സുവിശേഷത്തിന് വിശ്വസനീയമായ സാക്ഷ്യം വഹിക്കാൻ ഐക്യം അനിവാര്യമാണ്: പാപ്പാ

ഇസ്താംബൂളിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഇസ്‌നിക്കിൽ, ചരിത്രത്തിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം ആഘോഷിക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പായും, എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനും, ലോകത്തിലെ ക്രിസ്ത്യൻ സഭകളുടെ നേതാക്കളും പ്രതിനിധികളും ഒത്തുചേർന്നു. തദവസരത്തിൽ, ഐക്യത്തിന്റെ പ്രാധാന്യത്തെ ഓർമ്മപെടുത്തിക്കൊണ്ടും, നിഖ്യ കൗൺസിലിന്റെ ആത്മീയ പ്രാധാന്യം അടിവരയിട്ടു കൊണ്ടും, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സന്ദേശത്തിന്റ പരിപൂർണ്ണ പരിഭാഷ
ശബ്ദരേഖ

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരങ്ങളെ,

ആളുകളുടെ അന്തസ്സിന് തന്നെ എണ്ണമറ്റ ഭീഷണികൾ നേരിടുന്ന, നിരവധി ദാരുണമായ സംഭവങ്ങളാൽ  അടയാളപ്പെടുത്തപ്പെട്ട ചരിത്ര കാലഘട്ടത്തിൽ, ഒന്നാമത് നിഖ്യ കൗൺസിലിന്റെ 1700 മത് വാർഷികം, നമ്മുടെ ജീവിതത്തിൽ, യേശുക്രിസ്തു ആരാണെന്നും, നമ്മിൽ ഓരോരുത്തർക്കും വ്യക്തിപരമായി അവൻ ആരാണെന്നും സ്വയം ചോദിക്കാനുള്ള വിലയേറിയ അവസരമാണ്.

ആത്യന്തികമായി ദുഃഖത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിക്കുന്ന, യേശുക്രിസ്തുവിനെ ഒരുതരം കരിസ്മാറ്റിക് നേതാവോ സൂപ്പർമാനോ ആക്കി മാറ്റാനുള്ള പ്രവണതയുള്ള ക്രൈസ്തവർക്ക് ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ക്രിസ്തുവിന്റെ ദിവ്യത്വം നിഷേധിച്ചുകൊണ്ട്, ആരിയൂസ് അവനെ ദൈവത്തിനും മനുഷ്യവർഗത്തിനും ഇടയിലുള്ള കേവലമൊരു മദ്ധ്യസ്ഥനായി മാത്രം തരം താഴ്ത്തി. അങ്ങനെ  മനുഷ്യാവതാരത്തിന്റെ യാഥാർഥ്യത്തെ അവഗണിക്കുകയും, ക്രിസ്തുവിന്റെ  ദൈവീകതയെയും, മാനുഷികതയെയും ഒരിക്കലും തിരിച്ചുകൊണ്ടുവരുവാൻ ആവാത്തവിധം വേർപെടുത്തി. എന്നാൽ ദൈവം മനുഷ്യനായി മാറിയില്ലെങ്കിൽ, മർത്യജീവികൾക്ക് അവന്റെ അമർത്യജീവിതത്തിൽ എങ്ങനെ പങ്കുപറ്റുന്നതിനു കഴിയും? നിഖ്യയിൽ ഉറപ്പിക്കപ്പെട്ടതും, ഇന്നു ഉറപ്പിക്കപ്പെടുന്നതും, ഒരേ കാര്യം തന്നെയാണ്: നമ്മെ ദൈവീക സ്വഭാവത്തിൽ പങ്കുകാരാക്കുന്നതിനു, യേശുക്രിസ്തുവിൽ, നമ്മെപ്പോലെയായിത്തീർന്ന ദൈവത്തിലുള്ള നമ്മുടെ വിശ്വാസം.

