ഈശോ സഭയിലെ മേജർ സുപ്പീരിയർമാരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു ഈശോ സഭയിലെ മേജർ സുപ്പീരിയർമാരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു   (@Vatican Media)

തീവ്രമായ ആത്മീയതയിൽ കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുവാൻ ഈശോസഭാ അംഗങ്ങൾക്ക് സാധിക്കട്ടെ: പാപ്പാ

ഈശോ സഭയിലെ മേജർ സുപ്പീരിയർമാരുമായി ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ സഭ മുൻപോട്ടുവയ്ക്കുന്ന വിവിധ പരിഗണകളെക്കുറിച്ച് പാപ്പാ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആധുനികയുഗത്തിൽ, അജപാലനമേഖലയിൽ, പുതിയ ജീവിതരീതികൾ വിവേചിച്ചറിയുവാൻ ഏവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ, ഈശോ സഭയിലെ മേജർ സുപ്പീരിയർമാരുമായി ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സംസ്കാരം, സാമ്പത്തികം, സാങ്കേതികവിദ്യ, രാഷ്ട്രീയം എന്നിവയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ജോലിയെയും ബന്ധങ്ങളെയും കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കുകയും മനുഷ്യ സ്വത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുവെന്നും, ജനാധിപത്യ സിദ്ധാന്തങ്ങളും, പ്രത്യയശാസ്ത്ര ധ്രുവീകരണവും രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതയെ കൂടുതൽ ആഴത്തിലാക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, ക്രിസ്തു തന്റെ ശിഷ്യന്മാരെ ഈ ലോകത്തിലേക്ക് അയയ്ക്കുന്നത് തുടരുന്നുവെന്നും, ആത്മീയ നേതൃത്വം, ബൗദ്ധിക രൂപീകരണം, ദരിദ്രർക്കിടയിലെ സേവനം, എന്നിങ്ങനെയുള്ള മനുഷ്യരാശിയുടെ വിവിധ ആവശ്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ആളുകളാണ് ഈശോസഭ അംഗങ്ങൾ എന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. അനിശ്ചിതത്വത്തെയോ ബുദ്ധിമുട്ടിനെയോ ഭയപ്പെടാത്തവരായിരുന്നു, വിശുദ്ധ  ഇഗ്നേഷ്യസും കൂട്ടരും എന്നത് ഓർമ്മപ്പെടുത്തിയ പാപ്പാ, സമൂഹത്തിന്റെ ദുഷ്കരമായ സാഹചര്യങ്ങളിലെല്ലാം ഈശോസഭക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകളും ഉദ്ധരിച്ചു.

പ്രത്യാശയോടെ ഒരുമിച്ച് എങ്ങനെ നടക്കാമെന്ന് വിവേചിച്ചറിയാൻ സഭാ സമൂഹങ്ങളെ സിനഡാൽ മാതൃകയിൽ സഹായിക്കുന്നതിൽ.ഈശോ സഭ വഹിക്കുന്ന പങ്കിനെയും പാപ്പാ എടുത്തു പറഞ്ഞു. "ബലഹീനതയുടെ ആഗോളവൽക്കരണത്തെ" അനുരഞ്ജനത്തിന്റെ ഒരു സംസ്കാരം ഉപയോഗിച്ച് നാം പ്രതിരോധിക്കണമെന്നും, നിർമിതബുദ്ധിയുടെ അതിപ്രസരം അടയാളപ്പെടുത്തുന്ന  ഈ ലോകത്തിൽ, മാനവികതയെ ധാർമ്മികമായി നയിക്കാനും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും പൊതുനന്മ പ്രോത്സാഹിപ്പിക്കാനും സഭ സംഭാവനകൾ നല്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

തുടർന്ന്, സഭയുടെ വിവിധ പരിഗണനകളെയും പാപ്പാ അനുസ്മരിച്ചു. ആത്മീയ പ്രവർത്തനങ്ങളിലൂടെയും, ധ്യാനങ്ങളിലൂടെയും ദൈവത്തിലേക്കുള്ള പാത മനുഷ്യകുലത്തെ പഠിപ്പിക്കുക, ദരിദ്രരോടും,  ലോകത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവരോടും,  അന്തസ്സിന് കളങ്കമേറ്റവരുടെയും  കൂടെ നടക്കുക, പ്രത്യാശയുടെ ഭാവിയിലേക്ക് നടക്കുന്ന  യുവാക്കളെ അനുഗമിക്കുക, നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുക എന്നീ മുൻഗണനകളിൽ സഭയിലെ എല്ലാ അംഗങ്ങൾക്കും വളരുവാൻ സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

നിരാശ ആധിപത്യം പുലർത്തുന്നതായി തോന്നുന്നിടത്ത് പ്രത്യാശ വിതയ്ക്കുവാനും, ഇരുട്ട് വാഴുന്നിടത്ത് വെളിച്ചം കൊണ്ടുവരുവാനും,  അംഗങ്ങൾക്കുള്ള ദൗത്യവും പാപ്പാ ഓർമ്മപ്പെടുത്തി. ഇവയ്‌ക്കെല്ലാം യേശുവിനോട് ചേർന്നുനിൽക്കുവാനും, വ്യക്തിപരമായ പ്രാർത്ഥനയിൽ ആഴപ്പെടുവാനും, കൂദാശ ജീവിതത്തിൽ പുഷ്ടിപ്പെടുവാനും ഏവർക്കും സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ഈശോ സഭ അംഗങ്ങൾക്ക്  ആത്മീയ ആഴത്തോടെ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ കഴിയും എന്നതാണ് തന്റെ പ്രത്യാശയെന്നും പാപ്പാ കൂട്ടിച്ചേർത്തു. "നിങ്ങൾ ക്രിസ്തുവിനോടൊപ്പം നടക്കുകയാണെങ്കിൽ ഒരു അതിർത്തിയും നിങ്ങളുടെ പരിധിയിൽ നിന്ന് പുറത്തായിരിക്കില്ല", പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഒക്‌ടോബർ 2025, 14:10