പലസ്തീനിൽ നിന്നുമുള്ള കാഴ്ച പലസ്തീനിൽ നിന്നുമുള്ള കാഴ്ച  

യഥാർത്ഥ പുരോഗതി മനുഷ്യാന്തസ്സിനെ മാനിക്കുന്നതാകണം: പാപ്പാ

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ, 'നിർമ്മിത ബുദ്ധിയും വൈദ്യശാസ്ത്രവും' മനുഷ്യാന്തസ്സിനോടുള്ള വെല്ലുവിളി എന്ന പ്രമേയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തിൽ  മനുഷ്യാന്തസ്സിന്റെ മൂല്യംതമസ്കരിക്കപ്പെടുന്ന ഒരു ലോകത്ത്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ  ആഭിമുഖ്യത്തിൽ, 'നിർമ്മിത ബുദ്ധിയും വൈദ്യശാസ്ത്രവും മനുഷ്യാന്തസ്സിനോടുള്ള വെല്ലുവിളി', എന്ന പ്രമേയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് , ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.  വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും നിർമ്മിത ബുദ്ധി ഉയർത്തുന്ന ഈ പുതിയ പ്രയോജനങ്ങളെയും, വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി, കത്തോലിക്കാ ഡോക്ടർമാരുടെ അന്താരാഷ്ട്ര ഫെഡറേഷനുമായി ചേർന്നാണ് ഈ സമ്മേളനം നടത്തിയത്.

പാപ്പാ, തന്റെ സന്ദേശത്തിൽ, ആധുനികലോകത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിപ്ലവം, വ്യാവസായിക വിപ്ലവവുമായി ഏറെ താരതമ്യപ്പെട്ടതാണെന്നു ആമുഖമായി പറഞ്ഞു. അതിനാൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ അർത്ഥവത്താണെന്നും, അതിനു താൻ  നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും പറഞ്ഞു. കൂടുതൽ വ്യാപകമായ സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഇത് സാഹചര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെയും, നമ്മെയും മറ്റുള്ളവരെയും നാം കാണുന്ന രീതിയെയും പരിവർത്തനം ചെയ്യുന്നുവെന്നും, നമ്മുടെ ചിന്താരീതിയെ ഏറെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

മെഷീനുകളുമായുള്ള അമിതമായി നാം നടത്തുന്ന ഇടപെടലുകൾ, നമുക്ക് ചുറ്റുമുള്ള ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാതെ പോകുവാനുള്ള അപകടസാധ്യതയും, മനുഷ്യരായ എല്ലാറ്റിനെയും എങ്ങനെ തിരിച്ചറിയാമെന്നും, വിലമതിക്കാമെന്നും മറക്കുവാനുള്ള സാധ്യതയും മുമ്പോട്ട് വയ്ക്കുന്നുവെന്നു പാപ്പാ പറഞ്ഞു. "സാങ്കേതിക വികസനം മനുഷ്യരാശിക്ക്, പ്രത്യേകിച്ച് വൈദ്യശാസ്ത്രം, ആരോഗ്യം എന്നീ മേഖലകളിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ യഥാർത്ഥ പുരോഗതി ഉറപ്പാക്കുന്നതിന്, മനുഷ്യന്റെ അന്തസ്സും പൊതുനന്മയും എല്ലാ വ്യക്തികൾക്കും, പൊതു സ്ഥാപനങ്ങൾക്കും ഉറച്ച മുൻഗണനകളായിരിക്കേണ്ടത് അത്യാവശ്യമാണ്", പാപ്പാ പറഞ്ഞു.

മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ സേവനത്തിൽ ഏർപ്പെടുമ്പോൾ സാങ്കേതികവിദ്യയുടെയും മെഡിക്കൽ ഗവേഷണത്തിന്റെയും വിനാശകരമായ സാധ്യതകൾ തിരിച്ചറിയപ്പെടുന്നുവെന്നും, ഇത് ഏവർക്കും ഒരു മുന്നറിയിപ്പ് നൽകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എന്നാൽ മനുഷ്യന്റെ സേവനത്തിനുവേണ്ടി നിയന്ത്രണത്തോടു കൂടി ഇക്കാര്യങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ലഭിക്കുന്ന ഫലങ്ങളും, പ്രയോജനങ്ങളും പാപ്പാ എടുത്തു പറഞ്ഞു. മനുഷ്യാവസ്ഥയുടെ ദുർബലത പലപ്പോഴും വൈദ്യശാസ്ത്ര രംഗത്ത് പ്രകടമാകുന്നതാണെന്നും, അതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കു മനുഷ്യ ജീവിതത്തിന്റെ പാലകരും, സേവകരും ആകാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും പാപ്പാ അടിവരയിട്ടു.

വ്യക്തികൾക്ക് പരിചരണം നൽകുക എന്ന ലക്ഷ്യം ഈ സന്ദർഭത്തിൽ മനുഷ്യ ബന്ധങ്ങളുടെ പകരം വയ്ക്കാനാവാത്ത സ്വഭാവത്തിന് ഊന്നൽ നൽകുന്നുവെന്നും, ആശയവിനിമയം നടത്താനും മറ്റുള്ളവരുമായി അടുപ്പം പുലർത്താനുമുള്ള ഡോക്ടർമാരുടെ കഴിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഏവരും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 നവംബർ 2025, 15:08