പാപ്പാ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നു പാപ്പാ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നു   (ANSA)

യുവജനങ്ങൾ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നവരാകണം: പാപ്പാ

നവംബർ 20 മുതൽ 22 വരെ നടക്കുന്ന ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന്റെ (NCYC) അവസരത്തിൽ, അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. യുവാക്കളുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കരായ യുവജനങ്ങൾ ആത്മാർത്ഥതയോടെയും, സന്തോഷത്തോടെയും ക്രിസ്തുവിനെ അന്വേഷിക്കുന്നതു കാണുന്നത്, വലിയ ഒരു അനുഗ്രഹമാണെന്നും, അടുത്തിടെ റോമിൽ നടന്ന യുവജന ജൂബിലി ദിനത്തിൽ, ലോകമെമ്പാടുമുള്ള കത്തോലിക്കരായ ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാർ എത്തിച്ചേർന്നത്, ഈ അനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്നും ആമുഖമായി എടുത്തു പറഞ്ഞുകൊണ്ട്, നവംബർ 20 മുതൽ 22 വരെ നടക്കുന്ന  ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന്റെ  (NCYC)  അവസരത്തിൽ, അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. വിവിധ വിഷയങ്ങളിന്മേൽ യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും പാപ്പാ മറുപടി നൽകി.

നാം പാപാവസ്ഥയിൽ ആണെന്ന് തോന്നുമ്പോൾ, ദൈവത്തിന്റെ കരുണ സ്വീകരിക്കുവാൻ നമുക്ക് ബുദ്ധിമുട്ടു തോന്നുന്നുവെന്ന സംശയത്തിന്, നാം ദൈവത്തോട് കരുണ യാചിക്കുമ്പോഴെല്ലാം അവൻ നമ്മോട് ക്ഷമിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. കരുണ ചോദിക്കുന്നതിൽ നമുക്ക് മടുപ്പുതോന്നിയാലും, ക്ഷമിക്കുവാൻ കർത്താവിനു ഒരിക്കലും മടുപ്പ് തോന്നുകയില്ലെന്നും ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ, പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. അനുരഞ്ജനത്തിന്റെ കൂദാശയിൽ നാം ഈ കരുണ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കുന്നുവെന്നും, പുരോഹിതനിലൂടെ യേശു  നമ്മെ കണ്ടുമുട്ടുന്നുവെന്നും പാപ്പാ പറഞ്ഞു.  നാം സത്യസന്ധമായി നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും പ്രായശ്ചിത്തം സ്വീകരിക്കുകയും ചെയ്യുമ്പോൾ, പുരോഹിതൻ പാപമോചനം നൽകുന്നുവെന്നും, അതുവഴിയായി നാം ക്ഷമ സ്വീകരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ആകുലത നിറഞ്ഞ ജീവിതത്തിന്റെ നിമിഷങ്ങളിൽ, ദൈവം കൂടെയുണ്ടാകുമോ? എന്ന ചോദ്യത്തിന്, നമ്മുടെ കഷ്ടപ്പാടുകൾ ദൂരെ നിന്നുകൊണ്ട് വീക്ഷിക്കുന്നവനല്ല കർത്താവെന്നും, മറിച്ച് സ്നേഹത്താൽ, അവൻ നമ്മുടെ കൂടെയുണ്ടെന്നും പറഞ്ഞ പാപ്പാ, യേശുവുമായി ഒരു ആത്മാർത്ഥ ബന്ധം ഉണ്ടാകുമ്പോഴാണ് അവനിൽ കൂടുതൽ വിശ്വാസമർപ്പിക്കുവാൻ നമുക്ക് സാധിക്കുന്നതെന്നും അടിവരയിട്ടു. യേശുവുമായുള്ള നമ്മുടെ ബന്ധം, സുഹൃത്തുക്കൾക്കിടയിൽ എന്നതുപോലെ ആയിരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. പ്രാർത്ഥന,ധ്യാനം, വിശുദ്ധ കുർബാന, വചന വായന എന്നിവയുടെ നിമിഷങ്ങൾ ഇപ്രകാരം ഒരു ബന്ധം കർത്താവുമായി വളർത്തുവാൻ നമ്മെ. സഹായിക്കുമെന്നും പാപ്പാ എടുത്തുപറഞ്ഞു. അതിനാൽ പ്രാർത്ഥനാപൂർവ്വമായ നിശ്ശബ്ദതയുടെ നിമിഷങ്ങൾ നാം വളർത്തിയെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

നന്നായി ആശയവിനിമയം നടത്തുന്നതിനും നമ്മെ പൂർണമായി മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും എന്ത് ചെയ്യാൻ സാധിക്കുമെന്ന മറ്റൊരു ചോദ്യത്തിന്, നിങ്ങൾ ശരിക്കും വിശ്വസിക്കുന്ന ഒരാളെ കണ്ടെത്തുമ്പോൾ, നിങ്ങളുടെ ഹൃദയം തുറക്കാൻ ഭയപ്പെടരുതെന്നും, ആധികാരികമായ വിശ്വാസം ഉറപ്പുവരുത്തണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. യേശുവിനോട് കൂടുതൽ അടുക്കാൻ നിങ്ങളെ സഹായിക്കുകയും ഒരു മികച്ച വ്യക്തിയാകാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. "ആർക്കും എന്നെ മനസ്സിലാകുന്നില്ല" എന്ന ചിന്ത നമ്മെ ഒറ്റപ്പെടുത്തുന്നുവെന്നും, ആ നിമിഷങ്ങളിൽ, "കർത്താവേ, ഞാൻ എന്നെത്തന്നെ മനസ്സിലാക്കുന്നതിനേക്കാൾ നന്നായി നീ  എന്നെ മനസ്സിലാക്കുന്നു"  എന്ന് പ്രാർത്ഥിക്കുവാനും പാപ്പാ ഉപദേശിച്ചു.

