എക്യൂമെനിക്കൽ ആശീർവാദം എക്യൂമെനിക്കൽ ആശീർവാദം  (@Vatican Media)

ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽ: മൂന്നും നാലും ദിവസങ്ങളിലെ യാത്രാവിവരണസംഗ്രഹം

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലെ മൂന്നും നാലും ദിവസങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ-സംഗ്രഹ-വിവരണം.
ശബ്ദരേഖ - ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽ: രണ്ടും നാലും ദിവസങ്ങളിലെ യാത്രാവിവരണസംഗ്രഹം

മോൺസിഞ്ഞോർ ജോജി വടകര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക യാത്രയ്ക്ക്  വേദിയായ തുർക്കിയെയിൽ വിവിധ സന്ദർശനങ്ങൾ പുരോഗമിക്കുകയാണ്. പ്രത്യാശയുടെയും, സമാധാനത്തിന്റെയും, സംഭാഷണത്തിന്റെയും സന്ദേശങ്ങൾ തുർക്കിയെയുടെയും, ലെബനന്റെയും മണ്ണിലേക്ക് വാക്കുകളുടെ ആധികാരികതയിലും, വിശ്വാസതീക്ഷ്‌ണതയിലും, പിതൃതുല്യമായ വാത്സല്യത്തോടെയും എത്തിക്കുവാനുള്ള ലിയോ പതിനാലാമൻ പാപ്പായുടെ കടന്നുവരവിനെ, ആളുകൾ ഒന്നടങ്കം, നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിക്കുന്നത്. പാപ്പായുടെ സന്ദർശനത്തിന്റെ, മൂന്നാം ദിനമായ നവംബർ മാസം ഇരുപത്തിയൊമ്പതാം തീയതി, ശനിയാഴ്ച്ച, ഉച്ചകഴിഞ്ഞുള്ള കൂടിക്കാഴ്ചകൾക്കും, തിരുക്കർമ്മങ്ങൾക്കും വേദിയായത്, വിശുദ്ധ ഗീവർഗീസിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന  പാത്രിയാർക്കൽ ദേവാലയവും, വോക്സ്വാഗൻ വേദിയുമാണ്.

വിശുദ്ധ ഗീവർഗീസ് പാത്രിയാർക്കൽ ദേവാലയത്തിലേക്ക്

ഉച്ചഭകഷണത്തിനു ശേഷം, പ്രാദേശിക സമയം മൂന്നു പതിനഞ്ചോടെ, ദൈവവസ്തുതികൾ അർപ്പിച്ചു പ്രാർത്ഥിക്കുന്ന ഡോക്സോളജി കർമ്മത്തിനായി, ലിയോ പതിനാലാമൻ പാപ്പാ, അപ്പസ്തോലിക ഡെലിഗേറ്റിന്റെ ഭവനത്തിൽ നിന്നും, ഏകദേശം 5,8 കിലോമീറ്ററുകൾ അകലെയുള്ള, സെന്റ്.ജോർജ് പാത്രിയാർക്കൽ ദേവാലയത്തിലേക്ക് കാറിൽ യാത്രയായി. 1720 ൽ പണികഴിക്കപ്പെട്ട ഈ പുരാതന ദേവാലയം, നഗരം കീഴടക്കിയതിനുശേഷം ഓട്ടോമൻമാർ സ്ഥാപിച്ച നിയമമനുസരിച്ച്, താഴികക്കുടരഹിതമായിട്ടാണ് പൂർത്തിയാക്കിയത്. കാരണം താഴികക്കുടങ്ങൾ ഇസ്ലാമിക പാരമ്പര്യവുമായി ബന്ധപ്പെട്ട പള്ളികളുടെയും കെട്ടിടങ്ങളുടെയും പ്രത്യേക അവകാശമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ ഏറ്റവും ആദരണീയരായ ചില വിശുദ്ധരുടെ തിരുശേഷിപ്പുകൾ പാത്രിയാർക്കൽ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ പാത്രിയർക്കീസിന്റെ സിംഹാസനവും കലാമൂല്യത്താൽ ഏറെ ശ്രദ്ധേയമാണ്. 2004 നവംബർ 27 ന് പാത്രിയാർക്കീസ് ​​ബർത്തലോമിയോ ഒന്നാമന് കൈമാറിയ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ഗ്രിഗറിയുടെയും, ജോൺ ക്രിസോസ്റ്റത്തിന്റെയും തിരുശേഷിപ്പുകളും ഈ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ഓർത്തഡോക്സ് സഭയിൽ ഏകദേശം 225 ദശലക്ഷം വിശ്വാസികളുണ്ട്.

ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് സഭയുടെ ഏറ്റവും ഉയർന്ന സ്ഥാനവും കേന്ദ്രവുമാണ് എക്യുമെനിക്കൽ പാത്രിയാർക്കേറ്റ്. ഓർത്തഡോക്സ് സഭയിലെ മറ്റ് പാത്രിയാർക്കീസുമായി താരതമ്യപ്പെടുത്തുമ്പോൾ, തുല്യരിൽ ഒന്നാമൻ, പ്രാഥമികമായി, എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആണ്, കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രാധാന്യം ഓർത്തഡോക്സ് സഭയുടെ ഐക്യത്തെ കാനോനികമായി പ്രതിഫലിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഡോക്സോളജി പ്രാർത്ഥന

കത്തീഡ്രൽ ദേവാലയത്തിന്റെ മുറ്റത്ത് എത്തിയ പാപ്പായെ പൂക്കൾ നൽകി സ്വീകരിച്ചു, തുടർന്ന്  കടന്നുവന്ന വഴിയുടെ ഇരുവശങ്ങളിലായി, പാത്രിയർക്കെറ്റിന്റെ അംഗങ്ങൾ  പ്രത്യേകമായും വൈദികർ, വലതുകരം ഹൃദയത്തോട് ആദരപൂർവം ചേർത്തുവച്ചു തല കുനിച്ചുകൊണ്ട് പാപ്പായെ വരവേറ്റു. തദവസരത്തിൽ, പ്രാർത്ഥനാ ഗീതങ്ങളും അകമ്പടി സേവിച്ചു. തുടർന്ന് ദേവാലയ കവാടത്തിൽ, എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമൻ, ഔദ്യോഗിക തിരുവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട്, പാപ്പായെ സ്വീകരിച്ചു.തിരുവചനഗ്രന്ഥം ചുംബിച്ചുകൊണ്ട്, പാപ്പാ, പാത്രിയാർക്കീസിനോടൊപ്പം  ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് ഇരുവരും മെഴുകുതിരികൾ സ്വീകരിക്കുകയും, പാത്രിയർക്കീസിന്റെ കത്തിച്ച തിരിയിൽ നിന്നും, പാപ്പാ തിരി തെളിക്കുകയും ചെയ്തു. തുടർന്ന് ദേവാലയത്തിന്റെ മധ്യത്തിലൂടെ പ്രദക്ഷിണമായി കടന്നുവന്ന ഇരുവരും, യേശുവിന്റെ ഐക്കൺ ചിത്രം ചുംബിക്കുകയും ചെയ്തു.  അൾത്താരയുടെ സമീപം ഇരുവശങ്ങളിലുമായി, പാപ്പായും, പാത്രിയർക്കീസും നിലയുറപ്പിച്ചു. അതേസമയം, ദൈവമാതാവിന്റെ സ്തുതിഗീതങ്ങൾ ഗ്രീക്ക് ഭാഷയിൽ ഗായകസംഘം ആലപിക്കുന്നുണ്ടായിരുന്നു. തുടർന്ന് ദൈവത്തിനു സ്തുതികൾ അർപ്പിച്ചുകൊണ്ടും, വിശുദ്ധരുടെ സഹായം അഭ്യർഥിച്ചും കൊണ്ടുള്ള പ്രാർത്ഥനകളും നടത്തി,  പരിശുദ്ധാത്മാവിനോടുള്ള പ്രത്യേക അപേക്ഷകളും, ഗാനരൂപത്തിൽ പ്രാർത്ഥിച്ചു. മാധ്യസ്ഥ പ്രാർത്ഥനകളുടെ അവസരത്തിൽ, പ്രത്യേകമായി ലിയോ പതിനാലാമൻ പാപ്പായ്ക്കുവേണ്ടിയും, പാത്രിയർക്കീസിനുവേണ്ടിയും പ്രാർത്ഥിച്ചു. ഒപ്പം സഭയിലെ എല്ലാവർക്കും വേണ്ടിയും, സഭയ്ക്ക് മുഴുവനും വേണ്ടിയും, ലോകത്തിനും, സമാധാനത്തിനും വേണ്ടി പ്രത്യേകമായ പ്രാർത്ഥനകളും നടത്തി. ഹൃദയസ്പർശിയായ പ്രാർത്ഥനാനിമിഷങ്ങളിൽ ദേവാലയത്തിൽ എല്ലാവരും നിറഞ്ഞ ഹൃദയത്തോടെ പങ്കെടുത്തു.

ഡോക്സോളജി പ്രാർത്ഥനയ്ക്കിടയിൽനിന്നുള്ള ഒരു ദൃശ്യം
ഡോക്സോളജി പ്രാർത്ഥനയ്ക്കിടയിൽനിന്നുള്ള ഒരു ദൃശ്യം   (ANSA)

