പൗലോസിന്റെ നാട്ടിലെത്തിയ പത്രോസിന്റെ പിൻഗാമി: ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ നീളുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലെത്തി. ആദ്യ രണ്ടു ദിവസങ്ങളിൽ പാപ്പാ, മുസ്തഫ കെമാൽ അതാത്യുർക്കിന്റെ ശവകുടീരം, പ്രസിഡന്റിന്റെ ഓഫീസ്, മത കാര്യങ്ങൾക്കായുള്ള കേന്ദ്രം, അപ്പസ്തോലിക നൂൺഷിയേച്ചർ, അപ്പസ്തോലിക പ്രതിനിധി മന്ദിരം, പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ തുടങ്ങി നിരവധിയിടങ്ങൾ സന്ദർശിച്ചു.
വത്തിക്കാനിൽനിന്നും തുർക്കിയിലേക്ക്
നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, ഇന്ത്യയിൽ ഉച്ചയ്ക്ക് 11.30-ന് വത്തിക്കാനിൽനിന്ന് പുറപ്പെട്ട് റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പാ, അവിടെനിന്ന് 7.58-ന് യാത്രയാരംഭിച്ച് 1.930 കിലോമീറ്ററുകൾ ഏതാണ്ട് മൂന്ന് മണിക്കൂറുകൾ കൊണ്ട് താണ്ടി, ഉച്ചയ്ക്ക് പ്രാദേശികസമയം പന്ത്രണ്ടരയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഈ യാത്രയിൽ, ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-എർസെഗോവ്‌ന, മോന്തേനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പാ സഞ്ചരിച്ച ഇറ്റലിയുടെ ഈറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പാ സന്ദേശങ്ങളയച്ചിരുന്നു.
കടൽനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലുള്ള അങ്കാറ നഗരം, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ, മുസ്തഫ കെമാൽ അതാത്യുർക്ക് (Mustafa Kemal “Atatürk") 1923-ൽ സ്ഥാപിച്ച തുർക്കിയുടെ രാഷ്ട്രീയ തലസ്ഥാനമാണ്.
പാപ്പാ തുർക്കിയിൽ
എസെൻബോഗ വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടേക്കുള്ള അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് മാരെക് സോൾചിൻസ്‌കിയും (H.E. Msgr. Marek Solczyński) രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെത്തി സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനികബഹുമതി നൽകപ്പെട്ടു. വിമാനത്താവളത്തിൽ വച്ച് പാപ്പായും മന്ത്രിയുമായി ചെറിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
മുസ്തഫ കെമാൽ അതാത്യുർക്കിന്റെ ശവകുടീരത്തിലേക്ക്
മന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പാപ്പാ വിമാനത്താവളത്തിൽനിന്ന് 28 കിലോമീറ്ററിലോളം അകലെ, രാഷ്ട്രനിർമ്മാതാവും പ്രഥമ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാത്യുർക്കിന്റെ (Mustafa Kemal “Atatürk") ശവകുടീരം സ്ഥിതിചെയ്യുന്ന ഇടത്തേക്ക് കാറിൽ യാത്രയായി.
1944-നും 1953 -നും ഇടയിൽ പണിയപ്പെട്ട ഈ മന്ദിരം ഗ്രീക്ക് ദേവാലയങ്ങളുടെ മാതൃകയിലുള്ളതാണ്. ഓട്ടോമൻ ഭരണത്തിന് കീഴിലുണ്ടായിരുന്ന ഖുർആൻ നിയമസംഹിതയ്ക്ക് പകരം ഒരു സിവിൽ കോഡ് കൊണ്ടുവന്നതും, ഇസ്ലാം മതവിശ്വാസം രാജ്യത്തിന്റെ മതമായിരുന്ന സ്ഥിതിയിൽനിന്ന് മാറി, മതേതരസ്വഭാവമുള്ള ഒരു രാജ്യമാക്കി അതിനെ മാറ്റിയതും അതാത്യുർക്കാണ്. ഇസ്ലാം വിധിപ്രകാരമുള്ള വിദ്യഭ്യാസ, വിധിന്യായ വ്യവസ്ഥകൾ മാറ്റിയതും, വെള്ളിയാഴ്ചയിൽനിന്ന് അവധിദിവസം ഞായറാഴ്ചയിലേക്ക് മാറ്റിയതും, ബഹുഭാര്യത്വം നിരോധിച്ചതും, സ്ത്രീകൾക്ക് വോട്ട് നൽകിയതും, പുരുഷന്മാർക്ക് തൊപ്പിയും, സ്ത്രീകൾക്ക് ബുർക്കയും നിരോധിച്ചതും, അറബ് അക്ഷരങ്ങൾക്ക് പകരം ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ച് ടർക്കിഷ് ഭാഷ എഴുതാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
അതാത്യുർക്കിന്റെ ശവകുടീരത്തിനരികിലെത്തിയ പാപ്പായെ, അങ്കാറയുടെ ഉപ ഗവർണറും, മറ്റ് പ്രാദേശിക നേതൃത്വങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പാപ്പാ അവിടെ ഒരു പൂമാല ഉപചാരമായി ചാർത്തി. അവിടെയുള്ള മിസാക്-ഇ-മില്ലി (Misak-ı Millî) ടവറിൽ പ്രമുഖ സന്ദർശകർക്കായുള്ള ഡയറിയിൽ ഒപ്പുവച്ച ശേഷം പാപ്പാ അവിടെനിന്ന് ഏഴ് കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്രയായി.
