ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

നിർമ്മിതബുദ്ധിയുടെ ഉപയോഗം കുട്ടികളുടെ അന്തസ്സിനും ക്ഷേമത്തിനും ഭീഷണിയാകാം: ലിയോ പതിനാലാമൻ പാപ്പാ

നിർമ്മിത ബുദ്ധിയുടെ ഉപയോഗം, സമയമെത്തുന്നതിന് മുൻപ് ഡിജിറ്റൽ മേഖലയിൽ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെയും കൗമാരക്കാരുടെയും അന്തസ്സിനും ക്ഷേമത്തിനും അപകടസാധ്യതകളുയർത്തുന്നുണ്ടെന്നും, ഈ മേഖലയിൽ ധാർമ്മികമായ പല ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ. നിർമ്മിതബുദ്ധിയുടെ ഉപയോഗവും പ്രായപൂർത്തിയാകാത്തവരുടെ അന്തസ്സും സംബന്ധിച്ച് വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന ഒരു കോൺഫറൻസിൽ സംബന്ധിച്ചവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യരുടെ അനുദിനജീവിതത്തിലും വിദ്യാഭ്യാസത്തിലും വിനോദമേഖലകളിലും മാത്രമല്ല, കുട്ടികളുടെ സുരക്ഷാമേഖലയിലും നിർമ്മിതബുദ്ധി വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നും, ഇത് ധാർമ്മികമായ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചു. "നിർമ്മിതബുദ്ധിയുടെ ഇക്കാലത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും അന്തസ്സ്" എന്ന വിഷയത്തിൽ നവംബർ 13 ന് വത്തിക്കാനിൽ നടന്ന കോൺഫറൻസിൽ സംബന്ധിച്ചവർക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് കുട്ടികളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ നിർമ്മിതബുദ്ധിയുയർത്തുന്ന അപകടസാധ്യതകളിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.

കുട്ടികളും കൗമാരക്കാരും തങ്ങളുടെ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും നിർമ്മിതബുദ്ധിയുടെ നല്ലതും മോശവുമായ സ്വാധീനങ്ങൾക്ക് വിധേയരാകാനുള്ള സാധ്യത മാതാപിതാക്കളും അദ്ധ്യാപകരും തിരിച്ചറിയണമെന്നും, യുവജനങ്ങളുടെ സാങ്കേതികരംഗവുമായി ബന്ധപ്പെട്ട ഇടപെടലുകൾ കരുതലോടെ നോക്കിക്കാണേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നിർമ്മിതബുദ്ധിയുടെ ഈ യുഗത്തിൽ സർക്കാരുകളും അന്താരാഷ്ട്രസംഘടനകളും, പ്രായപൂർത്തിയാകാത്തവരുടെ അന്തസ്സ് സംരക്ഷിക്കപ്പെടുന്നതിനുവേണ്ട നയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു. എന്നാൽ നിയമ, നയ നിർമ്മാണങ്ങൾ മാത്രം കൊണ്ട് തൃപ്തിപ്പെടാൻ പാടില്ലെന്നും, മൂല്യാധിഷ്ടിതമായ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടെന്നും കൂട്ടിച്ചേർത്ത പാപ്പാ,  മുതിർന്നവർ, വിദ്യാഭ്യാസരംഗത്തുളള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവ്വം നിറവേറ്റണമെന്നും ഓർമ്മിപ്പിച്ചു.

ധാർമ്മികതയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം, തുടർച്ചയായ വിദ്യാഭ്യാസനടപടികളുമായി മുന്നോട്ടുപോകണമെന്നും, മുതിർന്നവർ ഇക്കാര്യങ്ങളിൽ വ്യക്തമായ പരിശീലനം സ്വന്തമാക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നിർമ്മിതബുദ്ധിയുടെ ഉപയോഗം, ഡിജിറ്റൽ മേഖലയിൽ യുവജനങ്ങൾ പ്രായമെത്തുന്നതിന് മുൻപ് പ്രവേശിക്കുന്നത് തുടങ്ങിയവ മുന്നോട്ട് വയ്ക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ശ്രദ്ധ വേണമെന്നും പാപ്പാ പറഞ്ഞു.

വിദ്യാഭാസപരവും ധാർമികവും ഉടത്തരവാദിത്വപരവുമായ സമീപനത്തിലൂടെയേ നിർമ്മിതബുദ്ധി ഒരു അപടസാധ്യത എന്നതിനിനേക്കാൾ, ഒരു സഹായി എന്ന നിലയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ചയ്ക്കും വികസനത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 നവംബർ 2025, 14:08