തുർക്കി-ലെബനൻ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നങ്ങൾ തുർക്കി-ലെബനൻ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നങ്ങൾ 

ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്ര

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ നീളുന്ന തുർക്കി-ലെബനൻ അപ്പസ്തോലികയാത്രയിൽ ലിയോ പതിനാലാമൻ പാപ്പാ. സഭൈക്യവും സാഹോദര്യവും ഐക്യവും സമാധാനവും മുന്നോട്ടുവച്ചുള്ള പാപ്പായുടെ ഈ യാത്രയുടെ ആദ്യപടിയായ തുർക്കിയുമായി ബന്ധപ്പെട്ട വിവരണം.
ശബ്ദരേഖ - ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്ര

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കുമുള്ള (Lebanon) തന്റെ പ്രഥമ അപ്പസ്തോലിക യാത്ര ആരംഭിച്ചു. ലോകം അധികാരഭ്രമത്തിന്റെയും കയ്യൂക്കിന്റെയും സ്വാർത്ഥതാത്പര്യങ്ങൾ മൂലം സംഘർഷങ്ങളും യുദ്ധങ്ങളുമായി മാനവികതയെയും സൃഷ്ടപ്രപഞ്ചത്തേയും മുറിവേൽപ്പിക്കുമ്പോൾ, തുർക്കിയിലെ അങ്കാറ, ഇസ്താൻബുൾ, ഇസ്‌നിക് നഗരങ്ങളിലും, ലെബനനിലെ ബെയ്‌റൂട്ടിലേക്കും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായാണ് പരിശുദ്ധ പിതാവ് എത്തുക.

തുർക്കിയിലേക്കുള്ള യാത്രയുടെ ഔദ്യോഗിക ചിഹ്നവും പ്രമേയവും

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നതിനെയും, ദൈവത്തിനും മനുഷ്യർക്കുമിടയിലെ പാലമെന്ന നിലയിൽ ക്രിസ്തുവിനെയും സൂചിപ്പിച്ചുകൊണ്ട് നടുക്ക് ദർദനെല്ലി (Dardanelli) പാലവും, മാമ്മോദീസ ജലത്തെയും, ഇസ്‌നിക് തടാകത്തെയും സൂചിപ്പിക്കുന്ന ജലം താഴെയും, വലതുവശത്ത് 2025-ലെ ജൂബിലി കുരിശും, പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി മൂന്ന് പരസ്പരം ഇടകലർന്ന മൂന്ന് വൃത്തങ്ങൾ ഇടതുവശത്തുമുള്ള, വൃത്താകൃതിയിലുള്ള ഒരു ചിത്രമാണ് തുർക്കിയിലേക്കുള്ള യാത്രയുടെ ഔദ്യോഗിക ചിഹ്നം. "ഒരു കർത്താവും, ഒരു വിശ്വാസവും, ഒരു മാമ്മോദീസായും" (എഫേസൂസ്‌ 4, 5) എന്ന ഈ ഔദ്യോഗികയാത്രയുടെ പ്രമേയവും ഇവിടെ വ്യക്തമാണ്. വൃത്തം ദൈവത്തിന്റെ ഏകത്വത്തെയും, പാലം ആളുകളെ ഒരുമിപ്പിക്കുന്ന ഏക വിശ്വാസത്തെയും, ഓളങ്ങൾ ദൈവമക്കളെ വീണ്ടും ജനിപ്പിക്കുന്ന മാമ്മോദീസായെയുമാണ് സൂചിപ്പിക്കുന്നത്. സാഹോദര്യം കെട്ടിപ്പടുക്കാനും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദത്തിനുമാണ് ഈ ചിഹ്നവും പ്രമേയവും ക്ഷണിക്കുന്നത്.