പാപ്പാ തുർക്കി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ
ഉച്ചകഴിഞ്ഞ് 2.40-ന് തന്റെ കൊട്ടാരത്തിലെത്തിയ പാപ്പായെ, പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ (Recep Tayyip Erdoğan) വാതിൽക്കലെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനാലാപനത്തിനും, ബഹുമാനപുരസ്സരമുള്ള പീരങ്കിവെടികൾക്കും, മറ്റ് ആചാരമര്യാദകൾക്കും ശേഷം, ഇരു സംഘങ്ങളും പരസ്പരം പരിചയപ്പെടുത്തുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് ലിഫ്റ്റുപയോഗിച്ച് രണ്ടാം നിലയിലെത്തിയ ശേഷം ഇരു പ്രതിനിധിസംഘങ്ങൾക്കുമൊപ്പം വീണ്ടും ഫോട്ടോ എടുക്കപ്പെട്ടു. അതിനുശേഷം ഇരുനേതാക്കളും പ്രസിഡന്റിന്റെ ഓഫീസിൽ സ്വകാര്യകൂടിക്കാഴ്ച നടത്തി.
2014-ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രസിഡന്റിന്റെ കൊട്ടാരം ഫ്രാൻസിസ് പാപ്പാ 2014 നവംബർ 28-ന് സന്ദർശിച്ചിരുന്നു. ഏതാണ്ട് മൂന്ന് ലക്ഷം ചതുരശ്രമീറ്റർ വലിപ്പമുള്ളതാണ് 1.150 മുറികളുള്ള ഈ കെട്ടിടം.
ഔദ്യോഗിക പ്രതിനിധികളുമൊത്തുള്ള സമ്മേളനം
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്നരയോടെ കൊട്ടാരത്തിൽനിന്ന് ഒരു കിലോമീറ്ററിൽ താഴെ അകലെയുള്ള ദേശീയ ലൈബ്രറി എന്നറിയപ്പെടുന്ന് ഇടത്ത്, രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കാറിൽ യാത്രയായി.
ദേശീയ ലൈബ്രറിക്കടുത്തുള്ള സ്റ്റേജിലെത്തിയ ശേഷം പ്രസിഡന്റ് എർദൊഗാൻ പാപ്പായെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് പ്രഭാഷണം നടത്തി. പ്രസിഡന്റിന്റെ പ്രസംഗം അവസാനിച്ചതിനെത്തുടർന്ന് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലെ തന്റെ പ്രഥമ പ്രഭാഷണം നടത്തി.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും, പൊതുസമ്മേളനവും അവസാനിച്ച ശേഷം, വൈകുന്നേരം നാലുമണിയോടെ ഇരുവരും, അവിടെ നിന്ന് എട്ട് കിലോമീറ്ററുകൾ അകലെ, ദിയനെറ്റ് (Diyanet) എന്ന "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിലേക്ക് യാത്രയായി.
മത കാര്യങ്ങൾക്കായുള്ള കേന്ദ്രം
വൈകുന്നേരം 4.10-ന് "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിലെത്തിയ പാപ്പായെ, അവിടുത്തെ പ്രസിഡന്റ് സാഫി അർപാഗൂഷ് (Safi Arpaguş) സ്വാഗതം ചെയ്തു. തുടർന്ന് ഇരുവരും പ്രസിഡന്റിന്റെ ഓഫീസിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ടു. 2021 മുതൽ 2025 ഇസ്താൻബുൾ മുഫ്‌തി ആയിരുന്ന സാഫി, 2025 സെപ്റ്റംബർ 18-നാണ് പുതിയ ഈ ചുമതല ഏറ്റെടുത്തത്.
