ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഒരു ദൃശ്യം ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഒരു ദൃശ്യം 

ഉർബാനിയൻ യൂണിവേഴ്സിറ്റിയുടെ അക്കാദമികവർഷാരംഭത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ

ബൗദ്ധികമായ ഒരു പ്രവൃത്തിയെന്നതിനേക്കാൾ, സത്യവും ദൈവവും ഒരുമിക്കുന്ന ജ്ഞാനത്തിലേക്ക് നയിക്കുന്ന ഒരു യാത്രയാകണം വിദ്യാഭ്യാസമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഉർബാനിയൻ യൂണിവേഴ്സിറ്റിയുടെ ചാൻസലറിന്റെ സാന്നിദ്ധ്യത്തിൽ, ഈ അക്കാദമിക വർഷത്തിന്റെ ആരംഭം കുറിക്കുകയും ജൂബിലി തീർത്ഥാടനം നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ഒരുമിച്ച് ചേർന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് വിദ്യാഭ്യാസത്തിനുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പഠനമെന്നത് വെറും ബൗദ്ധിക വ്യായാമല്ലെന്നും, നിത്യതയുടെ യാഥാർത്ഥ്യങ്ങളിലേക്ക് ഹൃദയത്തെ നയിക്കുന്നതും, നാം അന്വേഷിക്കുന്ന സത്യവും, തന്നെത്തന്നെ സംലഭ്യമാക്കുന്ന ദൈവവും ചേരുന്ന ജ്ഞാനത്തിലേക്ക് നയിക്കുന്നതുമായ പാതയാണ് അതെന്നും ലിയോ പതിനാലാമൻ പാപ്പാ. തങ്ങളുടെ അദ്ധ്യയന വർഷത്തിന്റെ തുടക്കം കുറിക്കുന്നതിന്റെയും, ജൂബിലി തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിൽ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉർബാനിയൻ യൂണിവേഴ്സിറ്റിയിലെ മേധാവികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന അവസരത്തിലേക്ക് കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിലാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മൂല്യത്തെക്കുറിച്ച്, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

പ്രത്യാശയുടെ വാക്കുകളും, കാരുണ്യത്തിന്റെ അടയാളങ്ങളും, സത്യത്തെക്കുറിച്ചുള്ള സൂചനകളും, സ്വാതന്ത്രത്തിന്റെ ഉറപ്പും കാത്തിരിക്കുന്ന ജനതകൾക്കുള്ള ശുശ്രൂഷയ്ക്കായി വ്യക്തികളെ തയ്യാറാക്കാൻ ഇത്തരം വിദ്യാപീഠങ്ങൾക്കുള്ള നിയോഗം പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഈയൊരു കാര്യം, ഏതാണ്ട് നാനൂറ് വർഷങ്ങളായി സർവ്വത്രികസഭയുടെ മിഷനറിസ്വഭാവം ഉൾക്കൊള്ളുന്നതും, പൊന്തിഫിക്കൽ ഉർബാനിയൻ കോളേജിന്റെ അക്കാദമികപ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചതുമായ ഉർബാനിയൻ യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കൂടുതൽ പ്രസക്തമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ അറ്റം വരെയും സുവിശേഷമറിയിക്കാൻ ക്രിസ്തു സഭയ്ക്ക് നൽകിയ നിയോഗം ഉൾക്കൊണ്ട് ആരംഭിക്കുകയും, ആ നിർദ്ദേശം പ്രാവർത്തികമാക്കുന്നതിനായി വിദ്യാർത്ഥികളെ ഒരുക്കുകുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയെന്ന് പാപ്പാ എഴുതി.

ഉർബാനിയൻ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സമൂഹം സഭയുടെ സർവ്വത്രികസ്വഭാവത്തിന്റെ ജീവനുള്ള അടയാളം കൂടിയാണെന്ന് എഴുതിയ പാപ്പാ, വിശ്വാസത്തിൽ ഒരുമിക്കപ്പെട്ട്, ലോകത്തിന്റെ എല്ലായിടങ്ങളിൽനിന്നും, വ്യത്യസ്ത ഭാഷകളിലും, സംസ്കാരങ്ങളിൽനിന്നും എത്തിയവരാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ എന്ന് വിശദീകരിച്ചു.

ജ്ഞാനസ്നാനം സ്വീകരിച്ചവർ ക്രിസ്തുവിൽ ഒന്നാണെന്ന കാര്യം പരാമർശിച്ചുകൊണ്ട്, സഭയുടെ സാർവ്വത്രികത ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്നതും ഒരുമയുളവാക്കുന്നതുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒരുമയുടെ ഉറവിടമായ ക്രിസ്തുവിനാൽ ആകർഷിക്കപ്പെട്ടാൽ മാത്രമേ, യഥാർത്ഥ സഹോദര്യത്തിലേക്ക് വളരാനാകൂ എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഷങ്ഹായിയിൽ 1924-ൽ നടന്ന സിനഡിനെക്കുറിച്ചുള്ള പഠനം ഉർബാനിയൻ യൂണിവേഴ്സിറ്റിയുടെ അക്കാദമിക വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷമറിയിച്ച പാപ്പാ, ആ കൗൺസിൽ ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നുവെന്നും, തന്റെ വ്യക്തിത്വത്തോട് വിശ്വസ്തത പുലർത്തിക്കൊണ്ട്, വ്യത്യസ്തങ്ങളായ ചരിത്ര, സാംസ്‌കാരിക ഇടങ്ങളിൽ ജന്മമെടുക്കാൻ കഴിവുള്ള ക്രൈസ്തവസമൂഹത്തിന്റെ ധൈര്യമാണ് അത് വെളിവാക്കുന്നതെന്നും എഴുതി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഒക്‌ടോബർ 2025, 14:09