യുദ്ധത്തിൽ മരണപ്പെട്ടവരെ സ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാൻ ന്യൂസ്
അക്രമാസക്തമായ സംഘർഷങ്ങളാൽ ബാധിക്കപ്പെട്ടവരുടെ വേദനയും, ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാനവും എടുത്തു പറഞ്ഞുകൊണ്ട് നവംബർ മാസം ഒൻപതാം തീയതി, ത്രികാല പ്രാർത്ഥനയുടെ അവസാനം, ലിയോ പതിനാലാമൻ പാപ്പാ വിവിധ അഭ്യർത്ഥനകൾ നടത്തി. യുദ്ധത്താൽ മുറിവേറ്റ വിവിധ പ്രദേശങ്ങളിൽ സമാധാനം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്ന എല്ലാ തലങ്ങളിലുമുള്ള ആളുകൾക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
യുദ്ധത്തിലും ബോംബാക്രമണത്തിലും കൊല്ലപ്പെട്ട സാധാരണക്കാരും കുട്ടികളും പ്രായമായവരും രോഗികളും ആയ ആളുകളെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, ഇവരെ ഓർമ്മിക്കുവാനും ആദരിക്കുവാനും നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വെടിനിർത്തൽ പ്രഖ്യാപിക്കുകയും, ചർച്ചകൾക്കായുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയും വേണമെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഫിലിപ്പൈൻസിൽ കഴിഞ്ഞദിവസം ഉണ്ടായ ഫങ്-വോങ് ചുഴലിക്കാറ്റിൽ മരണപ്പെട്ടവരെയും, പരിക്കേറ്റവരെയും, കുടിയൊഴിപ്പിക്കപ്പെട്ടവരെയും പ്രത്യേകം അനുസ്മരിക്കുകയും, പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്‌തു. ഏകദേശം 1.2 ദശലക്ഷം ആളുകളാണ് ഈ ദുരിതത്തിൽ കുടിയൊഴുപ്പിക്കപ്പെട്ടത്.
ഭൂമിയുടെ ഉത്തരവാദിത്തത്തോടെയുള്ള പരിപാലനം, ഭക്ഷണം പാഴാക്കുന്നതിനെതിരെ പോരാടൽ, സുസ്ഥിരമായ കാർഷിക രീതികൾ സ്വീകരിക്കൽ എന്നിവ മുൻനിർത്തിക്കൊണ്ട്, ഇറ്റാലിയൻ സഭ കൃതജ്ഞതാദിനമായി, നവംബർ മാസം ഒൻപതാം തീയതി ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. ഭൂമിയെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയുന്ന ഏവർക്കും പാപ്പാ നന്ദിയർപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
