യുവജനങ്ങൾ കൂട്ടായ്മയുടെ സാക്ഷികളാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സ്ലോവാക്യൻ രാജ്യത്തെ യുവജനങ്ങളെ ഒരുമിച്ചുകൂട്ടി, അവരുടെ ജൂബിലിയാഘോഷം, കോഷിറ്റ്സെയിലെ, വിശുദ്ധ എലിസബത്തിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ വച്ച് നടത്തി. സ്ലോവാക്യൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, കോഷിറ്റ്സെ അതിരൂപത മെത്രാപ്പോലീത്തയുമായ ബെർണാഡ് ബോബെറിന്റെയും, അപ്പസ്തോലിക നൂൺഷ്യോ മോൺസിഞ്ഞോർ നിക്കോള ജിറാസൊളിയുടെയും കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. തദവസരത്തിൽ, യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശവും പ്രദർശിപ്പിച്ചു.
സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സാക്ഷ്യത്തിലേക്ക് പാപ്പാ ഏവരെയും ക്ഷണിച്ചു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഇടമായ കത്തീഡ്രലിനു മുൻപിൽ എത്തിച്ചേർന്ന യുവജനങ്ങളെ, താൻ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന്, ആമുഖമായി പാപ്പാ പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്നും എത്തിയവരാണെങ്കിലും, ഒരേ വിശ്വാസത്താൽ ഐക്യപ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ സാന്നിധ്യം, ക്രിസ്തുവുമായുള്ള സൗഹൃദം നമ്മുടെ ഹൃദയങ്ങളിൽ സന്നിവേശിപ്പിക്കുന്ന, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വ്യക്തമായ അടയാളമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.
ഭിന്നതകളും, സംശയങ്ങളും അടയാളപ്പെടുത്തിയ ഒരു ലോകത്ത് വിശുദ്ധ കുർബാനയുടെ സാക്ഷികളാകാനും, പാലങ്ങൾ നിർമ്മിക്കുന്നവരും, വിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരുമാകാനുള്ള യേശുവിന്റെ വിളിയെ ഓർമ്മപ്പെടുത്തുകയും, ക്രിസ്ത്യാനികളാണെന്ന് സാക്ഷ്യപ്പെടുത്താനും, ഉത്സാഹത്തോടെ സുവിശേഷത്തിൽ ജീവിക്കാനും, കർത്താവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ലഭിക്കുന്ന സന്തോഷം പങ്കുവയ്ക്കുവാൻ ഭയപ്പെടരുതെന്നും ഉദ്‌ബോധിപ്പിച്ചു.
നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും, നാം ഒരിക്കലും തനിച്ചല്ല, കുട്ടികളെന്ന നിലയിൽ നമ്മെ ദൈവം എല്ലായ്പ്പോഴും സ്നേഹിക്കുകയും, നമ്മോട് ക്ഷമിക്കുകയും, നമ്മെ പ്രോത്സാഹിപ്പിക്കുകയും, ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ഉറപ്പ് നമ്മെ സ്വാതന്ത്രരാക്കുന്നുവെന്നും, നമ്മുടെ മാനുഷിക നിസ്സംഗതയ്ക്കു മേൽ നമ്മെ ഉയർത്തുന്നുവെന്നും, കൂടുതൽ ഉദാത്തമായ ഹൃദയത്തോടെ സ്നേഹിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു.
ജീവിതത്തിന്റെ സകല മേഖലകളിലേക്കും, ക്രിസ്തുവിന്റെ വെളിച്ചം കൊണ്ടുവരുവാനും പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് പാപ്പാ തന്റെ അപ്പസ്തോലിക് ആശീർവാദവും യുവജനങ്ങൾക്ക് നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
