റോമിലെ വെറാനോ സെമിത്തേരിയിൽ നിന്നുള്ള ഒരു ദൃശ്യം റോമിലെ വെറാനോ സെമിത്തേരിയിൽ നിന്നുള്ള ഒരു ദൃശ്യം 

സകല മരിച്ചവരുടെയും തിരുനാൾദിനത്തിൽ റോമിലെ വെറാനോ സെമിത്തേരിയിൽ പരിശുദ്ധപിതാവ് വിശുദ്ധബലിയർപ്പിക്കും

സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ റോമിലെ വെറാനോ സെമിത്തേരിയിൽ വിശുദ്ധബലിയർപ്പിക്കുമെന്ന് റോം വികാരിയേറ്റ് ഒക്ടോബർ 30-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകളുമായി ബന്ധപ്പെട്ട് റോമിലെ വിവിധ സെമിത്തേരികളിൽ കൂടുതൽ വിശുദ്ധബലിയർപ്പണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രൂപതാവൃത്തങ്ങൾ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഈ വർഷം സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന 2025 നവംബർ രണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ റോമിലെ വെറാനോ (Verano) സെമിത്തേരിയിൽ വിശുദ്ധബലിയർപ്പിക്കുമെന്ന് റോം വികാരിയേറ്റ് അറിയിച്ചു. വൈകുന്നേരം നാലുമണിക്കായിരിക്കും പാപ്പാ സകല മരിച്ചവർക്കുവേണ്ടിയും വിശുദ്ധബലിയർപ്പിക്കുകയെന്ന് ഒക്ടോബർ 30-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് വികാരിയേറ്റ് വ്യക്തമാക്കിയത്.

നവംബർ ഒന്നിന് ആചരിക്കപ്പെടുന്ന സകല വിശുദ്ധരുടെയും, നവംബർ രണ്ടിന് ആചരിക്കപ്പെടുന്ന സകല മരിച്ചവരുടെയും തിരുനാളുകളുമായി ബന്ധപ്പെട്ട് റോമിലെ വിവിധ സെമിത്തേരികളിൽ വിശുദ്ധബലിയർപ്പണങ്ങൾ നടക്കുമെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു.

ലൗറെന്തീനോ സെമിത്തേരിയിൽ നവംബർ ഒന്ന് ശനിയാഴ്ച രാവിലെ പതിനൊന്നിനും വൈകുന്നേരം മൂന്നരയ്ക്കും വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. നവംബർ രണ്ടാം തീയതി രാവിലെ പതിനൊന്നിനും വൈകുന്നേരം നാലിനും ഇതേ സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. വൈകുനേരം മൂന്നിന് ജപമാലയർപ്പണവും നടക്കും.

ഓസ്തിയ അന്തീക്കയിലുള്ള സെമിത്തേരിയിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും. പ്രീമ പോർത്ത എന്ന പേരിലും അറിയപ്പെടുന്ന ഫ്ലമീനിയോയിലെ സെമിത്തേരിയിലും ഇതേ സമയത്ത് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും. പോർത്തുവെൻസെ സെമിത്തേരിയിൽ വൈകുന്നേരം മൂന്നരയ്ക്കായിരിക്കും വിശുദ്ധ ബലിയർപ്പണം.

വെറാനോ സെമിത്തേരിയിൽ പാപ്പായർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ ഒക്ടോബർ 31-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി തങ്ങളുടെ അപേക്ഷകൾ ഇതിനായുള്ള വെബ്സൈറ്റിലൂടെ (www.press.vatican.va/accreditamenti) സമർപ്പിക്കണമെന്നും വികാരിയേറ്റ് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഒക്‌ടോബർ 2025, 13:32