പാപ്പാ ഒരു കുഞ്ഞിനെ ആശീർവദിക്കുന്നു പാപ്പാ ഒരു കുഞ്ഞിനെ ആശീർവദിക്കുന്നു   (@VATICAN MEDIA)

മനുഷ്യാന്തസ് ദൈവത്തിന്റെ ദാനമാണ്: പാപ്പാ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സംഘടിപ്പിക്കുന്ന, "അന്തസ്സിനെ സംരക്ഷിക്കുന്ന കൂട്ടായ്മകൾ സൃഷ്ടിക്കുക" എന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ, നവംബർ മാസം പതിനേഴാം തീയതി സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നവംബർ മാസം പതിനേഴു മുതൽ പത്തൊൻപതു വരെ, റോമിൽ വച്ച്, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ സംഘടിപ്പിക്കുന്ന, "അന്തസ്സിനെ സംരക്ഷിക്കുന്ന കൂട്ടായ്മകൾ സൃക്ഷ്ടിക്കുക" എന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് സന്ദേശം നൽകി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവും, മനുഷ്യാന്തസ്സ്‌ സംരക്ഷിക്കുന്ന കൂട്ടായ്മകൾ സൃഷ്ടിക്കുക എന്നതും തന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വിഷയങ്ങളാണെന്നു പാപ്പാ ആമുഖമായി എടുത്തു പറഞ്ഞു.

മനുഷ്യനെ തന് റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവത്തിന്റെ ദാനമാണ് അന്തസെന്നും, അല്ലാതെ യോഗ്യതയോ ബലപ്രയോഗമോ കൊണ്ട് നേടിയ ഒന്നല്ലയെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽ നിന്നും ജനിക്കുന്നതാണ് മനുഷ്യന്റെ അന്തസ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന്റെ മുഖത്ത് ക്ഷീണവും വേദനയും അടയാളങ്ങൾ ഉണ്ടാക്കുമ്പോഴും, അവിടെ സ്രഷ്ടാവിന്റെ നന്മയുടെ പ്രതിഫലനവുമുണ്ടെന്നു പാപ്പാ പറഞ്ഞു. ഈ വെളിച്ചത്തെ ഒരു അന്ധകാരത്തിനും ഇല്ലാതാക്കുവാൻ സാധിക്കുകയില്ലെന്നും പാപ്പാ പറഞ്ഞു.

അപരനെ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ, അപരനെ തിരിച്ചറിയുന്നതിന്റെയും, അവനെ ശ്രവിക്കുവാനുള്ള ഒരു ഹൃദയം രൂപപ്പെടുത്തുന്നതിന്റെയും, ബഹുമാനത്തോടെയും ആർദ്രതയോടെയും  അടുത്തുനിൽക്കുവാനുള്ള ആഗ്രഹത്തിന്റെയും, അവന്റെ ഭാരവും പ്രത്യാശയും പങ്കുവയ്ക്കുവാനുള്ള അഭിലാഷത്തിന്റെയും ഫലമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സന്യാസവ്രതങ്ങൾ സ്വീകരിച്ചുകൊണ്ട്, കർത്താവിനെ പിന്തുടരുന്നവർക്ക്  സ്വന്തം പരിമിതികളെ തിരിച്ചറിയുന്നതിൽ നിന്നാണ് യഥാർത്ഥ സ്നേഹം ഉടലെടുക്കുന്നതെന്നും, ബലഹീനതയിൽ പോലും ഒരാൾ സ്നേഹിക്കപ്പെടുന്നു എന്ന അറിവിൽ നിന്നുമാണ്, മറ്റുള്ളവരെ ബഹുമാനത്തോടെയും, ആർദ്രതയോടെയും സ്വതന്ത്രഹൃദയത്തോടെയും സ്നേഹിക്കാൻ ഒരാൾക്ക് സാധിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ദുരുപയോഗങ്ങളെ ചെറുത്തുകൊണ്ട്, സംരക്ഷണ പാതകൾ കൂടുതൽ വിശാലമാക്കുവാനുള്ള പരിശ്രമങ്ങൾ വഴിയായി സമൂഹങ്ങൾ കൂടുതൽ  വിശ്വാസത്തിന്റെയും സംഭാഷണത്തിന്റെയും മാതൃകയായി മാറുമെന്നും, അവിടെ ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടുകയും കേൾക്കപ്പെടുകയും  വിലമതിക്കപ്പെടുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു. നീതി കരുണയോടെ ജീവിക്കുന്നിടത്ത്, മുറിവ് കൃപയുടെ ഒരു മുറിവായി രൂപാന്തരപ്പെടുന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 നവംബർ 2025, 14:43