പൗരസ്ത്യ അസീറിയൻ സഭയുടെ പാത്രിയർക്കീസ് കാതോലിക്കോസ് മാർ ആവാ മൂന്നാമനും, ലിയോ പതിനാലാമൻ പാപ്പായും കൂടിക്കാഴ്ച്ച  നടത്തുന്നു പൗരസ്ത്യ അസീറിയൻ സഭയുടെ പാത്രിയർക്കീസ് കാതോലിക്കോസ് മാർ ആവാ മൂന്നാമനും, ലിയോ പതിനാലാമൻ പാപ്പായും കൂടിക്കാഴ്ച്ച നടത്തുന്നു   (@VATICAN MEDIA)

"സത്യത്തിന്റെ സംഭാഷണം" സഭകളെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്: പാപ്പാ

പൗരസ്ത്യ അസീറിയൻ സഭയുടെ പാത്രിയർക്കീസ് കാതോലിക്കോസ് മാർ ആവാ മൂന്നാമനും, കത്തോലിക്കാ സഭയും, അസീറിയൻ സഭയും തമ്മിലുള്ള ദൈവശാസ്ത്രസംഭാഷണത്തിനായുള്ള സംയുക്ത കമ്മീഷൻ അംഗങ്ങളും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായെ സന്ദർശിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രിസ്തുവിലെ ഒരു പ്രിയ സഹോദരനെന്ന നിലയിൽ  പൗരസ്ത്യ അസീറിയൻ സഭയുടെ പാത്രിയർക്കീസ് കാതോലിക്കോസ് മാർ ആവാ മൂന്നാമനെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷമറിയിച്ചും, തന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ ഉദ്ഘാടന വേളയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് നന്ദി പറഞ്ഞുകൊണ്ടും, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി നടന്ന കൂടിക്കാഴ്ചാവേളയിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സഹോദരതുല്യമായ  കണ്ടുമുട്ടലുകളും, ദൈവശാസ്ത്ര സംവാദവും ഐക്യത്തിലേക്കുള്ള പാതയിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

സത്യത്തിന്റെ സംഭാഷണം നമ്മുടെ സഭകളെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ ഒരു പ്രകടനമാണെന്നും, അതുപോലെ തന്നെ ജീവകാര്യുന്യ പ്രവർത്തനങ്ങളുടെയും ദൈവശാസ്ത്രപരമായ മാനം ഉൾക്കൊള്ളണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇക്കഴിഞ്ഞവർഷങ്ങളിൽ, പരസ്പരമുള്ള സംഭാഷണങ്ങൾ കൊണ്ടുവന്ന പുരോഗതി ഏറെ  ശ്രദ്ധേയമാണെന്നും പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ ശരീരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി പരിശുദ്ധാത്മാവിൽ  നിന്ന് ലഭിച്ച നമ്മുടെ സഭകൾ  തമ്മിലുള്ള ദാനങ്ങളുടെ കൈമാറ്റത്തെ ഈ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം എല്ലാ പാരമ്പര്യങ്ങളിലുമുള്ള ക്രിസ്ത്യാനികൾക്കിടയിൽ സിനഡലിറ്റിയുടെ രൂപങ്ങൾ പ്രായോഗികമാക്കുന്നതിനും, പുതിയ എക്യൂമെനിക്കൽ സിനഡൽ സമ്പ്രദായങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2025, 13:12