ആരോഗ്യപരിപാലനരംഗത്ത് വ്യക്തിപരമായ ആശയവിനിമയവും സമ്പർക്കവും പ്രധാനപ്പെട്ടവ: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വചനം മാംസമായ ക്രിസ്തുവിന്റെ മാതൃകയിൽ, ഡോക്ടർമാരും തങ്ങൾക്കരികിലെത്തുന്ന രോഗികൾക്ക് സൗഖ്യവും പ്രത്യാശയും ശാന്തിയും പകരാൻ ശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. തെക്കേ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും നിന്നുള്ള ഡോക്ടർമാരുടെ കൂട്ടായ്മയായ "കോൺഫെമെലിന്" (CONFEMEL) ഒക്ടോബർ രണ്ടാം തീയതി രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ആരോഗ്യപരിപാലനരംഗത്ത് ഉണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. തെക്കേ അമേരിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഇരുപത് ലക്ഷത്തിലധികം ഡോക്ടർമാരെയാണ് കോൺഫെമെൽ പ്രതിനിധാനം ചെയ്യുന്നതെന്ന് അനുസ്മരിച്ച പാപ്പാ, ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞു.
ഡോക്ടർ-രോഗീ ബന്ധത്തിലെ വ്യക്തിപരമായ അടുപ്പവും ആരോഗ്യപരിപാലനത്തിനായുള്ള ശ്രമങ്ങളും സംബന്ധിച്ച് സംസാരിക്കവെ, ഒക്ടോബർ രണ്ടിന് ആചരിക്കപ്പെടുന്ന കാവൽമാലാഖാമാരുടെ തിരുനാളിന്റെകൂടി പശ്ചാത്തലത്തിൽ, ഡോക്ടർമാരുടെ നിയോഗവുമായി ബന്ധപ്പെടുത്തി, ജീവിതവഴികളിൽ മാലാഖമാർ നമ്മെ നയിക്കുന്നതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു.
കുഷ്ഠരോഗിയായ മനുഷ്യനെ ക്രിസ്തു തൊട്ട് സുഖപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് (മർക്കോസ് 1,40-42), രോഗികളുടെ നന്മയ്ക്കും സൗഖ്യത്തിനും വേണ്ടി ഡോക്ടർമാർ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുന്നതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വെനിസ്വേലയിൽ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയോ എർണാന്ദെസ് (Bl. José Gregorio Hernández) എന്ന ഡോക്ടറുടെ ജീവിതമാതൃക പാപ്പാ എടുത്തുകാട്ടി. "പാവപ്പെട്ടവരുടെ ഡോക്ടർ" എന്ന പേരിന് അദ്ദേഹം അർഹനായത് തന്റെ ജീവിതസമർപ്പണം കൊണ്ടാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഡോക്ടറും രോഗിയുമായുള്ളത് രണ്ട് വ്യക്തികൾ തമ്മിലുള്ള അടുത്ത ബന്ധമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ചികിത്സാരംഗത്ത് നിർമ്മിതബുദ്ധിയുടെ സഹായം ഉപകാരപ്രദമാണെങ്കിലും, ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞിരുന്നതുപോലെ, "സ്നേഹത്തിന്റെ കരുതൽ ശേഖരമായ" ഡോക്ടറുടെ സ്ഥാനം ഏറ്റെടുക്കാൻ നിർമ്മിതബുദ്ധിക്കാകില്ലെന്നും ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