ഓട്ടോമൻ ഭരണത്തിന് ശേഷം, 1924-ൽ സ്ഥാപിക്കപ്പെട്ട ഈ കേന്ദ്രം, പ്രസിഡന്റിന്റെ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്നതും, സുന്നി ഇസ്ലാം വിഭാഗമനുസരിച്ചുള്ള ഉദ്ബോധനങ്ങൾ നൽകുന്നതിന് വേണ്ടിയുള്ളതുമാണ്. ഭരണഘടനയനുസരിച്ച് തുർക്കി ഒരു മതേത്വര രാജ്യമാണ്. ഏവർക്കും മതസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യവും ഈ രേഖ നൽകുന്നുണ്ട്. എന്നാൽ 1923-ലെ ലോസെന്ന (Losanna) കരാർ അനുസരിച്ച് അർമേനിയൻ അപ്പസ്തോലിക സഭ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, യഹൂദർ, എന്നീ മത ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ്, തുർക്കിയിൽ നിയമസാധുതയുള്ളത്.
പാപ്പാ അപ്പസ്തോലിക നൂൺഷിയേച്ചറിൽ
മത കാര്യങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം 4.40-ന് പാപ്പാ അപ്പസ്തോലിക നൂൺഷിയേച്ചറിലേക്ക് യാത്രയായി. വൈകുന്നേരം അഞ്ചുമണിയോടെ അവിടെയെത്തിയ പാപ്പായെ അപ്പസ്തോലിക നൂൺഷിയേച്ചറിലെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.
പാപ്പാ ഇസ്താൻബുളിലേക്ക്
നൂൺഷിയേച്ചറിൽ നിന്ന് ഇസ്താൻബുളിലേക്ക് പോകാനായി, വൈകുന്നേരം അഞ്ചരയോടെ അങ്കാറയിലുള്ള എസെൻബോഗ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പാപ്പാ യാത്ര തിരിച്ചു. ഏകദേശം മുപ്പത്തിനാല് കിലോമീറ്ററുകൾ അകലെയാണ് ഈ വിമാനത്താവളം. അവിടെയെത്തിയ പാപ്പാ, വൈകുന്നേരം 6.20-ന് ഈറ്റാ എയർവെയ്‌സിൽ അങ്കാറയിൽനിന്ന് 435 കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുളിലേക്ക് യാത്ര തിരിച്ചു.
വൈകിട്ട് ഏഴേകാലോടെ ഇസ്താൻബുൾ അതാത്യുർക്ക് (Istanbul-Atatürk) വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടെയുള്ള പ്രാദേശികനേതൃത്വം സ്വീകരിച്ചു.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയ്ക്കുള്ള ഏറ്റവും വലിയ നഗരമായ ഇസ്താൻബുൾ പഴയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു. ബൈസന്റൈന്റെയും, കോൺസ്റ്റാന്റിനോപ്പിളിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ നഗരത്തിൽ ഏതാണ്ട് ഒന്നരക്കോടിയിലധികം ആളുകൾ (1.60.00.000) അധിവസിക്കുന്നുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ സ്ഥാനികനഗരം കൂടിയാണിത്. ഏറെ ഭൂമികുലുക്കങ്ങൾ ഉള്ള ഈ നഗരത്തിൽ 2023-ൽ ഉണ്ടായ ഒരു വൻ ഭൂമികുലുക്കത്തിൽ 53.000 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
പാപ്പാ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽ
വൈകുന്നേരം എട്ടേകാലോടെ അതാത്യുർക്ക് വിമാനത്താവളത്തിൽനിന്നും 24 കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലെത്തിയ പാപ്പാ, അത്താഴം കഴിച്ച് വിശ്രമിച്ചു.
നവംബർ 28 വെള്ളിയാഴ്ച രാവിലെ 7.30-ന് അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച പാപ്പാ, 9.20-ന് തൊട്ടടുത്തുള്ള പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് യാത്രയായി.
പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ
1846-ലാണ് ഈ ദേവാലയം ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടത്.ഇവിടുത്തെ അൾത്താരയ്ക്കരികിൽ പത്രോസിന്റെ പിൻഗാമിയും രക്തസാക്ഷിയുമായ വിശുദ്ധ ലീനുസ് പാപ്പായുടെ (67-69) തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. ലിയോ പതിമൂന്നാമൻ പാപ്പായാണ് ഇത് സമ്മാനിച്ചത്. ഏതാണ്ട് 550 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ദേവാലയത്തിൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം യുദ്ധകാലത്ത് തങ്ങൾക്ക് നൽകിയ സഹായത്തിന് നന്ദിസൂചകമായി തുർക്കി പണികഴിപ്പിച്ച ഒരു പ്രതിമയുണ്ട്. ഈ കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിരവധി അർമേനിയൻ ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. വിശുദ്ധ പോൾ ആറാമൻ പാപ്പായും (1967) വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും (1979) ഫ്രാൻസിസ് പപ്പായയും (2014) ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
സമർപ്പിത-ക്രൈസ്തവസംഗമം
മെത്രാന്മാരും, വൈദികരും, ഡീക്കന്മാരും, സമർപ്പിതരും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുമൊത്തുള്ള സംഗമത്തിനായാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലെത്തിയത്. ദേവാലയവാതിൽക്കൽ ഇൻസ്റ്റാമ്പുൾ അപ്പസ്തോലിക വികാരിയും ഇടവക വികാരിയും കുരിശും ഹന്നാൻ വെള്ളവും നൽകി പാപ്പായെ സ്വീകരിച്ചു. രണ്ട് കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി.