പാത്രിയർക്കീസും ഒന്നിച്ചുള്ള പ്രാർത്ഥന

പാത്രീയാർക്കീസ് ബർത്തോലോമിയോ ഒന്നാമനും, ഗ്രീക്ക് ഭാഷയിൽ പ്രത്യേക പ്രാർത്ഥന നടത്തി, തുടർന്ന് സക്കറിയ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും വചനഭാഗം വായിക്കപ്പെട്ടു. അവസാനം, പാത്രിയർക്കീസ് ഔദ്യോഗികമായി പാപ്പായെ സ്വാഗതം ആശംസിച്ചുകൊണ്ട് സ്വീകരിച്ചു. ഇരുസഭകൾക്കിടയിലും നിലനിൽക്കുന്ന ഹൃദ്യമായ സാഹോദര്യത്വത്തെ പാത്രീയാർക്കീസ് അടിവരയിട്ടു പറഞ്ഞു. നിഖ്യ കൗൺസിലിന്റെ എക്യൂമെനിക്കൽ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപൂർത്തീകരണമാണ്, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനത്തിലൂടെ കൈവന്നിരിക്കുന്നതെന്നു പറഞ്ഞ പാത്രിയർക്കീസ്, പാപ്പായുടെ ഈ ആദ്യ അപ്പസ്തോലിക സന്ദർശനം, നിരവധി അനുഗ്രഹങ്ങൾ കൊണ്ടുവരട്ടെയെന്നും ആശംസിച്ചു.  തുടർന്ന് പാപ്പായും തന്റെ സന്ദേശം നൽകി.

സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ (Patriarchal Church of Saint George) നവംബർ 29 ശനിയാഴ്ച നടന്ന ഡോക്സോളജി (Doxology) എന്ന പ്രാർത്ഥനാചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പാ പ്രഭാഷണം നടത്തി. പാത്രിയർക്കീസ് പരിശുദ്ധ ബർത്തലോമിയോ ഒന്നാമൻ (Bartholomew I) തനിക്കേകിയ സ്വാഗതത്തിനും, സിനഡിലെ അംഗങ്ങൾക്കും, തങ്ങൾക്കൊപ്പമായിരിക്കുന്ന ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ തന്റെ മുൻഗാമികളായ പാപ്പാമാരുടെ കാൽച്ചുവടുകളെ പിന്തുടർന്നാണ് ഈ ദേവാലയത്തിലേക്ക് താൻ പ്രവേശിച്ചതെന്നതിൽ താനനുഭവിക്കുന്ന സന്തോഷം പങ്കുവച്ച പാപ്പാ, തന്റെ നിരവധി മുൻഗാമികളെ പരിശുദ്ധ പാത്രിയർക്കീസിന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ടെന്നതും, അവരുമായി ആത്മാർത്ഥവും സഹോദര്യപൂർണ്ണവുമായ സൗഹൃദബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതും അനുസ്മരിച്ചു. സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിൽ പാത്രിയർക്കീസും, തന്റെ മുൻഗാമികളും ഇപ്പോൾ താനും പങ്കിടുന്ന പൊതു താത്പര്യവും പാപ്പാ എടുത്തുപറഞ്ഞു.

താൻ റോമിന്റെ മെത്രാനെന്ന നിയോഗം ഏറ്റെടുത്ത സമയത്തും, വിശുദ്ധ ബലിയിലും പാത്രിയർക്കീസ് സന്നിഹിതനായിരുന്ന കാര്യം പാപ്പാ നന്ദിപൂർവ്വം അനുസ്മരിച്ചു.

നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-മത് വാർഷികം തലേദിവസം തങ്ങൾ ഒരുമിച്ച് അനുസ്മരിച്ചത് പരാമർശിച്ച പാപ്പാ, തന്റെ ശിഷ്യന്മാർ ഒന്നായിരിക്കണമെന്ന യേശുവിന്റെ പ്രാർത്ഥനയാൽ (യോഹന്നാൻ 17,21) പ്രേരിതരായി, ദൈവത്തിന്റെ സഹായത്തോടെ, ക്രൈസ്തവർ തമ്മിലുള്ള പൂർണ്ണമായ ഐക്യം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും അനുസ്മരിച്ചു.

എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ ഓർമ്മ, ഈ രണ്ടു ദിവസങ്ങളിലും പ്രത്യേകമായി അനുസ്മരിക്കുന്നത് പരാമർശിച്ച പാപ്പാ, ഡോക്സോളജി പ്രാർത്ഥനയിൽ, "സഭകളുടെ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടി" ഡീക്കൻ പ്രാർത്ഥിച്ചത് എടുത്തുപറഞ്ഞു. പിതാവായ ദൈവം നമ്മുടെ മേൽ കനിവായി ഈ പ്രാർത്ഥന കേൾക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

തനിക്കേകിയ സഹോദര്യപൂർണ്ണമായ സ്വാഗതത്തിന് നന്ദിയേകിയും, തങ്ങളുടെ സ്വർഗ്ഗീയമാദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ആഘോഷിക്കുന്ന പരിശുദ്ധ പാത്രിയർക്കീസിനും, മറ്റെല്ലാവർക്കും തന്റെ ആശംസകൾ നൽകിയുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

പ്രാർത്ഥനയുടെ അവസാനം ഇരുവരും ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് പ്രാർത്ഥനാഗീതങ്ങളുടെ അകമ്പടിയോടെ ഇരുവരും പ്രദക്ഷിണമായി ദേവാലയത്തിനു പുറത്തേക്ക് കടന്നുവന്നു. തുടർന്ന്, ക്രിസ്തീയ ഐക്യത്തിനും ഈസ്റ്ററിന് ഒരു പൊതു തീയതിക്കും വേണ്ടിയുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടും, യുദ്ധത്തിന്റെ ദുരന്തത്തിന് "ഉടനടി" അന്ത്യം കുറിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ടും ഇസ്താംബൂളിലെ ഫാനറിൽ വെച്ച് പാപ്പായും  കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസും ഒരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇരുവരും വിവിധ സമ്മാനങ്ങളും കൈമാറി.

