ദൈവവചനം സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും പ്രചോദനഹേതുവാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദൈവീക വെളിപാടിനെക്കുറിച്ചുള്ള സഭയുടെ പ്രമാണരേഖയായ, ദേയി വെർബും (DEI VERBUM ) പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിൽ, നവംബർ മാസം പതിനേഴാം തീയതി, പ്രദേശിക സമയം രാവിലെ, കത്തോലിക്കാ ബൈബിൾ ഫെഡറേഷൻ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, "അവസാനമായി സഹോദരരേ, കര്‍ത്താവിന്റെ വചനത്തിനു നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാരവും മഹത്വവും ലഭിക്കുന്നതിനും ദുഷ്‌ടന്‍മാരും അധര്‍മികളുമായ മനുഷ്യരില്‍നിന്നു ഞങ്ങള്‍ രക്‌ഷപെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍." എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, നമ്മുടെ അജപാലനദൗത്യത്തിനു ഈ ക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി.
ദൈവവചനം ഭക്തിപൂർവ്വം കേൾക്കാനും വിശ്വാസത്തോടെ പ്രഘോഷിക്കാനും, അതുപോലെ എല്ലാ ക്രിസ്തീയ വിശ്വാസികൾക്കും വിശുദ്ധ ഗ്രന്ഥം സംലഭ്യമാക്കുവാനും നമുക്ക് കടമയുണ്ടെന്ന കത്തോലിക്കാ ബൈബിൾ ഫെഡറേഷന്റെ ഭരണഘടനയിലെ വാക്കുകളും പാപ്പാ ഓർമ്മപ്പിച്ചു. ദൈവവചനത്തെ ഇന്നത്തെ ലോകത്ത് സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും എല്ലാ മേഖലകളിലും പ്രചോദനത്തിന്റെ ചലനാത്മക ഉറവിടമായി മാറാൻ അനുവദിക്കുന്ന തരത്തിൽ ബൈബിൾ അജപാലന ശുശ്രൂഷയെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം നൽകി.
തിരുവചനത്തിന്റെ പ്രചാരത്തിനുള്ള വ്യക്തിപരവും സഭാപരവുമായ വിശ്വസ്തത പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്, യേശുക്രിസ്തുവിന്റെ രക്ഷ പ്രഖ്യാപിക്കുന്നതിലാണെന്ന് പറഞ്ഞ പാപ്പാ, ഈ ദിശയിൽ നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അടിവരയിട്ടു. നമ്മോട് സംസാരിക്കുകയും തന്റെ സ്നേഹം പങ്കിടുകയും ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ ആകർഷിക്കുകയും ചെയ്യുന്ന ദൈവത്തെ കണ്ടുമുട്ടാൻ വചനം ഏവർക്കും സംലഭ്യമാക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ പാപ്പാ, ഈ ഒരു ദൗത്യത്തിൽ ഫെഡറേഷൻ നൽകുന്ന സേവനങ്ങൾക്കും, പ്രതിബദ്ധതയ്ക്കും നന്ദിയർപ്പിക്കുകയും ചെയ്തു.
പുതിയ ഡിജിറ്റൽ പരിതസ്ഥിതികളിൽ വസിക്കുന്ന ഇന്നത്തെ തലമുറയിൽ, പലപ്പോഴും സുവിശേഷം അപരിചിതമോ പ്രത്യേക താൽപ്പര്യങ്ങളാൽ വികലമായതോ ആയ സാംസ്കാരിക ഇടങ്ങളിൽ തഴയെപ്പടുന്നുവെന്ന മുന്നറിയിപ്പും പാപ്പാ നൽകി. ദൈവവചനം ആളുകളുടെ ഹൃദയങ്ങളിൽ വേരൂന്നുകയും, എല്ലാവരെയും ദൈവകൃപയിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു. വചനം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യം, "മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ എഴുതിയിരിക്കുന്നു"വെന്നും വിശുദ്ധ പൗലോസിന്റെ വാക്കുകളാൽ പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
