ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

തന്റെ പ്രഥമ അപ്പസ്തോലിക യാത്രയ്ക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

തുർക്കിയിലേക്കും ലെബനനിലേക്കും നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ്, നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നീളുന്ന ഈ യാത്രയ്ക്ക് പ്രാർത്ഥനാസഹായം പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തുർക്കിയിലേക്കും ലെബനനിലേക്കും നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ പ്രാർത്ഥനകൾ കൊണ്ട് തന്നെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ. നവംബർ 16 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥനകൾ അപേക്ഷിച്ചത്. 2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെയാണ് പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്ര നീളുന്നത്.

സമ്പന്നമായ ചരിത്രവും അദ്ധ്യാത്മികതയുമുള്ള തുർക്കിയിലെയും ലെബനനിലെയും പ്രിയപ്പെട്ട ജനങ്ങളെ കാണാനായി താൻ യാത്ര ആരംഭിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നിഖ്യായിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-ആം വാർഷികം കൂടിയാണ് ഇതെന്ന കാര്യവും എടുത്തുപറഞ്ഞു. അവിടെയുള്ള കത്തോലിക്കാ സമൂഹങ്ങളെയും, ക്രൈസ്തവരും മറ്റ് മതവിശ്വാസികളുമായ സഹോദരങ്ങളെയും കാണാനാണ് താൻ അവിടേക്ക് പോകുന്നതെന്നും പാപ്പാ വിശദീകരിച്ചു.

പ്രത്യാശയോടെ ജീവനെ നോക്കിക്കാണുക

അറബ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തെ അധികരിച്ചുകൊണ്ട്, ജീവനിലേക്ക് പ്രത്യാശയോടെ നോക്കാൻ, ഏവരെയും ആഹ്വാനം ചെയ്തു. ഉത്ഥിതനായ ക്രിസ്തു, നമ്മുടെ ബുദ്ധിമുട്ടുകൾക്കും സഹനങ്ങൾക്കുമിടയിലും നമ്മോടൊപ്പവും നമുക്ക് വേണ്ടിയും യാത്ര ചെയ്യുന്നുണ്ടെന്ന ബോധ്യത്തിൽ ജീവിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

ആഗമനകാലം

വരുന്ന ഞായറാഴ്ച ക്രൈസ്തവികതയുടെ രഹസ്യം ആഘോഷിക്കുന്ന പുതിയൊരു കാലത്തിലേക്ക് പ്രവേശിക്കുകയാണെന്ന്, ആഗമനകാലം ഒന്നാം ഞായറിനെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞ പാപ്പാ, ആരാധനാക്രമവർഷത്തിന്റെ ഈ കാലം, നമുക്കിടയിലേക്ക് വരുന്ന ദൈവത്തെ കണ്ടുമുട്ടാനുള്ള ആഗ്രഹം നമ്മിൽ വളർത്തിക്കൊണ്ട്, ക്രിസ്തുമസിനായി നമ്മെ ഒരുക്കുന്നതാണെന്നും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 നവംബർ 2025, 14:03