വോക്സ്‌വാഗൻ വേദി

തുടർന്ന് പാപ്പാ, ഏകദേശം പതിനേഴു കിലോമീറ്ററുകൾ അകലെയുള്ള, വോക്സ്‌വാഗൻ വേദിയിലേക്ക്, വിശുദ്ധ കുർബാനയ്ക്കായി യാത്രയായി. പ്രാദേശിക സമയം വൈകുന്നേരം നാലു നാല്പത്തിയഞ്ചോടെ  വേദിക്കരികിൽ എത്തിയ പാപ്പാ, അഞ്ചുമണിയോടെ പ്രദക്ഷിണമായി അൾത്താരയിലേക്ക് നീങ്ങി. നിരവധി വിശ്വാസികളും, സമർപ്പിതരും തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നതിനായി എത്തിയിരുന്നു. തുർക്കിയെക്കു പുറമെ, നിരവധി ലോകരാജ്യങ്ങളിൽ നിന്നും ആളുകൾ, പാപ്പായുടെ സന്ദർശനത്തിന് സാക്ഷ്യം വഹിക്കുവാൻ എത്തിച്ചേർന്നു. പ്രദക്ഷിണ വേളയിൽ വിശ്വാസികളെ മുഴുവൻ ആശീർവദിച്ചുകൊണ്ടാണ് പാപ്പാ അൾത്താരയ്ക്ക് സമീപത്തേക്ക് കടന്നുവന്നത്. തുടർന്ന് വിശുദ്ധ കുർബാന ആരംഭിച്ചു. ലത്തീൻ ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലെ ഗീതങ്ങൾക്ക് പൗരസ്ത്യഈണവും കൂട്ടിച്ചേർത്താണ് ആലപിച്ചത്. വചന വായനകൾക്കു  ശേഷം പാപ്പാ  സുവിശേഷ സന്ദേശം നൽകി.....

വിശുദ്ധിയിലേക്കുള്ള വിളിയോർമ്മിപ്പിച്ചും, സമാധാനം പ്രോത്സാഹിപ്പക്കാൻ ആഹ്വാനം ചെയ്തും, സഭയ്ക്കുള്ളിലും മറ്റു മതസ്ഥരുമായും ഐക്യം പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. നവംബർ 30 ഞായറാഴ്ച ലത്തീൻ സഭയിൽ ആഗമനകാലത്തിന്റെ ആരംഭം കുറിക്കുന്നതിന്റെയും, എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാളിന്റെയും, നിഖ്യ സൂനഹദോസിന്റെ 1700-മത് വാർഷികം ആചരിക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ, ഇസ്താൻബുളിലുള്ള ഫോക്സ്‌വാഗൻ അറീനയിൽ കത്തോലിക്കാസഭയിലും മറ്റു ക്രൈസ്തവസഭകളിലും നിന്നുള്ള നിരവധി മെത്രാന്മാരുടെയും ആയിരക്കണക്കിന് ആളുകളുടെയും സാന്നിദ്ധ്യത്തിൽ നവംബർ 29 ശനിയാഴ്ച വൈകുന്നേരം അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ് അദ്ധ്യാത്മികജീവിതത്തിലും, സഭാത്മകസമൂഹത്തിലും ഉണ്ടാകേണ്ട മാറ്റങ്ങളെയും വളർച്ചയെയും കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

വിശുദ്ധ കുർബാനയിലെ വായനകൾ ആധാരമാക്കി തന്റെ പ്രഭാഷണം ആരംഭിച്ച പാപ്പാ, ഏശയ്യാ പ്രവാചകൻ (2, 1-5), യൂദായെയും ജെറുസലേമിനെയും കുറിച്ച് പറയുന്ന വാക്കുകൾ പരാമർശിച്ചുകൊണ്ട്, കർത്താവിന്റെ ആലയം നിലനിൽക്കുന്ന പർവതത്തിലേക്ക് എല്ലാ ജനതകളും ഒഴുകുന്നതിനെക്കുറിച്ച് അനുസ്മരിപ്പിച്ചു. വിശുദ്ധിയിലേക്കും, വിശ്വാസസാക്ഷ്യത്തിലേക്കുമുള്ള വിളിയെക്കുറിച്ചാണ് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, സുവിശേഷം ഓർമ്മിപ്പിക്കുന്നതുപോലെ (മത്തായി 24, 37-44), പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും വിശ്വാസം വളർത്തി ജീവിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. അന്ധകാരത്തിന്റെ പ്രവൃത്തികൾ വെടിഞ്ഞ്, പ്രകാശത്തിന്റെ ആയുധം ധരിക്കാൻ വിശുദ്ധ പൗലോസ് റോമാക്കാരെ ഓർമ്മിപ്പിച്ചതും (റോമാ 13, 11-14a) പാപ്പാ അനുസ്മരിച്ചു.