തുർക്കിയും നിഖ്യയും

തുർക്കി സന്ദർശിക്കുന്ന പത്രോസിന്റെ അഞ്ചാമത്തെ പിൻഗാമിയാണ് ലിയോ പതിനാലാമൻ പാപ്പാ. ഒന്നാം നിഖ്യ കൗൺസിലിന്റെ 1.700-മത് വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ്, ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹവും, പദ്ധതിയും പൂർത്തീകരിച്ചുകൊണ്ട്, പാപ്പാ ഇവിടം സന്ദർശിക്കുന്നത്. നിഖ്യ ഇന്ന് ഇസ്‌നിക് (İznik) എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്രിസ്തുവർഷം 325-ൽ ഒന്നാം കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ്, ഏതാണ്ട് 300-ഓളം മെത്രാന്മാരുടെ പങ്കാളിത്തത്തോടെ നടന്ന നിഖ്യ കൗൺസിലിന് മേൽനോട്ടം വഹിച്ചത്. പിതാവിനോട് ഏകസത്തയും ദൈവപുത്രനുമായ യേശു ക്രിസ്തു, യേശുക്രിസ്തുവിൽ പൂർണ്ണമായും അടങ്ങിയിരിക്കുന്ന ദൈവ-മനുഷ്യ സ്വഭാവങ്ങൾ, പെസഹായുടെ തീയതി തുടങ്ങിയ പ്രധാന വിഷയങ്ങൾ ഈ സൂനഹദോസിൽ ചർച്ച ചെയ്യപ്പെട്ടു.

തുർക്കിയിലെത്തിയ മുൻ പാപ്പാമാർ

പാപ്പാമാരുടെ യാത്രകളിൽ തുർക്കിക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഇവിടെയെത്തിയിട്ടില്ലെങ്കിലും, അതിന് മുൻപ് ഏതാണ്ട് 10 വർഷങ്ങൾ (1935-44) ഇൻസ്റ്റാമ്പൂളിൽ അപ്പസ്തോലിക പ്രതിനിധിയായി താമസിച്ചിരുന്നു. വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ അഞ്ചാമത് യാത്ര (1967) തുർക്കിയിലൂടെയായിരുന്നു. അന്ന് വിമാനത്താവളത്തിൽ തന്നെ കാണാനെത്തിയ രാജ്യത്തലവന്, ലേപന്തോ യുദ്ധത്തിൽ (1571) പിടിച്ചെടുക്കപ്പെട്ട ഓട്ടോമൻ പതാക പാപ്പാ സമ്മാനമായി നൽകിയിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് തന്റെ നാലാം അപ്പസ്തോലിക യാത്രയുടെ ഭാഗമായി (1979) തുർക്കി സന്ദർശിച്ച രണ്ടാമത്തെ പാപ്പാ. ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ അഞ്ചാം അപ്പസ്തോലിക യാത്രയുടെ ഭാഗമായി (2006) ഇവിടം സന്ദർശിച്ചിരുന്നു. ഫ്രാൻസിസ് പാപ്പായും തന്റെ ആറാം അപ്പസ്തോലിക യാത്രയുടെ ഭാഗമായി (2014) തുർക്കി സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന് എക്യൂമെനിസത്തിനൊപ്പം ഇസ്ലാം മതവുമായുള്ള സംവാദത്തിന്റെ കൂടി പശ്ചാത്തലമുണ്ടായിരുന്നു.

