“ദിലേക്സി തേ” ലിയൊ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പോസ്തോലിക പ്രബോധനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തൻറെ പ്രഥമ അപ്പൊസ്തോലിക പ്രബോധനമായ “ദിലേക്സി തേ” (Dilexi te) ലിയൊ പതിനാലാമൻ പാപ്പാ ഒപ്പു വച്ചു.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ നാലിന്, ശനിയാഴ്ചയാണ് പാപ്പാ അപ്പൊസ്തോലിക ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ വച്ച്, വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിൽ പൊതുകാര്യവിഭാഗത്തിൻറെ ചുമതലവഹിക്കുന്ന ആർച്ചുബിഷപ്പ് എദ്ഗാർ പെഞ്ഞാ പാറയുടെ (Edgar Peña Parra) സാന്നിധ്യത്തിൽ ഈ അപ്പൊസ്തോലിക പ്രബോധനത്തിൽ ഒപ്പുവച്ചത്.
“ഞാൻ നിന്നെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന ലത്തീൻ വാക്കുകൾ ശീർഷകമായുള്ള ഈ രേഖ ഒക്ടോബർ ഒമ്പതിന്, വ്യാഴാഴ്‌ച വത്തിക്കാൻറെ വാർത്താകാര്യാലയത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെടും. ഈ വാർത്താകാര്യാലയം, പ്രസ്സ് ഓഫീസ്, ശനിയാഴ്ച ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
