സംസ്കാരസമ്പന്നമായ ഒരു ലോകം വളർത്തുകയും സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്ത് സമാധാനവും ഐക്യദാർഢ്യവും വളർത്തിയെടുക്കുന്നതിന് ഉതകുന്ന വിധത്തിൽ പ്രവർത്തിക്കാൻ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. റോമിന്റെ മെത്രാനെന്ന നിലയിൽ പാപ്പായുമായി പ്രത്യേക ബന്ധം കൂടി കാത്തുസൂക്ഷിക്കുന്ന ഈ യൂണിവേഴ്സിറ്റിയുടെ ഈ അദ്ധ്യയനവർഷം ഉത്‌ഘാടനം ചെയ്ത വേളയിലാണ്, എപ്രകാരമുള്ള വിദ്യാഭ്യാസമാണ് ഇന്നത്തെ യുവജനങ്ങൾക്കും ലോകത്തിനും വേണ്ടതെന്നതിനെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്.
സാംസ്‌കാരികമായ അറിവിന്റെ അഭാവം വർദ്ധിച്ചുവരുന്ന ഒരു ലോകത്ത്, മനുഷ്യർക്ക് കൂടുതൽ സ്വീകാര്യമാകുന്ന വിധത്തിൽ ദൈവശാസ്ത്രം അവതരിപ്പിക്കേണ്ടതിന്റെയും, തത്വശാസ്ത്രമുൾപ്പെടെയുള്ള വിഷയങ്ങൾ അഭ്യസിക്കേണ്ടതിന്റെയും, ദൈവരാജ്യത്തിന്റെ സാക്ഷികളാകാൻ കഴിവുള്ള, സമാധാനത്തിന്റെയും നീതിയുടെയും വക്താക്കളും വർത്തകരുമായ ആളുകളെ രൂപീകരിക്കേണ്ടതിന്റെയും ആവശ്യം പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.
ഗവേഷണങ്ങളും പഠനവും സാധാരണ ജീവിതത്തിന് ഏറെ ആവശ്യമില്ലെന്നും, സഭയിൽ ദൈവശാസ്ത്രത്തെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും, നിയമകാര്യങ്ങളെക്കുറിച്ചുമുള്ള അറിവിനേക്കാൾ, അജപാലനസേവനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും കരുതുന്ന ഒരു ലോകത്ത്, ശരിയായ രീതിയിലുള്ള വ്യക്തിത്വരൂപീകരണത്തിൽ കുറവുണ്ടാകാമെന്നും, വ്യക്തികൾ അനാവശ്യകാര്യങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുകയും, വ്യക്തതയില്ലാതെ പ്രവർത്തിക്കുകയും, തീവ്രനിലപാടുകളിലേക്ക് നീങ്ങുകയും ചെയ്യാനുള്ള സാധ്യത കൂടുതലുണ്ടാകാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തങ്ങളെത്തന്നെ എല്ലാത്തിന്റെയും അളവുകോലായി കണക്കാക്കുന്ന ഒരു മനോഭാവത്തെ അതിജീവിക്കാനും, നല്ല കഴിവുകളുള്ളവരും അത് മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കുനന്നവരുമായ അൽമായരെയും വൈദികരെയും രൂപീകരിക്കേണ്ടതിന്റെയും, കൂടുതൽ സാഹോദര്യവും സമാധാനവും നിലനിൽക്കുന്നതും ഐക്യം വാഴുന്നതുമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി പ്രവർത്തിക്കുന്ന ആളുകളെ വാർത്തെടുക്കേണ്ടതിന്റെയും പ്രധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.
1773-ൽ സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ, ദൈവശാസ്ത്രം, തത്വശാശ്ത്രം, കാനോനികനിയമം, സിവിൽ നിയമം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി, 130 അദ്ധ്യാപകരും ആയിരത്തിലധികം വിദ്യാർത്ഥികളും 34 മറ്റു ജോലിക്കാരുമാണുള്ളത്. ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