തുർക്കി കണക്കുകളിലൂടെ

എട്ട് ലക്ഷത്തോളം (774.815) ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള തുർക്കിയിൽ, 2024 ഡിസംബർ 31-ലെ കണക്കുകൾ പ്രകാരം ഏതാണ്ട് എട്ടരക്കോടി (8.58.12.000) ജനങ്ങളാണുള്ളത്. ഇവരിൽ 33000 പേർ കത്തോലിക്കരാണ്. ആർച്ച്ബിഷപ് മാരെക് സോൾച്സിൻസ്‌കിയാണ് (H.E. Msgr. Marek Solczyński) തുർക്കിയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ. 1978 ഫെബ്രുവരി ഒന്നിനാണ് പരിശുദ്ധ സിംഹാസനം തുർക്കിയിൽ മെത്രാൻസമിതി സ്ഥാപിച്ചത്. രാജ്യത്ത് 7 രൂപതകളിലായി 40 ഇടവകകളും 18 അജപാലനകേന്ദ്രങ്ങളുമുണ്ട്. ലത്തീൻ സഭയ്ക്ക് പുറമെ 4 പൗരസ്ത്യകത്തോലിക്കാസഭകളും രാജ്യത്തുണ്ട്. ഒരു അതിരൂപതയും രണ്ട് വികാരിയത്തുകളും ലത്തീൻ സഭയുടെ കീഴിലുള്ളപ്പോൾ, കൽദായ, അർമേനിയൻ, സിറിയൻ, ബൈസന്റൈൻ സഭകളിലായി ഓരോ രൂപതകളും രാജ്യത്തുണ്ട്. പത്ത് മെത്രാന്മാരുള്ള തുർക്കിയിൽ 18 രൂപതാവൈദികരും 58 സന്ന്യസ്തവൈദികരും വൈദികരല്ലാത്ത 5 സന്ന്യസ്തരും, 2 സ്ഥിരം ഡീക്കന്മാരുമുണ്ട്. 1 സന്ന്യസ്ത സമൂഹമുള്ള രാജ്യത്ത് സന്ന്യസ്തകളുടെ എണ്ണം 37 ആണ്. ഇതുകൂടാതെ 2 അത്മായ മിഷനറിമാരും 56 മതാദ്ധ്യാപകരും അജപാലനമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. തുർക്കിയിൽ നിലവിലെ കണക്കുകൾ പ്രകാരം 1 മൈനർ സെമിനാരി വിദ്യാർത്ഥിയും 10 മേജർ സെമിനാരിക്കാരുമുണ്ട്. രാജ്യത്തെ കത്തോലിക്കാസഭയുടെ കീഴിൽ 13 പ്രൈമറി സ്‌കൂളുകളും, 10 അപ്പർ പ്രൈമറി സ്‌കൂളുകളും 1 ഉന്നത വിദ്യാഭ്യാസകേന്ദ്രവുമുണ്ട്. ഇതുകൂടാതെ സഭ 5 ആശുപത്രികളും 2 ക്ലിനിക്കുകളും 5 വയോധികമന്ദിരങ്ങളും 2 അനാഥമന്ദിരങ്ങളും നടത്തുന്നുണ്ട്.

യൂറോപ്പിനോട് അടുത്തുള്ള തുർക്കി

തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ അനറ്റോളിയൻ ഉപദ്വീപിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ, മുസ്തഫ കെമാൽ അതാത്യുർക്ക് (Mustafa Kemal “Atatürk") 1923-ൽ സ്ഥാപിച്ച തുർക്കി, 1945 മുതൽ യൂറോപ്പിനോട് കൂടുതൽ അടുത്തിട്ടുണ്ട്. നാറ്റോ (NATO), G20 പോലെയുള്ള സംഘടനകളിൽ അംഗം കൂടിയാണ് ഈ രാജ്യം. 2003-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട റെജപ് തയ്യിപ്‌ എർദോഗൻ (Recep Tayyip Erdoğan), പിന്നീട് 2014-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2018, 2023 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ക്രൈസ്തവമതവും പ്രതിസന്ധികളും

താർസിലെ വിശുദ്ധ പൗലോസിന്റെ നാടും, ക്രൈസ്തവികതയുടെ വികസനത്തിന്റെ പിള്ളത്തൊട്ടിലുമായിരുന്ന ഈ രാജ്യത്ത് ഇന്ന് ക്രൈസ്തവർ ഒരു ന്യൂനപക്ഷം മാത്രമാണ്. സഭയിലെ ആദ്യ എട്ട് സൂനഹദോസുകൾക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സുന്നി വിഭാഗത്തിൽപ്പെട്ട ഇസ്ലാം മതവിശ്വാസികളാണ്. തുർക്കി ഭരണഘടനാ, മതസ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടങ്കിലും, ഇന്ന് മറ്റ് ന്യൂനപക്ഷമതങ്ങൾക്കൊപ്പം ക്രൈസ്തവരും നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഉദാഹരണമായി, 1923-ൽ ലോസാന്ന (Losanna) കരാർ പ്രകാരം ഓർത്തഡോക്സ്, അർമേനിയൻ ഓർത്തഡോക്സ്, യഹൂദ മതങ്ങളിലുള്ളവർക്ക് "അംഗീകരിക്കപ്പെട്ട മതങ്ങൾ" എന്ന സ്ഥാനം ഉണ്ടെങ്കിലും, കത്തോലിക്കാസഭയ്ക്ക് നിയമപരമായ അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഇത്, വസ്തുവകകളുടെയും, രൂപത-ഇടവക എന്നിവയുടെയും, വൈദികരുടെയും അംഗീകാരത്തിലേക്കും നീണ്ടിരുന്നു. എന്നാൽ 2011-ൽ അന്ന് പ്രധാനമന്ത്രിയായിരുന്ന എർദോഗാൻ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കെമാൽ അതാത്യുർക്ക് പിടിച്ചെടുത്ത വസ്തുവകകൾ ഗ്രീക്ക് ഓർത്തഡോക്സ്, കൽദായ സഭ, അർമേനിയൻ സഭ, യഹൂദർ എന്നിവർക്ക് തിരികെ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിൽ ലത്തീൻ സഭയെ ഉൾപ്പെടുത്തിയിരുന്നില്ല.

