വിദ്യാഭ്യാസത്തിനായുള്ള അവകാശങ്ങൾ മാനിക്കപ്പെടണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഫ്രിക്കയിൽ ഗുണനിലവാരമുള്ള കത്തോലിക്കാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും തെക്കും വടക്കും തമ്മിൽ മികച്ച മിഷനറി സഹകരണം വളർത്തുന്നതിനും പ്രവർത്തനങ്ങൾ നടത്തുന്ന മതങ്ങൾക്കും സമൂഹത്തിനുമുള്ള അന്താരാഷ്ട്ര ഫൗണ്ടേഷന്റെ അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. "കത്തോലിക്കാ വിദ്യാഭ്യാസവും ആഫ്രിക്കൻ പശ്ചാത്തലത്തിൽ പ്രത്യാശയുടെ അടയാളങ്ങളുടെ പ്രോത്സാഹനവും" എന്ന വിഷയത്തിൽ നെയ്‌റോബിയിൽ നടക്കുവാനിരിക്കുന്ന സമ്മേളനത്തിനു പാപ്പാ ആശംസകളും നേർന്നു. ആഫ്രിക്കൻ യുവാക്കളുടെ രൂപീകരണത്തിൽ ഫൗണ്ടേഷൻ ചെയ്യുന്ന ശ്രമങ്ങളിൽ, പാപ്പാ തന്റെ അതീവ സന്തോഷം എടുത്തുപറഞ്ഞു.
വിദ്യാഭ്യാസമേഖലയിൽ വർദ്ധിച്ചുവരുന്ന അസമത്വങ്ങളെ അടിവരയിട്ടു പറഞ്ഞ പാപ്പാ, ഈ നിശബ്ദമായ അഭ്യർത്ഥനകൾക്ക് നേരെ കണ്ണടയ്ക്കുവാൻ സാധിക്കുകയില്ലെന്നും ഓർമ്മിപ്പിച്ചു. കത്തോലിക്കാ വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങാതെ, വടക്കും തെക്കും തമ്മിലുള്ള മിഷനറി സഹകരണത്തിലേക്കും ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ സുവിശേഷ പ്രഘോഷണത്തിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിക്കുന്നുവെന്നു പറഞ്ഞു.
ഈ ദൗത്യത്തിൽ, സമന്വയത്തോടെ പ്രവർത്തിക്കുക, ഒറ്റപ്പെടൽ ഒഴിവാക്കുക, ശക്തമായ ഒരു അജപാലന ഐക്യദാർഢ്യം കെട്ടിപ്പടുക്കുക എന്നീ കാര്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. അപ്രകാരം, സാമ്പത്തിക കാര്യങ്ങളിൽ മാത്രം സഹകരണം ഒതുക്കിനിർത്താതെ, സഭകൾ തമ്മിലുള്ള ഐക്യത്തിൽ പരസ്പരം അജപാലകരെ അയച്ചുകൊണ്ട് വിവിധ രൂപതകളെ നയിക്കുന്നതിനും ഫൗണ്ടേഷൻ ചെലുത്തുന്ന ശ്രദ്ധയെ പാപ്പാ അഭിനന്ദിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
