പാപ്പാ: സ്ഥാനമാനങ്ങളല്ല സേവനമാണ് യഥാർത്ഥ അധികാരത്തിൻറെ അടിസ്ഥാനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വന്തം സ്വരമല്ല പ്രത്യുത ക്രിസ്തുവിൻറെ സ്വരം പ്രബലപെട്ടുന്നതിനാണ് സഭാ ശുശ്രൂഷകർ ശ്രമിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ദൈവദാസൻ കർദ്ദിനാൾ റഫായേൽ മെറി ദെൽ വാലിൻറെ (Card.Rafael Merry del Val) ജീവിത മാതൃകയെന്ന് പാപ്പാ.
വിനയത്തിൻറെ ലുത്തീനിയയുടെ രചയിതാവും വത്തിക്കാൻ സംസ്ഥാന കാര്യദർശി, നയതന്ത്രപ്രതിനിധി തുടങ്ങിയ വിവിധങ്ങളായ നിലകളിൽ പരിശുദ്ധസിംഹാസനത്തിനു വേണ്ടി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയുമായ ദൈവദാസൻ കർദ്ദിനാൾ മെറി ദെൽ വാലിൻറെ നൂറ്റിയറുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പഠനയോഗത്തിൽ സംബന്ധിച്ചവരെ ഒക്ടോബർ 13-ന് വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
1865 ഒക്ടോബർ 10-ന് ലണ്ടനിൽ ജനിച്ച ദൈവദാസൻ മെറി ദെൽ വാൽ 1930 ഫെബ്രുവരി 26-നാണ് മരണമടഞ്ഞത്.
സമാഗമത്തിൻറെ യഥാർത്ഥ നയതന്ത്രജ്ഞനായിരുന്നു ദൈവദാസൻ മെറി ദെൽ വാൽ എന്ന് പാപ്പാ വിശേഷിപ്പിച്ചു. നന്നേ ചെറുപ്പമായിരുന്ന അദ്ദേഹത്തെ ലിയൊ പതിമൂന്നാമൻ പാപ്പാ പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രസേവനത്തിനായി വിളിച്ചതും അതിലോലമായ പ്രശ്നങ്ങൾ അദ്ദേഹത്തിനു കൈകാര്യംചെയ്യേണ്ടി വന്നതും പാപ്പാ അനുസ്മരിച്ചു. ദൈവദാസൻ കർദ്ദിനാൾ മെറി ദെൽ വാലിന് ഭരമേല്പിക്കപ്പെട്ട ഭാരിച്ച ദൗത്യങ്ങൾ നിറവേറ്റുന്നതിന് അദ്ദേഹത്തിൻറെ ചെറുപ്രായം ഒരു പ്രതിബന്ധമായിരുന്നില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.
കാരണം സഭയുടെ ചരിത്രം കാണിച്ചു തരുന്നതുപോലെ, യഥാർത്ഥ പക്വത ആശ്രയിച്ചിരിക്കുന്നത് വർഷങ്ങളെയല്ല, പ്രത്യുത, ക്രിസ്തുവുമായി എത്രമാത്രം പൂർണ്ണമായി താദാത്മ്യപ്പെടുന്നു എന്നതിനെയാണെന്ന് പാപ്പാ വ്യക്തമാക്കി. തൻറെ ദൗത്യം സുവിശേഷത്തോടുള്ള വിശ്വസ്തതയിലും സ്വാതന്ത്ര്യാരുപിയിലും നിറവേറ്റാണ് ദൈവദാസൻ മെറി ദെൽ വാൽ ശ്രമിച്ചിരുന്നതെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
