ലിയോ പതിനാലാമൻ പാപ്പായയും നമ്മുടെ പൊതുഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും എന്ന കോൺഫറൻസിൽ സംബന്ധിച്ചവരും ലിയോ പതിനാലാമൻ പാപ്പായയും നമ്മുടെ പൊതുഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും എന്ന കോൺഫറൻസിൽ സംബന്ധിച്ചവരും  (ANSA)

മനുഷ്യാന്തസ്സിനെ മാനിക്കുന്ന വിധത്തിൽ അഭയാർത്ഥികളും കുടിയേറ്റക്കാരുമായ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുക: ലിയോ പതിനാലാമൻ പാപ്പാ

കുടിയേറ്റക്കാരും അഭയാർത്ഥികളുമായി അന്യദേശങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിന് വിലകൊടുക്കാനും, നിസംഗതയുടെ മനോഭാവം ഉപേക്ഷിച്ച്, ഇത്തരം മനുഷ്യർ തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതരുന്ന പ്രത്യാശയുടെ ഉദാഹരണം ഉയർത്തിക്കാട്ടാനും ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. “നമ്മുടെ പൊതുഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” എന്ന പേരിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സംബന്ധിച്ചവർക്ക് ഒക്ടോബർ 2 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിവിധ കാരണങ്ങളാൽ സ്വന്തം നാട്ടിൽനിന്ന് അകന്നുമാറി കുടിയേറ്റക്കാരും അഭയാർത്ഥികളുമായി കഴിയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും, നിസംഗതയുടെ ഭാവം വെടിയാനും, കുടിയേറ്റജനതകളിലെ അനേകർ കാണിച്ചുതരുന്ന പ്രത്യാശയുടെ ഉദാഹരണം ഉയർത്തിക്കാട്ടാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. “നമ്മുടെ പൊതുഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” (Refugees and Migrants in our Common Home) എന്ന പേരിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സംബന്ധിച്ചവർക്ക് ഒക്ടോബർ 2 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഇത്തരം ജനങ്ങളെക്കുറിച്ച് ഒരു സമ്മേളനം തയ്യാറാക്കാൻ പരിശ്രമിച്ചവരെ പാപ്പാ അഭിനന്ദിച്ചു.

അദ്ധ്യയനം, അന്വേഷണം, സേവനം, പിന്തുണ എന്നീ അടിസ്ഥാനശിലകളിൽ കേന്ദ്രീകരിച്ച ത്രിവർഷപദ്ധതിക്ക് തുടക്കം കുറിക്കാനും, അതുവഴി, ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തിരുന്നതുപോലെ, തങ്ങളുടേതായ ഇടങ്ങളിൽ ചെയ്യാവുന്ന സേവനങ്ങൾ വഴി, ലോകത്ത് അഭയാർത്ഥികളും കുടിയേറ്റക്കാരുമായി കഴിയുന്നവരുടെ ആവശ്യങ്ങളിൽ സഹായിക്കാനാകാനുമുള്ള തീരുമാനത്തിലേക്ക് ഈ കോൺഫറൻസ് നിങ്ങളെ നയിച്ചുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി  അഭയാർത്ഥികളും കുടിയേറ്റക്കാരുമെന്ന നിലയിൽ കഴിയുന്ന പത്ത് കോടിയിലധികം ജനങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഈയൊരു സംരംഭം നിങ്ങളെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

നിസംഗതയോടെ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെയും വേദനകളെയും നോക്കിക്കാണുന്ന മനോഭാവം നമുക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ, "നിസംഗതയുടെ ആഗോളവത്കരണം" എന്ന് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ച ഈ തിന്മയെ, അനുരഞ്ജനത്തിന്റെ ഒരു സംസ്കാരം കൊണ്ട് നേരിടാൻ സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ കണ്ടുമുട്ടലുകൾ മുറിവുണക്കലിന്റെയും അവനവനോടും മറ്റുള്ളവരോടും ക്ഷമിക്കുന്നതിന്റെയും അവസരങ്ങളാക്കി മാറ്റണമെന്ന് ഫ്രാൻസിസ് പാപ്പായെ പരാമർശിച്ചുകൊണ്ട് പരിശുദ്ധപിതാവ് കൂട്ടിച്ചേർത്തു.

നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന പല അഭയാർത്ഥികളും കുടിയേറ്റക്കാരും ചെറുത്തുനിൽപ്പിലൂടെയും ദൈവവിശ്വാസത്തിലൂടെയും പ്രത്യാശയുടെ സാക്ഷികളായാണ് നിൽക്കുന്നതെന്ന്, തന്റെ മുൻഗാമിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. മിഷനറി ലോകത്തിന്റെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 4, 5 തീയതികളിൽ ആചരിക്കപ്പെടുന്നത് പരാമർശിച്ച പാപ്പാ, കുടിയേറ്റക്കാരുടേതും അഭയാർത്ഥികളുടേതും പോലെയുള്ള പ്രത്യാശയുടെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടാൻ ആഹ്വാനം ചെയ്തു. തങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ മറ്റുള്ളവർക്ക് അനേകർക്ക് ഇവരുടെ ജീവിതമാതൃക സഹായകരമാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

പരസ്പരമുള്ള കണ്ടുമുട്ടലിന്റെയും അനുരഞ്ജനത്തിന്റെയും സാഹോദര്യ ഐക്യദാർഢ്യത്തിന്റെയും സംസ്കാരം വളർത്താൻ നമ്മുടെ പൊതുഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും എന്ന പേരിൽ നടക്കുന്ന കോൺഫറൻസിന് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഒക്‌ടോബർ 2025, 13:55