സമാധാനം വിരിയുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഏശയ്യാ പ്രവാചകൻ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഇന്നത്തെ ലോകത്ത് ഈ ഉദ്ബോധനങ്ങൾക്ക് ഏറെ മൂല്യമുണ്ടെന്ന് പ്രസ്താവിച്ചു. സമാധാനവും ഐക്യവും അനുരഞ്ജനവും സാധ്യമാക്കാനുള്ള എല്ലാവരുടെയും വിളിയെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

തുർക്കിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നത്തിലെ പാലത്തിന്റെ ചിത്രത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, പരസ്പരബന്ധങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാപ്പാ, മൂന്ന് വിധത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. സമൂഹത്തിനുള്ളിലും, എക്യൂമെനിക്കൽ ബന്ധങ്ങളിലൂടെ മറ്റ് ക്രൈസ്തവസമൂഹങ്ങളുമായും, മറ്റ് മതസ്ഥരായ സഹോദരീസഹോദരങ്ങളുമായുള്ള കണ്ടുമുട്ടലിലൂടെ അവരുമായും ബന്ധങ്ങൾ വളർത്തേണ്ടതുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

കത്തോലിക്കാസഭയ്ക്കുള്ളിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, തുർക്കിയിൽത്തന്നെ ലത്തീൻ, അർമേനിയൻ, കൽദായ, സിറിയൻ എന്നീ നാല് ആരാധനാക്രമപരമ്പര്യങ്ങൾ ഉള്ളത് എടുത്തുപറഞ്ഞു. മറ്റുള്ളവരുടെ പ്രത്യേകതകളെ അംഗീകരിക്കുന്നതിലൂടെ ഐക്യം പ്രോത്സാഹിപ്പിക്കുന്ന കാതോലികതയാണ് നാം വളർത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മറ്റ് ക്രൈസ്തവസമൂഹങ്ങളുമായി എക്യൂമെനിക്കൽ ബന്ധം വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, ഈ വുശുദ്ധ കുർബാനയിൽപ്പോലും, മറ്റ് ക്രൈസ്തവസഭാസമൂഹങ്ങളുടെ സാന്നിദ്ധ്യമുള്ള കാര്യം പ്രത്യേകം എടുത്തുപറഞ്ഞു. നമ്മുടെ രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ ഒരുമിപ്പിക്കുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തലേന്ന് ഇസ്‌നികിൽ (നിഖ്യ) നടന്ന എക്യൂമെനിക്കൽ പ്രാർത്ഥന പാപ്പാ ഇത്തരുണത്തിൽ പ്രത്യേകം അനുസ്മരിച്ചു.

യുദ്ധങ്ങളെയും അക്രമങ്ങളെയും പോലും ന്യായീകരിക്കാൻ മതം ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്, അക്രൈസ്തവരുമായി ഐക്യം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ലെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നത് പരാമർശിച്ച പാപ്പാ, ഒരുമിച്ച് സഞ്ചരിക്കാനും, നമ്മെ ഐക്യത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങളെ വിലമതിക്കാനും ഏവരെയും ആഹ്വാനം ചെയ്തു.

മുൻവിധികളുടെയും വിശ്വാസവുമില്ലായ്മയുടെയും മതിലുകൾ തകർക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, അങ്ങനെ പ്രത്യാശയുടെ സന്ദേശവാഹകരും സമാധാനസ്ഥാപകരുമാകാൻ നമുക്ക് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഇക്കാലത്ത്, ഇത്തരം മൂല്യങ്ങൾ ലക്ഷ്യങ്ങളാക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

വിശുദ്ധ ബലിയിൽ പാത്രിയാർക്കീസിന്റെ സാന്നിധ്യം

പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമനും തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു. കർമ്മങ്ങളുടെ അവസാനം, അപ്പസ്തോലിക ഡെലിഗേറ്റ് ഏവർക്കും നന്ദിയർപ്പിച്ചു. വിവിധ സമ്മാനങ്ങളും കൈമാറപ്പെട്ടു. പര്യവസാനത്തിൽ, പാപ്പായും, പാത്രീയാർക്കീസും  വിശ്വാസികളെ ആശീർവദിച്ചു കൊണ്ട് വേദിയുടെ പുറത്തേക്ക് കടന്നുപോയി.

ഫോക്സ്‍വാഗൻ സ്റ്റേഡിയത്തിൽ ലിയോ പതിനാലാമൻ പാപ്പാ
ഫോക്സ്‍വാഗൻ സ്റ്റേഡിയത്തിൽ ലിയോ പതിനാലാമൻ പാപ്പാ   (AFP or licensors)

മൂന്നാം ദിനത്തിലെ ഔദ്യോഗിക സന്ദർശന പരിപാടികൾക്ക് ഇതോടെ അവസാനമായി.