മതാധിഷ്ഠിത രാജ്യമല്ലെങ്കിലും തുർക്കിയിൽ കൂടുതൽ സ്വാതന്ത്ര്യത്തിനായുള്ള സഭയുടെ പരിശ്രമങ്ങൾ നിരവധി ഇസ്ലാമിക ഗ്രൂപ്പുകളുടെയും പാർട്ടികളുടെയും വെറുപ്പ് ഉണ്ടാകാൻ കാരണമായിരുന്നു. എർദോഗാന്റെ കീഴിലുള്ള മൃദുത്വ ഇസ്ലാമിക സർക്കാർ, കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൂടുതൽ സംവാദങ്ങളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും, 2006-ൽ ആന്ദ്രേയ സന്തോറോ (Andrea Santoro) എന്ന വൈദികനും, 2010-ൽ ആനത്തോലിയ അപ്പസ്തോലിക വികാരിയായിരുന്ന മോൺ. ലൂയിജി പാദൊവേസെയും (Luigi Padovese) കൊല്ലപ്പെട്ട സംഭവങ്ങൾക്കും കാലം സാക്ഷ്യം വഹിച്ചിരുന്നു.

ലിയോ പതിനാലാമൻ പാപ്പായുടെ യാത്ര

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, ഇന്ത്യയിൽ ഉച്ചയ്ക്ക് 11.30-ന് വത്തിക്കാനിൽനിന്ന് പുറപ്പെട്ട് റോം ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പാ, അവിടെനിന്ന് 7.58-ന് യാത്രയാരംഭിച്ച് 1.930 കിലോമീറ്ററുകൾ ഏതാണ്ട് മൂന്ന് മണിക്കൂറുകൾ കൊണ്ട് താണ്ടി, ഉച്ചയ്ക്ക് പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റലിയിൽനിന്നും രണ്ട് മണിക്കൂറുകൾ മുന്നിലാണ് തുർക്കി. ഇതനുസരിച്ച്, ഇന്ത്യയിലെ സമയത്തിനും രണ്ടര മണിക്കൂർ പിന്നിലാണ് തുർക്കിയിലെ സമയം. ഈ യാത്രയിൽ, ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-എർസെഗോവ്‌ന, മോന്തേനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പാ സഞ്ചരിച്ച ഇറ്റലിയുടെ ഈറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പാ സന്ദേശങ്ങളയച്ചിരുന്നു.

വിമാനത്താവളത്തിൽ സ്വീകരണം ഏറ്റുവാങ്ങിയ പാപ്പാ, പിന്നീട് അങ്കാറയിലുള്ള തുർക്കി പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തുകയും ഉച്ച കഴിഞ്ഞ് 3.30-ന് രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  

അങ്കാറയിലേതുൾപ്പെടെയുള്ള ഔദ്യോഗികപരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ പ്രേക്ഷപണത്തിലൂടെ വത്തിക്കാൻ റേഡിയോയും, ലേഖനങ്ങളിലൂടെ വത്തിക്കാൻ ന്യൂസ് എന്ന വെബ്‌സൈറ്റും പങ്കുവയ്ക്കുന്നതാണ്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 നവംബർ 2025, 13:45