പൂർണ്ണമായ  കൂട്ടായ്മയിലേക്കുള്ള ക്രിസ്ത്യാനികളുടെ യാത്രയിൽ, വിശ്വാസത്തിന്റെ ഈ ക്രിസ്തുശാസ്ത്രപരമായ ഏറ്റുപറച്ചിലിന് അടിസ്ഥാന പ്രാധാന്യമുണ്ട്. കാരണം, ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ സഭകളും സമൂഹങ്ങളും, അവരുടെ ആരാധനാക്രമങ്ങളിൽ നിഖ്യ-കോൺസ്റ്റാന്റിനോപൊളിറ്റൻ വിശ്വാസപ്രമാണം ഉപയോഗിച്ചില്ലെങ്കിൽ പോലും ഈ സത്യം പങ്കുവയ്ക്കുന്നു. "ഏകനാഥനും ദൈവത്തിൻ്റെ ഏകപുത്രനും എല്ലായുഗങ്ങൾക്കും മുമ്പ് പിതാവിൽ നിന്ന് ജനിച്ചവനും...പിതാവുമായി സത്തയിൽ ഏകനുമായ യേശുക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു (നിഖ്യ വിശ്വാസപ്രമാണം) എന്നത് എല്ലാ ക്രിസ്ത്യാനികളെയും ഇതിനകം ഒന്നിപ്പിക്കുന്ന ഒരു അഗാധമായ ബന്ധമാണ്. ഈ അർത്ഥത്തിൽ, വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച്, എക്യുമെനിക്കൽ സന്ദർഭത്തിൽ, "നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ഏക ക്രിസ്തുവിൽ നാം ഒന്നാണ്" ( സങ്കീർത്തനം 127-നെക്കുറിച്ചുള്ള വിശദീകരണം ) എന്നും നമുക്ക് പറയാൻ കഴിയും.

തൽഫലമായി, അത്തരമൊരു ആഴത്തിലുള്ള ബന്ധത്താൽ നാം ഇതിനകം ബന്ധപ്പെട്ടിരിക്കുന്നു എന്ന അവബോധത്തോടെ, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, പരസ്പര സ്നേഹത്തിലും സംഭാഷണത്തിലും യേശുക്രിസ്തുവിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവവചനത്തോട് കൂടുതൽ ആഴത്തിൽ ചേർന്നുനിൽക്കുന്നതിനുള്ള നമ്മുടെ യാത്ര നമുക്ക് തുടരാം. നിർഭാഗ്യവശാൽ ഇപ്പോഴും നിലനിൽക്കുന്ന ഭിന്നതകളുടെ അപവാദത്തെ മറികടക്കാനും,  കർത്താവായ യേശു പ്രാർത്ഥിക്കുകയും ജീവൻ നൽകുകയും ചെയ്തുകൊണ്ട് നൽകിയ  ഐക്യത്തിനായുള്ള ആഗ്രഹം പരിപോഷിപ്പിക്കാനും നാമെല്ലാവരും ക്ഷണിക്കപ്പെടുന്നു. നാം എത്രത്തോളം അനുരഞ്ജനത്തിലാകുന്നുവോ അത്രയധികം നാം  ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് വിശ്വസനീയമായ സാക്ഷ്യം വഹിക്കാൻ കഴിയും, അത് എല്ലാവർക്കും പ്രത്യാശയുടെ വിളംബരമായി മാറുകയും ചെയ്യും.  മാത്രമല്ല, നമ്മുടെ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകൾക്കപ്പുറത്തേക്ക് പോകുന്ന സമാധാനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശമാണിത്. (cf. ഫ്രാൻസിസ് പാപ്പാ, ക്രിസ്ത്യൻ ഐക്യം  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സെഷനിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു നൽകിയ സന്ദേശം, 6 മെയ് 2022).