അർമേനിയൻ പാത്രിയർക്കേറ്റ് കത്തീഡ്രലിൽ

അപ്പസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനമായ, നവംബർ മാസം മുപ്പതാം തീയതി ഞായറാഴ്ച, ലിയോ പതിനാലാമൻ പാപ്പാ,അപ്പസ്തോലിക ഡെലിഗേറ്റിൽ അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം,  പ്രാദേശിക സമയം, രാവിലെ ഒൻപതു  പതിനഞ്ചോടെ, കോൺസ്റ്റാന്റിനോപ്പിൾ അർമേനിയൻ പാത്രിയർക്കേറ്റ് കത്തീഡ്രലിലേക്ക്, പ്രാർത്ഥനയ്ക്കായി യാത്രയായി. ഒൻപതുമുപ്പതോടെ കത്തീഡ്രലിൽ എത്തിയ പാപ്പായെ ദേവാലയ കവാടത്തിൽ അർമേനിയൻ പാത്രീയാർക്കീസ്, സഹാക് രണ്ടാമൻ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിലേക്ക് പൗരസ്ത്യ പാരമ്പര്യത്തിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഇരുവരും പ്രദക്ഷിണമായി നീങ്ങി. അൾത്താരയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ, നിലയുറപ്പിച്ചശേഷം, പാത്രിയർക്കീസ് ഔദ്യോഗികമായി പാപ്പയെ സ്വാഗതം ചെയ്തു.

തുടർന്ന് പാപ്പാ സന്ദേശം നൽകി.

നവംബർ 30 ഞായറാഴ്ച രാവിലെ ഇസ്താൻബുളിലുള്ള അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ (Armenian Apostolic Cathedral) നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംസാരിച്ച പാപ്പാ, തന്റെ മുൻഗാമികളെ പാത്രിയർക്കീസുമാരായിരുന്ന ഷെനോർക്ക് ഒന്നാമനും (Shenork I) മെസ്രോബ് രണ്ടാമനും (Mesrob II) ഇതേ ദേവാലയത്തിൽ സ്വീകരിച്ചത് അനുസ്മരിക്കുകയും, പാത്രിയർക്കീസ് സഹാക് രണ്ടാമനെ (Sahak II) സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം അറിയിക്കുകയും ചെയ്തു. അതേസമയം എല്ലാ അർമേനിയക്കാരുടെയും കാതോലിക്കോസും, അത്യുന്നത പാത്രിയർക്കീസുമായ പരിശുദ്ധ കരേക്കിൻ രണ്ടാമനെയും (Karekin II), എല്ലാ മെത്രാന്മാരെയും, അർമേനിയൻ അപ്പസ്തോലികസമൂഹാംഗങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

ദുരിതപൂർണ്ണമായ അവസരങ്ങളിലും അർമേനിയയിലെ ക്രൈസ്തവർ നൽകിയ സാക്ഷ്യത്തിനും, അർമേനിയൻ അപ്പസ്തോലിക സഭയും കത്തോലിക്കാസഭയും തമ്മിലുള്ള സഹോദര്യബന്ധത്തിനും പാപ്പാ നന്ദി പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം 1967 മെയ് മാസത്തിൽ, പരിശുദ്ധ കാതോലിക്കോസ് ഖോറെൻ ഒന്നാമൻ (Khoren I) റോമിന്റെ മെത്രാനുമായി സമാധാനം കൈമാറിയതും പാപ്പാ അനുസ്മരിച്ചു. കാതോലിക്കോസ് വാസ്‌ക്കൻ ഒന്നാമനും (Vasken I) പോൾ ആറാമൻ പാപ്പായും തമ്മിൽ, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു പ്രഖ്യാപനം ഒപ്പിട്ടതും ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു.

നിഖ്യ കൗൺസിലിന്റെ 1700-മത് വാർഷികത്തിൽ താൻ ഇവിടെയെത്തിയത് നിഖ്യ വിശ്വാസം ആഘോഷിക്കാനുള്ള ഒരു അവസരം കൂടിയായി കണക്കിലെടുത്താണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ വിശ്വാസത്തിൽ അധിഷ്ഠിതമായാണ്, റോമിലെ സഭയും പഴയ പൗരസ്ത്യസഭകളും തമ്മിലുണ്ടായിരുന്ന ഐക്യം നാം വീണ്ടെടുക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. ഒരു സഭയുടേമേൽ മറ്റൊരു സഭയുടെ അധിപത്യമോ, ഒരു സഭയുടെയും ഇല്ലാതാകലോ അല്ല, മറിച്ച് പരിശുദ്ധാത്മാവിൽനിന്നും, സഭാഗാത്രത്തിന്റെ വളർച്ചയ്ക്കായി ലഭിച്ച അനുഗ്രഹങ്ങൾ പങ്കുവയ്ക്കാനുള്ളതാണ് ഈയൊരു ഐക്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജോൺ പോൾ രണ്ടാമൻ പാപ്പാ, ഉത് ഊനും സിന്തിൽ ആശംസിച്ചതുപോലെ, ഒരുമിച്ച് പൂർണ്ണമായ ഐക്യത്തിലേക്കെത്താൻ, കത്തോലിക്കാസഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്രസംവാദങ്ങൾക്കായുള്ള അന്താരാഷ്ട്ര കമ്മീഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.

