സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർ സമാധാനത്തിന്റെ വിത്തുകളാകട്ടെ: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ ഡിസംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗം. സംഘർഷയിടങ്ങളിൽ ജീവിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ഇത്തരം പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മധ്യപൂർവ്വദേശങ്ങളിൽ, താമസിക്കുന്ന ക്രൈസ്തവർ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ എഴുതി. തുർക്കിയിലേക്കും ലെബനോനിലേക്കുമുള്ള (Türkiye and Lebanon) യാത്രയ്ക്ക് തലേന്ന്, നവംബർ 26-നാണ് ഇത്തരമൊരു അഭ്യർത്ഥന പാപ്പാ പുറത്തുവിട്ടത്. കാവ്യരൂപത്തിലുള്ള ഒരു പ്രാർത്ഥന പങ്കുവച്ചുകൊണ്ടാണ് പാപ്പാ ഇത്തവണയും, വരും മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പങ്കുവച്ചത്.

പരിശുദ്ധ പിതാവ് പങ്കുവയ്ക്കുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു:

 

സമാധാനത്തിന്റെ ദൈവമേ,

തന്റെ പുത്രന്റെ രക്തം വഴി

ലോകത്തെ തന്നോട് അനുരഞ്ജിപ്പിച്ച

അങ്ങയോട്, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന

ക്രൈസ്തവർക്കുവേണ്ടി ഇന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

 

 

ദുഃഖത്താൽ വലയം ചെയ്യപ്പെടുമ്പോഴും

അങ്ങയുടെ സൗമ്യമായ സാമീപ്യത്തിന്റെ നന്മയും

വിശ്വാസത്തിൽ തങ്ങളുടെ സഹോദരീസഹോദരങ്ങളായിരിക്കുന്നവരുടെ പ്രാർത്ഥനകളും

അവർക്ക് അന്യം വരാതിരിക്കട്ടെ.

 

 

കാരണം, അങ്ങയിലൂടെയും, സഹോദര്യബന്ധങ്ങളാൽ ശക്തിപ്പെട്ടുമേ

ക്ഷമിക്കാനും മുന്നോട്ട് പോകാനും

ഭിന്നതകളെ അതിജീവിക്കാനും

നീതിയും കരുണയും തേടാനും

സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തുകളും

ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ പ്രത്യാശയുടെ നിർമ്മാതാക്കളും ആകാൻ അവർക്കാകൂ.

 

 

സമാധാനത്തിനായി പ്രവർത്തിക്കുന്നവരെ

അനുഗ്രഹീതർ എന്ന് വിളിച്ച കർത്താവായ യേശുവേ,

ഐക്യം അസാധ്യമെന്ന് തോന്നുന്ന ഇടങ്ങളിൽപ്പോലും

ഞങ്ങളെ നിന്റെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കൂ.

 

 

ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും പ്രത്യാശയുടെ ഉറവിടമായ

പരിശുദ്ധാത്മാവേ,

ബുദ്ധിമുട്ടനുഭവിക്കുന്നവരെ വിശ്വാസത്തിൽ പിന്താങ്ങുക, അവരുടെ പ്രത്യാശ ശക്തിപ്പെടുത്തുക.

ഞങ്ങളെ നിസംഗതയിൽ വീഴാൻ അനുവദിക്കരുതേ

യേശുവിനെപ്പോലെ, ഞങ്ങളെയും ഐക്യത്തിന്റെ നിർമ്മാതാക്കളാക്കുക..

 

 

ആമേൻ.

 

ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോയിൽ, പാപ്പായുടെ ദൃശ്യങ്ങൾക്ക് പുറമെ, മധ്യപൂർവ്വദേശങ്ങളിലെ സംഘർഷഭരിതമേഖലകളിലെ ആക്രമണങ്ങളുടെയും, ദേവാലയങ്ങളിൽ പ്രാർത്ഥനയിലായിരിക്കുന്ന വിശ്വാസികളുടെയും, കാരുണ്യപ്രവർത്തനങ്ങളുടെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്കെതിരെ തീവ്രവാദ അക്രമണങ്ങളുൾപ്പെടെയുള്ള അതിക്രമങ്ങൾ അരങ്ങേറുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രാർത്ഥനാനിയോഗം പാപ്പാ ഏവർക്കും മുന്നിൽ സമർപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 നവംബർ 2025, 14:53