പാപ്പായുടെ തുർക്കി സന്ദർശനം സഭകൾ തമ്മിലുള്ള കൂട്ടായ്‍മയെ ഊഷ്‌മളമാക്കും: മോൺസിഞ്ഞോർ പൗളോ ബിസെത്തി
ദനിയെലെ പിച്ചിനി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നവംബർ മാസം ഇരുപത്തിയേഴു മുതൽ ആരംഭിക്കുന്ന ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അന്താരാഷ്ട്ര സന്ദർശനം തുർക്കിയിലേക്കാണ്. നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700 മത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ കൂടിയാണ് പാപ്പാ തുർക്കിയിലേക്ക് യാത്രയാകുന്നത്. എക്യുമെനിസത്തിനും സംഭാഷണത്തിനുമുള്ള ഒരു അവസരമായിരിക്കും ഈ സന്ദർശനം.
ഈ സന്ദർശനത്തിന്റെ ചരിത്ര പ്രാധാന്യം അനുസ്മരിച്ചുകൊണ്ട്, കാരിത്താസിന്റെ മുൻ പ്രസിഡന്റും അനറ്റോലിയയിലെ മുൻ അപ്പോസ്തോലിക വികാരിയുമായ മോൺസിഞ്ഞോർ പൗളോ ബിസെത്തി വത്തിക്കാൻ മാധ്യമത്തിന് അഭിമുഖസംഭാഷണം അനുവദിച്ചു.
കൗൺസിൽ പിതാക്കന്മാരെ ഉണർത്തിയ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനും ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയെ നിർവചിച്ച കൗൺസിലിന്റെ വാർഷികം ആഘോഷിക്കാനും, ക്രൈസ്തവീകതയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനുമുള്ള ഒരു മികച്ച എക്യുമെനിക്കൽ അവസരമാണ് ഈ സന്ദർശനമെന്നു അദ്ദേഹം എടുത്തുപറഞ്ഞു.
ചരിത്രപരമായ ക്രിസ്തുമതത്തിനും സമകാലിക ക്രിസ്തീയ ജീവിതത്തിനും തുർക്കി ഒരു പ്രധാന സ്ഥലമാണെന്നതിനാൽ, രാജ്യത്തെ ചെറിയ ക്രിസ്ത്യൻ ന്യൂനപക്ഷത്തോട് അടുപ്പവും പിന്തുണയും കൊണ്ടുവരിക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. രണ്ടു വർഷങ്ങൾക്ക് മുമ്പ് തുർക്കിയിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തെ തുടർന്നുള്ള മാസങ്ങളിൽ, കാരിത്താസിന് അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടിവന്നതും, മതിലുകളുടെ വേർതിരിവുകൾ ഇല്ലാതെ, കത്തോലിക്കരും മുസ്ലീങ്ങളും ഒന്നിച്ചു പ്രവർത്തനങ്ങൾ നടത്തിയതും മോൺസിഞ്ഞോർ അനുസ്മരിച്ചു.
2019 മുതൽ കാരിത്താസ് തുർക്കിയുടെ പ്രസിഡന്റായിരുന്ന മോൺസിഞ്ഞോർ പൗളോ, ഭൂകമ്പബാധിതർക്കുവേണ്ടി കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള മതാന്തര സഹകരണത്തെ ഇപ്പോഴും രാജ്യത്ത് തന്റെ ദീർഘകാല ഭരണകാലത്തെ ഏറ്റവും വിലയേറിയ അനുഭവങ്ങളിലൊന്നായി വിലമതിക്കുന്നു. ക്രിസ്തീയ ജീവിതത്തിന്റെ സമകാലിക പ്രസക്തിക്കു നിർണായകമായ ഒരു രാജ്യമെന്ന നിലയിൽ, ആട്ടിൻകൂട്ടത്തെ നേരിട്ട് സന്ദർശിക്കുകയും, നല്ല ഇടയന്റെ സാമീപ്യം കൊണ്ടുവരികയുമാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അതേസമയം തുർക്കിയിൽ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളെയും, മതസ്വാതന്ത്ര്യത്തെയും മോൺസിഞ്ഞോർ അടിവരയിട്ടു പറഞ്ഞു. ഇവ, കപ്പേളകൾ , യുവജന കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണത്തെ തടയുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാപ്പായുടെ സന്ദർശനം, ഏറ്റവും ദുർബലരായവരെ സേവിക്കുന്നതിലും പരിപാലിക്കുന്നതിലും, ഏവരും ഐക്യപ്പെട്ടുകൊണ്ട് ഒരു ജനതയായി തോന്നുവാനുള്ള ഒരു അവസരം ഏവർക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആഴത്തിലുള്ള മതാന്തര സംഭാഷണം, അത് ജീവിതത്തിന്റേതും, പാവങ്ങളോടുള്ള ആർദ്രതയുടേതുമാണെന്നും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ മോൺസിഞ്ഞോർ എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
