ഇംഗ്ലണ്ടിലെ രാജകുടുംബത്തെ സ്വീകരിച്ച്, ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
500 വർഷങ്ങൾക്കുശേഷം, ആംഗ്ലിക്കൻ സഭയിലെ അംഗമായ ഇംഗ്ലണ്ട് സഭയും, കത്തോലിക്കാ സഭയും ചേർന്നുള്ള എക്യൂമെനിക്കൽ ചരിത്രപരമായ പ്രാർത്ഥനാസമ്മേളനത്തിന്, വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേള സാക്ഷ്യം വഹിച്ചു. തദവസരത്തിൽ, ഇംഗ്ലണ്ട് രാജാവ്, ചാൾസ്, രാജ്ഞി, കമില്ല എന്നിവരും, ലിയോ പതിനാലാമൻ പാപ്പായും സന്നിഹിതരായിരുന്നു.
ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതിയാണ് ചരിത്രപരമായ ഈ നിമിഷത്തിനു വത്തിക്കാൻ വേദിയായത്. പ്രാദേശിക സമയം രാവിലെ 10. 50 ഓടെ വത്തിക്കാനിൽ രാജകുടുംബം എത്തിച്ചേർന്നപ്പോൾ, ഇംഗ്ലീഷ് ദേശീയ ഗാനം " ഗോഡ് സേവ് ദി കിംഗ് " ആലപിച്ചു. ശേഷം, അപ്പസ്തോലിക കൊട്ടാരത്തിൽ പ്രവേശിച്ച ഇരുവരും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന്, വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ ഇരുവരെയും അനുഗമിക്കുകയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. സൗഹാർദ്ദപരമായ ചർച്ചകൾക്കിടയിൽ, നിലവിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളെ അഭിനന്ദിക്കുകയും, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടങ്ങി പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളെ വിലയിരുത്തുകയും ചെയ്തു.
ആഗോളതലത്തിൽ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, സമാധാനവും സുരക്ഷയും പരിപോഷിപ്പിക്കുന്നതിനുള്ള പൊതുവായ പ്രതിബദ്ധതയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതും, ചർച്ചയിൽ വിഷയമായി. എക്യൂമെനിക്കൽ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നത് തുടരേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ സംസാരിച്ചു.ഇതുസംബന്ധിച്ച വിവരങ്ങൾ, വത്തിക്കാൻ വാർത്താകാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
സിസ്റ്റൈൻ കപ്പേളയിൽ, പ്രദേശിക സമയം ഉച്ചകഴിഞ്ഞു 12. 20 നാണ് എക്യൂമെനിക്കൽ പ്രാർത്ഥന ആരംഭിച്ചത്. ആംഗലേയ ഭാഷയിലും, ലത്തീൻ ഭാഷയിലും പ്രാർത്ഥനകൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിന് ഏവരെയും ക്ഷണിക്കുന്ന ലൗദാത്തോ സി ചാക്രികലേഖനത്തിന്റെ പത്താം വാർഷികത്തിൽ നടത്തിയ ഈ സന്ദർശനം, സൃഷ്ടിയുടെ പരിപാലനത്തിന് പങ്കുവയ്‌ക്കേണ്ടുന്ന പ്രതിബദ്ധത എടുത്തു കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
