പെട്ട മൂന്നാം മാനവ സഹോദര്യ ലോക സമ്മേളനത്തിൽ സംബന്ധിക്കുന്നതിനെത്തിയവരടങ്ങിയ മുന്നൂറ്റിയമ്പതോളം പേരുടെ ഒരു സംഘത്തെ വത്തിക്കാനിൽ ക്ലെമൻറയിൻ ശാലയിൽ വെള്ളിയാഴ്ച (12/09/25) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

ദരിദ്രൻറെയും അഭയാർത്ഥിയുടെയും പ്രതിയോഗിയുടെയും വദനത്തിൽ ദൈവത്തിൻറെ രൂപം തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയുമെന്നും പാപ്പാ പറഞ്ഞു. ഇന്ന് ലോകം സംഘർഷങ്ങളാലും പിളർപ്പുകളാലും മുദ്രിതമായിരിക്കുന്ന അവസ്ഥയെക്കുറിച്ചു പരാമർശിച്ച പാപ്പാ യുദ്ധത്തോട് “അരുത്” എന്നും സമാധാനത്തോടും സാഹോദര്യത്തോടും “അതെ” എന്നും ശക്തിയോടും ധീരതയോടും കുടെ പറയുന്നതിന് എല്ലാവരും ഒന്നിച്ചു ചേർന്നിരിക്കുന്നതിൻറെ യുക്തിയുടെ പ്രാധാന്യം എടുത്തുകാട്ടി.

യുദ്ധം ഒരിക്കലും സംഘർഷാവസ്ഥകളിൽ നിന്ന് പുറത്തുകടക്കാനുള്ള ശരിയായ മാർഗ്ഗമല്ല എന്ന ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനവും പാപ്പാ അനുസ്മരിച്ചു.  "സംഘർഷം സഹിക്കുകയും അത് പരിഹരിക്കുകയും അതിനെ പുതിയൊരു പ്രക്രിയയുടെ ശൃംഖലയിലെ ഒരു കണ്ണിയാക്കുകയും" (എവഞ്ചേലി ഗൗദിയും, 227) ചെയ്യുക എന്നത് ഏറ്റവും ജ്ഞാനപൂർണ്ണമായ പാതയും ശക്തരുടെ പാതയുമാണെന്ന് പാപ്പാ പറഞ്ഞു.

സോദരഹത്യനടന്ന കായേൻ ആബേൽ വേദപുസ്തകസംഭവത്തിൽ ഉയരുന്ന നിൻറെ സഹോദരൻ എവിടെ എന്ന ചോദ്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ ചോദ്യം അനുരജ്ഞനത്തിൻറെ തത്ത്വമായി നമ്മുടെതാക്കി മാറ്റേണ്ടത് എന്നത്തെക്കാളുപരി ഇന്ന് ആവശ്യമാണെന്ന് പറഞ്ഞു. ഈ ചോദ്യം നാം ഒരിക്കൽ സ്വന്തമാക്കിക്കഴിഞ്ഞാൽ അത് പ്രത്യക്ഷപ്പെടുക സോദരാ, സോദരീ നീ എവിടെയാണ് എന്ന രൂപത്തിലായിരിക്കുമെന്ന് വിശദീകരിച്ച പാപ്പാ ആ ചോദ്യത്തിനുത്തരം നിശബ്ദതയായരിക്കരുത് പ്രത്യുത സാന്നിധ്യത്താലും പ്രതിബദ്ധതയാലും ധീരതയാലും നമ്മൾ തന്നെ ആയിരിക്കണം, ജീവൻറെയും വളർച്ചയുടെയും വികസനത്തിൻറെയും വ്യത്യസ്ത ദിശ തിരഞ്ഞെടുക്കൽ ആയിരിക്കണം എന്ന് ഓർമ്മിപ്പിച്ചു.

സംസ്കാരങ്ങളെയും മതങ്ങളെയും ഒന്നിപ്പിക്കുന്ന ഈ ജ്ഞാനത്തിനും, നമ്മുടെ എല്ലാ വ്യത്യാസങ്ങൾക്കിടയിലും നമ്മൾ സഹോദരീസഹോദരന്മാരാണെന്ന് പരസ്പരം അംഗീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ആ നിശബ്ദ ശക്തിക്കുമുള്ള സാക്ഷ്യമാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിധ്യമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയും, എല്ലാവരും സഹോദരങ്ങൾ എന്ന ഫൗണ്ടേഷനും മനുഷ്യനായിരിക്കുക എന്ന സംഘടനയും മാനവികതയ്ക്കായുള്ള പത്രോസിൻറെ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഈ മാനവസാഹോദര്യ മൂന്ന ലോക സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 സെപ്റ്റംബർ 2025, 12:22