പാപ്പാ: സർവ്വകലാശാലകൾ അറിവ് പ്രസരിപ്പിക്കുന്ന അനുപമ കേന്ദ്രം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാസഭയിൽ സർവ്വകലാശാല ജന്മംകൊണ്ടത് നരകുലത്തിൻറെ നന്മയ്ക്കായി സർഗ്ഗാത്മകതയുടെയും വിജ്ഞാന വ്യാപനത്തിൻറെയും അനുപമ കേന്ദ്രം ആയിരിക്കാനാണെന്ന് പാപ്പാ പ്രസ്താവിച്ചു.
ലത്തീൻ അമേരിക്കയിലെയും കരീബിയയിലെയും കത്തോലിക്കാ സർവകലാശാലകളുടെ സംഘടനയിലെ അംഗങ്ങളടങ്ങിയ നൂറോളം പേരെ ഒക്ടോബർ 31-ന് (31/10/25) വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധനചെയ്യവെയാണ് ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
വിദ്യാഭ്യാസ ലോകത്തിൻറെ ജൂബിലിയോടനുബന്ധിച്ച് റോമിലേക്കുള്ള ഈ തീർത്ഥാടനം, നൂറിലേറെ സ്ഥാപനങ്ങളുടെ ശൃംഖലയായ ഈ സംഘടനയുടെ സവിശേഷതയായിരിക്കേണ്ട സഹകരണത്തിൻറെയും സ്നേഹത്തിൻറെയും ബന്ധങ്ങളുടെ ദൃശ്യമായ അടയാളമാണെന്ന് പാപ്പാ ശ്ലാഘിച്ചു.
സർവ്വകലാശാലാന്തരീക്ഷത്തിൽ സുവിശേഷം പ്രഘോഷിക്കുന്നതിനു വേണ്ടി വിശ്വാസവും സംസ്കാരവും തമ്മിലുള്ള സമാഗമത്തിന് ഇടം ഒരുക്കാൻ ശ്രിമിച്ചുകൊണ്ട് സമൂഹത്തെ സേവിക്കുക കത്തോലിക്കാ ഉന്നത വിദ്യാഭ്യാസത്തിൻറെ പുരോഗതിയ്ക്കായി പ്രവർത്തിക്കുക എന്നിവ ഈ സംഘടനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന അവബോധം സംഘടനാംഗങ്ങൾ പുലർത്തുന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.
ബുദ്ധിയുടെയും വിശ്വാസത്തിൻറെയും സംയുക്ത ശക്തി സ്ത്രീ പുരുഷന്മാരെ അവരുടെ മാനവികതയിൽ പൂർണ്ണമായ അളവിൽ എത്തിച്ചേരാൻ പ്രാപ്തരാക്കുന്നുവെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
നമ്മുടെ കാലഘട്ടത്തിന് സഭ പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നായി കത്തോലിക്കാ സർവകലാശാല തുടരുന്നുവെന്നും കൂടാതെ, സഭയുടെ ഓരോ പ്രവർത്തനത്തെയും, അതായത്, മനുഷ്യവ്യക്തിയോട് ദൈവത്തിനുള്ള സ്നേഹത്തെ, ജീവസുറ്റതാക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