ഇന്ന്, അക്രമത്താലും സംഘർഷത്താലും വലയുന്ന മുഴുവൻ മനുഷ്യരാശിയും അനുരഞ്ജനത്തിനായി നിലവിളിക്കുന്നു. യേശുക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളുടെയും ഇടയിൽ പൂർണ്ണമായ കൂട്ടായ്മയ്ക്കുള്ള ആഗ്രഹം, എല്ലാ മനുഷ്യരുടെയും ഇടയിൽ നിലനിനിൽക്കേണ്ടുന്ന സാഹോദര്യത്തിനുള്ള അന്വേഷണം അകമ്പടിസേവിക്കുന്നു. നിഖ്യ വിശ്വാസപ്രമാണത്തിൽ, "ഏക ദൈവത്തിൽ, പിതാവിൽ" നമ്മുടെ വിശ്വാസം നാം പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മറ്റെല്ലാ പുരുഷന്മാരെയും സ്ത്രീകളെയും സഹോദരീസഹോദരന്മാരായി അംഗീകരിക്കാൻ നാം വിസമ്മതിച്ചാൽ ദൈവത്തെ പിതാവെന്ന് നമുക്ക്  വിളിക്കാൻ കഴിയില്ല. (നോസ്ത്ര അയെത്താത്തെ, 5)

വംശീയത, ദേശീയത, മതം അല്ലെങ്കിൽ വ്യക്തിപരമായ വീക്ഷണങ്ങൾ പരിഗണിക്കാതെ മനുഷ്യരുടെയിടയിൽ ഒരു സാർവത്രിക സാഹോദര്യം ഉണ്ട്.  മതങ്ങൾ, അവയുടെ സ്വഭാവത്താൽ, ഈ സത്യത്തിന്റെ കലവറകളാണ്, കൂടാതെ ഇത് തിരിച്ചറിഞ്ഞ് പ്രയോഗത്തിൽ വരുത്താൻ വ്യക്തികളെയും , കൂട്ടായ്മകളെയും, ജനങ്ങളെയും പ്രോത്സാഹിപ്പിക്കണം. (cf. ലിയോ പതിനാലാമൻ,  സമാധാനത്തിനായുള്ള പ്രാർത്ഥനാ യോഗത്തിന്റെ സമാപനപ്രസംഗം , 2025 ഒക്ടോബർ 28). കൂടാതെ, യുദ്ധം, അക്രമം, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മൗലികവാദം, മതഭ്രാന്ത് എന്നിവയെ ന്യായീകരിക്കുന്നതിന് മതത്തെ ഉപയോഗിക്കുന്നത് നാം ശക്തമായി എതിർക്കണം. പകരം, സാഹോദര്യപരമായ കൂടിക്കാഴ്ചയുടെയും, സംഭാഷണത്തിന്റെയും, സഹകരണത്തിന്റെയും പാതകളാണ് നാം പിന്തുടരേണ്ടത്.

പരിശുദ്ധ പിതാവ്  ബർത്തലോമിയോയോട് ഞാൻ അഗാധമായ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം വളരെ ജ്ഞാനത്തോടെയും ദീർഘവീക്ഷണത്തോടെയും നിഖ്യാ കൗൺസിലിന്റെ 1700 -ാം  വാർഷികം അത് നടന്ന സ്ഥലത്ത് തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു.  അതുപോലെ, ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച സഭാ മേലധ്യക്ഷന്മാർക്കും,  ആഗോള ക്രിസ്ത്യൻ കൂട്ടായ്മകളുടെ പ്രതിനിധികൾക്കും ഞാൻ ഊഷ്മളമായി നന്ദി പറയുന്നു. സർവ്വശക്തനും കരുണാമയനുമായ പിതാവായ ദൈവത്തിനു  ഇന്ന് നാം സമർപ്പിക്കുന്ന തീക്ഷ്ണമായ പ്രാർത്ഥനകൾ കേൾക്കട്ടെ, അതുപോലെ, ഈ പ്രധാനപ്പെട്ട വാർഷികം അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 നവംബർ 2025, 12:46