ലിയോ പതിനാലാമൻ പാപ്പാ വിദ്യാർത്ഥികൾക്കിടയിലൂടെ നീങ്ങുന്നു ലിയോ പതിനാലാമൻ പാപ്പാ വിദ്യാർത്ഥികൾക്കിടയിലൂടെ നീങ്ങുന്നു  (ANSA)

ഭാവിയെ നയിക്കുന്ന നക്ഷത്രസമൂഹങ്ങളാകാൻ വിദ്യാർത്ഥികൾക്ക് ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം

വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാർത്ഥികൾക്ക് ലിയോ പതിനാലാമൻ പാപ്പാ ഒക്ടോബർ 30 വ്യാഴാഴ്ച പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ചു. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ജീവിക്കാനും, മെച്ചപ്പെട്ട ഒരു നാളേക്കായി സഹകരണമനോഭാവത്തോടെ വളരാനും, സത്യത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകാനും, ദിശകാട്ടുന്ന നക്ഷത്രസമൂഹങ്ങളായി മാറാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉന്നതമായ മൂല്യങ്ങൾ ജീവിക്കാനും, നല്ലൊരു നാളെയ്ക്കായി പ്രവർത്തിക്കാനും, സത്യത്തിന്റെയും സമാധാനത്തിന്റെയും സാക്ഷികളായി പ്രവർത്തിക്കാനും, മറ്റുള്ളവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളാകാനും യുവ വിദ്യാർത്ഥികൾക്ക് ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പാ. വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാർത്ഥികൾക്ക് ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, മുൻപേ കടന്നുപോയ വിശുദ്ധ ജീവിതങ്ങളെ അനുകരിച്ച് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി വളരാൻ പരിശുദ്ധ പിതാവ് വിദ്യാർത്ഥികളെ ആഹ്വാനം ചെയ്‌തത്‌.

അടുത്തിടെ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച, വിശുദ്ധ പിയർ ജ്യോർജ്യോ ഫ്രസാത്തി "വിശ്വാസമില്ലാത്ത ജീവിതം ജീവിതമല്ല", "ഉന്നതത്തിലേക്ക്" എന്നീ ആപ്തവാക്യങ്ങൾ സൃഷ്ടിക്കുകയും അവ പലവുരു ആവർത്തിക്കുകയും ചെയ്തിരുന്നത് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. നൈമിഷികവും നമ്മിൽ ആനന്ദം നിറയ്ക്കാത്തതുമായ കാര്യങ്ങളേക്കാൾ ജീവിതം അതിന്റെ പൂർണ്ണതയിൽ ജീവിക്കാനും, പ്രാർത്ഥനയിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു. സഭയ്ക്കും ലോകത്തിനും ചെയ്യാൻ കഴിയുന്ന സേവനങ്ങളുടെ മേന്മയിൽ, നിങ്ങളുടെ തലമുറ അറിയപ്പെട്ടിരുന്നെങ്കിൽ എന്ന് പാപ്പാ ആശംസിച്ചു.

മെച്ചപ്പെട്ട ഒരു ജീവിതത്തിനും ലോകത്തിനുമായി ആഗോളതലത്തിലുള്ള ഒരു സഹകരണത്തിനായി ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തത് ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. യാന്ത്രികമായി വിദ്യാഭ്യാസം സ്വീകരിക്കുന്നവർ എന്നതിൽനിന്ന് സത്യത്തിന്റെയും സമാധാനത്തിന്റെയും സാക്ഷികളും വക്താക്കളുമായി മാറാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. പങ്കിടുന്നതിലൂടെ അറിവ് വർദ്ധിക്കുമെന്നും, മനസ്സുകളുടെ സംവാദങ്ങളിലൂടെയാണ് സത്യത്തിന്റെ നാളം തെളിയുന്നതെന്നും ജോൺ ഹെൻറി ന്യൂമാൻ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.

ആകാശത്തിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ടെന്നും, അവ നാവികരുൾപ്പെടുന്ന യാത്രികർക്ക് വഴികാട്ടുന്നുവെന്നും ഓർമ്മിപ്പിച്ച, ഒരു മുൻ അധ്യാപകൻ കൂടിയായ പാപ്പാ, നക്ഷത്രങ്ങളെപ്പോലെ, ഭാവിയുടെ മാർഗ്ഗം കാണിച്ചുകൊടുക്കുന്ന "വിദ്യാഭ്യാസത്തിന്റെ നക്ഷത്രസമൂഹങ്ങൾ" സൃഷ്ടിക്കപ്പെടാനായി നിരവധിയാളുകൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.

ജീവിതത്തിന്റെ സുഖദുഃഖസമ്മിശ്രമായ യാഥാർത്ഥ്യങ്ങളിൽ നിങ്ങളെ വഴികാട്ടാൻ മാതാപിതാക്കളും ഗുരുക്കന്മാരും പുരോഹിതരും സുഹൃത്തുക്കളും നക്ഷത്രങ്ങളെപ്പോലെ നിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുപോലെ നിങ്ങളും നിങ്ങൾക്കരികിലുള്ളവർക്ക് വഴികാട്ടികളാകേണ്ടവരാണെന്ന് വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. എന്നാൽ ഒരു നക്ഷത്രത്തിന് ഒറ്റയ്ക്ക് വഴികാട്ടാനാകാത്തതുപോലെ, ഒരുമിച്ച് നിന്ന് വേണം ഭാവിക്ക് ദിശ കാട്ടാൻ നിങ്ങൾ ശ്രമിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ആദ്ധ്യാത്മികജീവിതം, ഡിജിറ്റൽ മേഖല, സമാധാനശ്രമങ്ങൾ തുടങ്ങിയ ചിന്തകൾ ഉൾക്കൊള്ളൂന്ന വിദ്യാഭ്യാസം തുടങ്ങി ഒരു ആഗോള വിദ്യാഭ്യാസ ഉടമ്പടിയും നയങ്ങളുമായി ബന്ധപ്പെട്ട യുവജനങ്ങൾ മുൻപോട്ടുവച്ച ചിന്തകളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ദൈവത്തിൽ തന്റെ യഥാർത്ഥ സന്തോഷം കണ്ടെത്തിയ വിശുദ്ധ അഗസ്റ്റിന്റെയും,  നന്മയ്ക്കായി ഡിജിറ്റൽ മേഖലയെ ഉപയോഗിച്ച വിശുദ്ധ കാർലോ അക്കൂത്തിസിന്റെയും  ജീവിതങ്ങളെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

വീണുപോകുന്ന നക്ഷത്രങ്ങളിലേക്കല്ല നീതിയുടെ നക്ഷത്രമായ യേശുക്രിസ്തുവിലേക്ക് നോക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ക്രിസ്തു ജീവന്റെ പാതകളിലൂടെ നിങ്ങളെ നയിക്കുമെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഒക്‌ടോബർ 2025, 13:28