ക്രിസ്തീയ വിശ്വാസം ജീവിക്കാൻ സാങ്കേതികവിദ്യയ്ക്ക് സഹായിക്കുവാൻ സാധിക്കുമെന്നു, മറ്റൊരു  ചോദ്യത്തിന് മറുപടിയായി പാപ്പാ പറഞ്ഞു. ഒരിക്കലും വ്യക്തിപരമായി കണ്ടുമുട്ടിയേക്കാത്ത ആളുകളുമായി സുവിശേഷം പങ്കിടാൻ ഈ പുരോഗതികൾ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതേസമയം, സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും യഥാർത്ഥവും വ്യക്തിപരവുമായ ബന്ധങ്ങളെ മാറ്റിസ്ഥാപിക്കാൻ കഴിയില്ല എന്ന സത്യവും പാപ്പാ അടിവരയിട്ടു. രോഗാവസ്ഥയിലും, വാർധക്യബുദ്ധിമുട്ടുകളിലും, മറ്റു ഒഴിവാക്കാനാകാത്ത അവസ്ഥകളിലും, ഓൺലൈനിൽ കുർബാന കാണുന്നത് സഹായകരമാണെങ്കിലും, ദൈവവുമായും പരസ്പരവുമായും നമ്മുടെ ബന്ധത്തിന് ദേവാലയത്തിലെ നമ്മുടെ സാന്നിധ്യം, അത്യന്താപേക്ഷിതമാണെന്നു പാപ്പാ എടുത്തുപറഞ്ഞു.

യൗവനം, പക്വതയുള്ള മുതിർന്നവരായി വളരാൻ സഹായിക്കുന്നുവെന്നും, അതിനാൽ, ദൈവവുമായുള്ള നിങ്ങളുടെ സുഹൃദ് ബന്ധം കൂടുതൽ ആഴത്തിലാക്കുകയും അവനെപ്പോലെയായിത്തീരുകയും ചെയ്യണമെന്നും, ബൗദ്ധികമായി, വ്യക്തമായും, വിമർശനാത്മകമായും  ചിന്തിക്കാൻ  പഠിക്കണമെന്നും, ഇച്ഛാശക്തി ശക്തിപ്പെടുത്തണമെന്നും, ഉത്തരവാദിത്തത്തോടെ നിർമ്മിതബുദ്ധിയുടെ ഉപയോഗങ്ങളെ ജീവിതത്തിൽ പ്രയോജനപ്പെടുത്തണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള വെല്ലുവിളികളോ, ഉത്കണ്ഠകളോ നേരിടുമ്പോൾ  , യേശു പത്രോസിനു നല്കിയ വാഗ്ദാനത്തെ സ്മരിക്കണമെന്നും പാപ്പാ ഉപദേശിച്ചു. "നരകത്തിന്റെ കവാടങ്ങൾ  സഭയ്ക്കെതിരെ നിലകൊള്ളുകയില്ല" (മത്തായി 16:18).  യേശു എപ്പോഴും തന്റെ സഭയെ സംരക്ഷിക്കുകയും നയിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും, യുവജനങ്ങളുടെ ശബ്ദങ്ങൾ, ആശയങ്ങൾ, വിശ്വാസം എന്നിവ ഇപ്പോൾ പ്രാധാന്യമർഹിക്കുകയും, സഭയ്ക്ക് അവ ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. സഭയെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മികച്ച മാർഗം മറ്റുള്ളവരെ വിശ്വാസം പഠിപ്പിക്കുക അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവരെ സഹായിക്കുക എന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"യേശു തന്റെ ശിഷ്യന്മാരെ സമാധാന നിർമ്മാതാക്കളായിരിക്കാൻ വിളിക്കുന്നു - മതിലുകൾക്ക് പകരം പാലങ്ങൾ പണിയുന്ന ആളുകൾ, വിഭജനത്തിന് പകരം സംഭാഷണത്തെയും ഐക്യത്തെയും വിലമതിക്കുന്ന ആളുകൾ.  സഭയെക്കുറിച്ച് സംസാരിക്കാൻ, വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ രാഷ്ട്രീയ ചിന്തകൾ  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക സഭ ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല. പകരം, നിങ്ങളുടെ മനസ്സാക്ഷി രൂപപ്പെടുത്താൻ സഭ  സഹായിക്കുന്നു. അങ്ങനെ നിങ്ങൾക്ക് ജ്ഞാനത്തോടും സ്നേഹത്തോടും കൂടി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും.", പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 നവംബർ 2025, 12:49