യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പാപ്പായെ സന്ദർശിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം ആറാം തീയതി തിങ്കളാഴ്ച്ച, യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ, വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിൽ ധനസഹായം വെട്ടിക്കുറയ്ക്കുന്നതും കുട്ടികളുടെ അവകാശങ്ങളോടുള്ള ആദരവ് ദുർബലമാകുന്നതും മൂലം ദശലക്ഷക്കണക്കിന് കുട്ടികൾ മരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക നിലനിൽക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയ്ക്കു വേദിയൊരുങ്ങിയത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ദുരവസ്ഥകൾ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
സമാധാനത്തിന്റെയും കുട്ടികളുടെ സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പാ ഏറെ ശ്രദ്ധാലുവാണെന്നും, അതിനു തങ്ങൾ വളരെയധികം നന്ദിയുള്ളവരാണെന്നും, യൂണിസെഫ് സംഘടനയുടെ വാർത്താകുറിപ്പിൽ റസ്സൽ അടിവരയിട്ടു പറഞ്ഞു. പാപ്പായുടെ വാക്കുകൾക്ക് ലോകം ശ്രദ്ധ നല്കണമെന്നും, കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണെന്നും കുറിപ്പിൽ പറയുന്നു.
യുദ്ധം, ദാരിദ്ര്യം, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവയെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിൽ, കുട്ടികളുടെ ബാല്യം നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും റസ്സൽ പറഞ്ഞു. സംഘർഷങ്ങൾ പോലെ, കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ ഈനിവയും കുട്ടികളെ ഏറെ ദുർബലരാക്കുന്നുവെന്നും കാതറിൻ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മുൻഗണന നൽകുകയും, എല്ലാ കുട്ടികളുടെയും അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് എല്ലാ രാജ്യങ്ങളും കൂടിവരുവാനും വാർത്താകുറിപ്പിലൂടെ കാതറിൻ റസ്സൽ ഏവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
