ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ മറികടക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിനെ തേടാനും, അവനെ എല്ലാവരിലേക്കും എത്തിക്കാനും വിളിക്കപ്പെട്ടവരാണ് നാമെന്നും, ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം കൊണ്ട്, ആധുനികസമൂഹം മുന്നിൽ വയ്ക്കുന്ന പ്രതിസന്ധികളെ മറികടക്കാനാകുമെന്നും ലിയോ പതിനാലാമൻ പാപ്പാ. റോമിൽ വിശുദ്ധ ആൻസേൽമോ എന്ന ബെനെഡിക്റ്റൻ സന്ന്യാസിയുടെ പേരിലുള്ള ദേവാലയം നിർമ്മിക്കപ്പെട്ടതിന്റെ 125-ആം വാർഷികവുമായി ബന്ധപ്പെട്ട് നവംബർ 11 ചൊവ്വാഴ്ച്ച ഈ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിലാണ്, ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതത്തിന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തത്.
പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകൾക്കിടയിലെ വലിയ വെല്ലുവിളികളുടെ സമയത്ത്, ബെനെഡിക്റ്റൻ സന്ന്യാസസമൂഹത്തിന്റെ സാന്നിദ്ധ്യം ദൈവജനത്തിനും ലോകത്തിനും ഉപകാരപ്രദമാകുമെന്ന ചിന്തയിലാണ് ഇത്തരമൊരു ദേവാലയം പണിയുന്നതിന് ലിയോ പതിമൂന്നാമൻ പാപ്പാ മുൻകൈയ്യെടുത്തതെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ഒറ്റപ്പെട്ടു കിടന്നിരുന്ന ഇടങ്ങളെപ്പോലും തങ്ങളുടെ പ്രാർത്ഥനയാലും ശുശ്രൂഷകളാലും കാരുണ്യപ്രവർത്തനങ്ങളാലും, സാമ്പത്തികമായും, അതിലുപരി അദ്ധ്യാത്മികമായും ഫലഭൂയിഷ്ഠമാക്കാൻ സന്ന്യസ്തർക്കായിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. അങ്ങനെ ആശ്രമങ്ങൾ ചരിത്രത്തിന്റെ ഇരുണ്ട കാലങ്ങളിൽപ്പോലും വളർച്ചയുടെയും സമാധാനത്തിന്റെയും ആതിഥേയത്വത്തിന്റെയും ഐക്യത്തിന്റെയും ഇടങ്ങളായി മാറിയിരുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ബെനെഡിക്റ്റൻ ലോകത്തിന്റെ മിടിക്കുന്ന ഹൃദയമായി സെന്റ് ആൻസേൽമോ കേന്ദ്രം മാറട്ടെയെന്ന് ആശംസിച്ച പാപ്പാ, എന്നാൽ വിശുദ്ധ ബെനഡിക്ട് ഈ സന്ന്യസ്തസഭാ സ്ഥാപനത്തിൽ ആഗ്രഹിച്ചിരുന്നതുപോലെ, സഭയെ നിങ്ങളുടെ ചിന്തകളിലും ജീവിതത്തിലും പ്രധാനപ്പെട്ടതായി കാത്തുസൂക്ഷിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.
ഇരുളിൽനിന്ന് തന്റെ പ്രകാശത്തിലേക്ക് നമ്മെ വിളിച്ച ദൈവത്തിന്റെ മഹത്വപൂർണ്ണമായ പ്രവൃത്തികൾ ലോകത്തോട് പ്രഘോഷിക്കാൻ വേണ്ടി, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനമായി നമുക്ക് തുടരാൻ സാധിക്കുന്നതിനായി, സഭയിലേക്കും ലോകത്തിലേക്കും "പ്രവാചകപരമായ സന്ദേശം" നൽകാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയട്ടെയെന്ന്, ദേവാലയത്തോട് ചേർന്നുള്ള ഉന്നതവിദ്യാകേന്ദ്രത്തെ പരാമർശിച്ചുകൊണ്ട്, പാപ്പാ ആശംസിച്ചു.
ബെനെഡിക്റ്റൻ സന്ന്യാസിമാരുടെ ആശ്രമവും, പൊന്തിഫിക്കൽ സെന്റ് ആൻസേൽമോ യൂണിവേഴ്‌സിറ്റിയും സ്ഥിതിചെയ്യുന്നതും 1892-നും 1900-നും ഇടയിൽ പണി കഴിപ്പിക്കപ്പെട്ട ഈ ദേവാലയത്തോട് ചേർന്നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