അടുത്തിടെ 850-മത് മരണവാർഷികം അനുസ്മരിക്കപ്പെട്ട നേർസെസ് നാലാമൻ ഷ്നോർഹാലി (Nerses IV Shnorhali) കാതോലിക്കോസിനെ പരാമർശിച്ച പാപ്പാ, പൂർണ്ണമായ ഐക്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അദ്ദേഹം പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.

ക്രൈസ്തവ ഐക്യത്തിനായുള്ള തന്റെ പൂർണ്ണമായ സമർപ്പണം ഉറപ്പുനൽകിയ പാപ്പാ, സുവിശേഷസത്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകാനും, ക്രിസ്തുവിന്റെ ഏക സഭയുടെ നിയോഗത്തിനായി പ്രവർത്തിക്കാനും വേണ്ടി ക്രൈസ്തവ ഐക്യമെന്ന ദാനം തുറന്ന മനസ്സോടെ സ്വീകരിക്കാൻ നമുക്കാകട്ടെയെന്നും ആശംസിച്ചു.

പ്രാർത്ഥനയ്‌ക്കു ശേഷം ഇരുവരും പ്രദക്ഷിണമായി ദേവാലയത്തിനു വെളിയിലേക്ക് കടന്നു വന്നു. പാപ്പായുടെ സന്ദർശനത്തിന്റെ ഒരു സ്മാരകവും തദവസരത്തിൽ ആശീർവദിക്കപ്പെട്ടു.

ലിയോ പതിനാലാമൻ പാപ്പായും പാത്രിയർക്കീസ് സഹാക് രണ്ടാമനും
ലിയോ പതിനാലാമൻ പാപ്പായും പാത്രിയർക്കീസ് സഹാക് രണ്ടാമനും   (ANSA)

ബർത്തലോമിയോ ഒന്നാമനൊപ്പം പ്രാർത്ഥനയിൽ ലിയോ പതിനാലാമൻ പാപ്പാ

തുർക്കിയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാന ദിവസം, ലെബനനിലേക്ക് പോകുന്നതിനുമുമ്പ്, പാത്രിയാർക്കീസ് ​​ബർത്തലോമിയോ ഒന്നാമന്റെ അധ്യക്ഷതയിൽ, വിശുദ്ധ ഗീവർഗീസ് പാത്രിയാർക്കൽ ദേവാലയത്തിൽ  നടന്ന  ആരാധന തിരുക്കർമ്മങ്ങളിലും  പാപ്പാ  പങ്കെടുത്തു. പ്രാർത്ഥനകളിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്കുവേണ്ടിയും പ്രത്യേകമായി അനുസ്മരിച്ചു. കർമ്മങ്ങൾക്കിടയിൽ, ബർത്തോലോമിയോ ഒന്നാമൻ, പാപ്പായുടെ സന്ദർശനത്തിൽ  തങ്ങൾക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകി. വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിവസത്തിൽ നടന്ന പ്രാർത്ഥന സമ്മേളനത്തിൽ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളെ എടുത്തു പറയുകയും, സമാധാനത്തിന്റെ പ്രവർത്തകരാകുവാൻ ഏവരെയും ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ലിയോ പതിനാലാമൻ പാപ്പായും സന്ദേശം നൽകി.

വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ഉണ്ടായിരുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറന്നു കളയണമെന്നും, ഐക്യം വളർത്തണമെന്നും, മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിച്ച് നിൽക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇസ്താൻബുളിലെ സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ (Patriarchal Church of Saint George) ജനുവരി 29 വൈകുന്നേരം ബർത്തലോമിയോ ഒന്നാമൻ (Patriarch Bartholomew I) പാത്രിയർക്കീസിന്റെ കാർമ്മികത്വത്തിൽ നടന്ന  ഡോക്സോളജി പ്രാർത്ഥനയിൽ സംബന്ധിച്ച പാപ്പാ, പാത്രിയർക്കെറ്റിന്റെ സ്വർഗ്ഗീയമാധ്യസ്ഥൻ കൂടിയായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾ ദിനമായ നവംബർ 30 ഞായറാഴ്ച ഇതേ ദേവലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇത്തരമൊരു സന്ദേശം മുന്നോട്ട് വച്ചത്.

ആദ്യ എക്യൂമെനിക്കൽ കൗൺസിൽ നടന്നയിടത്ത് ആരംഭിച്ച ഈ തീർത്ഥാടനം ഈ വിശുദ്ധ ബലിയോടെ അവസാനിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, എക്യൂമെനിക്കൽ സൂനഹദോസുകൾ പ്രഖ്യാപിച്ച അതെ വിശ്വാസമാണ് അന്ത്രയോസും ഈ നാട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഓർമ്മിപ്പിച്ചു. വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പരാമർശിച്ച പാപ്പാ, എന്നാൽ, പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന തലത്തിലേക്ക് വരെ നീണ്ട അത്തരം ഓർമ്മകളും തീരുമാനങ്ങളും സഭയുടെ ഓർമ്മയിൽനിന്ന് മായ്ച്ചുകളയണമെന്ന് പോൾ ആറാമൻ പാപ്പായും അതേനഗോറസ് പാത്രിയർക്കീസും (Patriarch Athenagoras) അറുപത് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത് അനുസ്മരിച്ചു.

കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവശാസ്ത്രസംവാദങ്ങൾക്കായുള്ള അന്താരാഷ്ട്ര കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പാത്രിയർക്കേറ്റ് നൽകുന്ന പിന്തുണ അനുസ്മരിച്ച പാപ്പാ, എല്ലാ ഓർത്തഡോക്സ് സഭകളും ഈയൊരു പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതിന്റെ പ്രധാന്യവും എടുത്തുപറഞ്ഞു. റോമിന്റെ മെത്രാനെന്ന നിലയിൽ, എല്ലാവരുടെയും ശുശ്രൂഷയ്ക്കും, ഒരുമയ്ക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള തന്റെ സന്നദ്ധതയും പാപ്പാ ഉറപ്പു നൽകി.

രക്തരൂക്ഷിത സംഘർഷങ്ങളും അതിക്രമങ്ങളും എല്ലായിടങ്ങളിലും നടക്കുന്ന ഇക്കാലത്ത് കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും സമാധാനസ്ഥാപകരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനം മനുഷ്യന്റെ ശ്രമങ്ങളുടെ മാത്രം ഫലമല്ല, അത് ദൈവികമായ ഒരു ദാനം കൂടിയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

നമ്മുടെ പരിപാലനത്തിനായി നൽകപ്പെട്ട ഭൂമിയുടെയും സൃഷ്ടിയുടെയും മേൽ നമുക്കുള്ള ഉത്തരവാദിത്വം തിരിച്ചറിയേണ്ടതും, ഇന്ന് സഭകൾ ഉൾപ്പെടെ ഏവരും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് മുന്നിൽ നമുക്കുണ്ടാകേണ്ട, ആദ്ധ്യാത്മികവും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിന്റെ ആവശ്യവും പാപ്പാ പരാമർശിച്ചു.

ആശയവിനിമയമുൾപ്പെടെയുള്ള മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം സംബന്ധിച്ചുണ്ടാകേണ്ട ശ്രദ്ധയും ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യരുടെ സമഗ്രവികസനവും, എല്ലാവർക്കുമുണ്ടാകേണ്ട സംലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ഇതിലേക്കും, പൊതുനന്മയ്ക്കുവേണ്ടിയും ക്രൈസ്തവർ മാത്രമല്ല, വിവിധ മതവിഭാഗങ്ങളിലുള്ളവരും, സന്മനസ്സുള്ള എല്ലാ മനുഷ്യരും ഒരുമിച്ച് നിൽക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാത്രിയർക്കീസ് തനിക്ക് നൽകിയ സാഹോദര്യം നിറഞ്ഞ സ്വീകരണത്തിന് നന്ദി പറഞ്ഞ പാപ്പാ, എല്ലാവരെയും വിശുദ്ധ അന്ത്രയോസിന്റെയും സഹോദരൻ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ ജോർജിന്റെയും നിഖ്യ കൗൺസിൽ പിതാക്കന്മാരുടെയും, പുരാതനവും മഹത്വപൂർണ്ണവുമായ കോൺസ്റ്റാന്റിനോപ്പിൾ സഭയിലെ മറ്റ് ഇടയന്മാരുടെയും പ്രാർത്ഥനകൾക്ക് സമർപ്പിച്ചു.

സംയുക്ത ആശീർവാദം

കർമ്മങ്ങളുടെ അവസാനത്തിൽ, ഇരുവരും പരസ്പരം സാഹോദര്യം  പങ്കുവച്ചുകൊണ്ട് ചുംബിക്കുകയും ചെയ്തു.  തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിനു പുറത്തുകടന്ന ഇരുവരും ചേർന്ന്, മട്ടുപ്പാവിൽ നിന്നുകൊണ്ട് വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തു. ഇരുവരും കരങ്ങൾ ചേർത്ത് വച്ചതും, പരസ്പരം ചുംബനം, നൽകിയതും ഏറെ ഹൃദ്യമായിരുന്നു. തുടർന്ന് ഉച്ചഭക്ഷണത്തിനായി, ഇരുവരും പാത്രിയാർക്കൽ ഭവനത്തിലേക്ക് കടന്നുപോവുകയും ചെയ്തു.

സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം
സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം   (@Vatican Media)

ലിയോ പതിനാലാമൻ പാപ്പായുടെ തുർക്കിയെ സന്ദർശനത്തിന്റെ മൂന്നും നാലും ദിവസത്തെ വിവരണങ്ങളാണ് മുകളിൽ വിവരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 നവംബർ 2025, 16:39