സിനിമാലോകത്തെ പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തും
വത്തിക്കാൻ ന്യൂസ്
സിനിമകളെയും, സിനിമാമേഖലയെയും ഏറെ ഇഷ്ടപ്പെടുന്ന ലിയോ പതിനാലാമൻ പാപ്പാ, നവംബർ 15 ശനിയാഴ്ച രാവിലെ 11 മണിക്ക്, ആഗോള തലത്തിൽ സിനിമാമേഖലയിലുള്ള, അഭിനേതാക്കൾ, സംവിധായകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെ അപ്പസ്തോലിക പാലസിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ഈ ജൂബിലി വർഷത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സിനിമാ ലോകവുമായി, പ്രത്യേകിച്ച് അഭിനേതാക്കളുമായും സംവിധായകരുമായുമുള്ള സംഭാഷണങ്ങൾ കൂടുതൽ ആഴത്തിലാക്കാനുള്ള തീരുമാനമാണ്, ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
സഭയുടെ ദൗത്യത്തിനും മാനുഷിക മൂല്യങ്ങളുടെ ഉന്നമനത്തിനും കലാപരമായ സർഗ്ഗാത്മകത നൽകുന്ന സാധ്യതകൾ കത്തോലിക്കാ സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്. ഫ്രാങ്ക് കാപ്രയുടെ ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946); റോബർട്ട് വൈസ് എഴുതിയ ദി സൗണ്ട് ഓഫ് മ്യൂസിക് (1965); റോബർട്ട് റെഡ്ഫോർഡിന്റെ ഓർഡിനറി പീപ്പിൾ (1980); റോബർട്ടോ ബെനിഞ്ഞിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997) എന്നെ ചിത്രങ്ങൾ തന്നെ ഏറെ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു ലിയോ പതിനാലാമൻ പാപ്പാ ഒരു വീഡിയോ സന്ദേശത്തിൽ മുൻകൂട്ടി പറയുമെന്നും, ഡിക്കസ്റ്ററിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതിനു മുൻപ്, 2023 ജൂണിൽ, ആലങ്കാരിക കലാകാരന്മാരുമായും, 2024 ൽ ഹാസ്യകലാകാരന്മാരുമായും, തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കലാകാരന്മാരുടെയും സാംസ്കാരിക ലോകത്തിന്റെയും ജൂബിലിയുടെ തുടർച്ചയായിട്ടാണ് സിനിമ മേഖലയിൽ ഉള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ വേദിയാകുന്നത്. സിനിമാലോകത്തെ പ്രമുഖർ ഈ കൂടിക്കാഴ്ചയിൽ പങ്കാളികളാകും.
നവംബർ 7 വെള്ളിയാഴ്ച, ലിയോ പതിനാലാമൻ പാപ്പാ , ഇറ്റാലിയൻ വംശജനും രണ്ടുതവണ ഓസ്കാർ ജേതാവുമായ 82 വയസ്സുള്ള അമേരിക്കൻ നടൻ റോബർട്ട് ദേ നീറോയെ സദസിൽ സ്വീകരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