തുടർന്ന് നടന്ന സമ്മേളനത്തിൽ, രാജ്യത്തെ മെത്രാൻസമിതി പ്രസിഡന്റും ഇസ്മിർ (Izmir) അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് മാർട്ടിൻ ക്മെതെസ് (H.E. Msgr. Martin Kmetec) പാപ്പായ്ക്ക് സ്വാഗതമേകി. തുടർന്ന് റോമക്കാർക്കുള്ള ലേഖനം പത്താം അദ്ധ്യായത്തിൽനിന്നുള്ള ഒന്നാം വായനയും (Rm 10, 9-18), പത്താം സങ്കീർത്തനത്തിൽനിന്നുള്ള പ്രതിവചനസങ്കീർത്തനവും, വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിൽ (മത്തായി 4, 18-22) ശിമയോൻ പത്രോസിനെയും സഹോദരൻ അന്ത്രയോസിനെയും യേശു വിളിക്കുന്നതിനെക്കുറിച്ചുള്ള സുവിശേഷഭാഗം വായിക്കപ്പെട്ടു.
സുവിശേഷവയനായെത്തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി. പാപ്പായുടെ പ്രഭാഷണത്തിന് ശേഷം എല്ലാവരും വിശ്വാസപ്രമാണം ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
പാപ്പാ വയോധികമന്ദിരത്തിൽ
സമർപ്പിത-ക്രൈസ്തവ സംഗമത്തിന് ശേഷം അവിടെനിന്ന് ഏകദേശം രണ്ടര കിലോമീറ്ററുകൾ അകലെ, വയോധികർക്കുവേണ്ടി, "പാവപ്പെട്ടവരുടെ ചെറുസഹോദരിമാർ" എന്ന സന്ന്യസ്തസമൂഹം നടത്തുന്ന കേന്ദ്രത്തിലേക്ക് പാപ്പാ യാത്രയായി. 1839-ൽ ഫ്രഞ്ച് വിശുദ്ധയായ ഷാൻ ജൂഗാൻ (Jeanne Jugan) സ്ഥാപിച്ച ഈ സന്ന്യസ്തസഭയിൽനിന്നുള്ള സന്ന്യാസിനികൾ, കഴിഞ്ഞ 123 വർഷങ്ങളായി ഇവിടെ പാവപ്പെട്ട വയോധികർക്ക് സേവനങ്ങൾ ചെയ്യുന്നുണ്ട്.
ഈ വയോധികമന്ദിരത്തിലെത്തിയ പാപ്പായെ മദർ സുപ്പീരിയറും, മുൻ മദർ സുപ്പീരിയറും, പ്രൊവിൻഷ്യലും ചേർന്ന് സ്വീകരിക്കുകയും അവിടെയുള്ള ദേവാലയത്തിലേക്ക് ആനയിക്കുകയും ചെയ്‌തു. ദേവാലയത്തിൽ വച്ച് പാപ്പായ്ക്ക് വയോധികമന്ദിരത്തിന്റെ ഡയറക്ടർ സ്വാഗതമേകി. തുടർന്ന് പാപ്പാ അവിടെയുണ്ടായിരുന്ന ഇരുനൂറോളം വരുന്ന ആളുകളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. പാപ്പായുടെ പ്രഭാഷണത്തിന് ശേഷം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഏവരും ചേർന്ന് ചൊല്ലി. പ്രമുഖ അതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പു വച്ചതിന് ശേഷം, പാപ്പാ ഏവർക്കും ആശീർവാദം നൽകി.
അപ്പസ്തോലിക പ്രതിനിധി മന്ദിരവും റബ്ബികളുടെ തലവനുമായുള്ള കൂടിക്കാഴ്ച
രാവിലെ പതിനൊന്നോടെ തിരികെ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലേക്ക് യാത്രയായ പാപ്പാ പിന്നീട്, അവിടെയെത്തിയ, തുർക്കിയിലെ റബ്ബികളുടെ തലവനുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. പതിനഞ്ചു മിനിറ്റോളം നീണ്ട ഈ കൂടിക്കാഴ്ചയിൽ, പാപ്പായുടെ സന്ദർശനം സമാധാനത്തിന്റെ അടയാളമാണെന്നും, എല്ലാ മതസമൂഹങ്ങൾക്കും പിന്തുണ നൽകുന്നതാണെന്നും അനുസ്മരിക്കപ്പെട്ടു.
ഉച്ചയ്ക്ക് 12 മണിക്ക് അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പാപ്പാ വിശ്രമിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
