ലെബനൻ സന്ദർശനത്തിന്റെ ലോഗോ ലെബനൻ സന്ദർശനത്തിന്റെ ലോഗോ  

വേദനയുടെ നടുവിൽ ലെബനൻ ജനതയുടെ അടുത്തേക്ക് ആശ്വാസത്തിന്റെ തൈലവുമായി ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘഘട്ടം, നവംബർ മാസം മുപ്പതാം തീയതി ലെബനനിൽ ആരംഭിക്കുകയാണ്. യാത്രയ്ക്ക് മുന്നോടിയായി ആ നാടിനെയും, സന്ദർശനത്തിന്റെ പ്രാധാന്യവും ഈ ചിന്തകളിൽ പങ്കുവയ്ക്കുന്നു.
വിവരണത്തിന്റെ ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗം, ദേവദാരുക്കളുടെ നാടായ ലെബനനലിലേക്കാണ്.  പഴയനിയമത്തിൽ  71 തവണ  പരാമർശിക്കപ്പെട്ടിട്ടുള്ള ലെബനൻ, മരങ്ങൾക്കും പർവതനിരകൾക്കും പേരുകേട്ടതാണ്. ഒരു പ്രത്യേക സംസ്ഥാനമായോ രാഷ്ട്രമായോ അല്ല, മറിച്ച് അതിന്റെ സ്വാഭാവിക സവിശേഷതകളെ പരാമർശിച്ചുകൊണ്ടാണ് വചനം എടുത്തു പറയുന്നത്. ലെബനൻ, അറമായ ഭാഷയിൽ ലാബാൻ   എന്നാൽ "വെള്ള" എന്നാണ് അർത്ഥമാക്കുന്നത്, നിസ്സംശയമായും രാജ്യത്തിന്റെ വെളുത്തതും മഞ്ഞുമൂടിയതുമായ പർവതനിരയെ പരാമർശിക്കുന്നു. വാഗ്ദത്ത ദേശത്തെയും അതിന്റെ അതിരുകളെയും കുറിച്ച് സംസാരിക്കുമ്പോൾ മോശയും ജോഷ്വയും ലെബനനെ എടുത്തു പറയുന്നുമുണ്ട്. ഇപ്രകാരം മനോഹരമായ ലെബനൻ ദേശം ഇന്ന് യുദ്ധത്തിന്റെയും, ആക്രമണങ്ങളുടെയും, വേദനയുടെയും, കഷ്ടപ്പാടുകളുടെയും നടുവിലാണ്. ഈ മുറിവുകളിൽ എണ്ണ പകർന്നുകൊണ്ട്, ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ദൈവീക ദൂതുമായിട്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ലെബനനിലേക്ക്, നവംബർ മാസം മുപ്പതാം തീയതി മുതൽ  ഡിസംബർ മാസം രണ്ടു വരെ അപ്പസ്തോലിക സന്ദർശനം നടത്തുന്നത്.

മുൻകാലത്തിൽ പരിശുദ്ധ പിതാക്കന്മാർ ലെബനനിൽ

2020 ഡിസംബർ മാസത്തിൽ ഫ്രാൻസിസ് പാപ്പാ, ലെബനൻ ജനതയ്ക്ക് അയച്ച ഒരു കത്തിൽ, ആ രാജ്യം സന്ദർശിക്കുവാനുള്ള തന്റെ അതിയായ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. "നീതിമാൻ പനപോലെ തഴച്ചുവളരും; ലെബനനിലെ ദേവദാരുപോലെ വളരും" എന്ന സങ്കീർത്തന വചനം ഉപയോഗിച്ചുകൊണ്ട്, പാപ്പാ നൽകിയ പ്രോത്സാഹനത്തിന്റെ തുടർച്ചയെന്നോണമാണ്, ലിയോ പതിനാലാമൻ പാപ്പായുടെ 2025 ജൂബിലി വർഷത്തിലെ ലെബനൻ സന്ദർശനം.

ആയിരം വർഷത്തെ ചരിത്രവും,  മെഡിറ്ററേനിയൻ സമുദ്രത്തിലെ സവിശേഷവുമായ സാംസ്കാരികവും, മതപരവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ലെബനൻ എന്ന നാട് പരിശുദ്ധ പിതാക്കന്മാരുടെ ഹൃദയത്തിൽ എന്നും ഇടം പിടിച്ചിട്ടുണ്ട്. 1964 ഡിസംബർ 12 ന്, വിശുദ്ധ പോൾ ആറാമൻ പാപ്പാ,  അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിൽ അധ്യക്ഷത വഹിക്കാൻ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ബെയ്റൂട്ട് വിമാനത്താവളത്തിൽ ഹ്രസ്വ നിമിഷങ്ങളിലേക്ക് തങ്ങിയിട്ടുണ്ട്.  1997 മെയ് 10, 11 തീയതികളിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, തന്റെ എഴുപത്തിയേഴാമത്‌ അപ്പസ്തോലിക യാത്രയ്ക്ക് തിരഞ്ഞെടുത്ത ഇടം ലെബനൻ ആയിരുന്നു. തദവസരത്തിൽ, ‘ലെബനനുവേണ്ടിയുള്ള നവമായ പ്രത്യാശ’ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനവും പ്രസിദ്ധീകരിച്ചു.  2012 സെപ്റ്റംബർ 14-16 തീയതികളിൽ ബെനെഡിക്ട് പതിനാറാമൻ പാപ്പായും തന്റെ ഇരുപതിനാലാമത് അപ്പസ്തോലിക യാത്രയ്ക്കുവേണ്ടി തിരഞ്ഞെടുത്തത് ലെബനൻ ആയിരുന്നു.   മധ്യ പൂർവേഷ്യക്കുവേണ്ടിയുള്ള പ്രത്യേക സിനഡിന്റെ അപ്പസ്തോലിക പ്രബോധനം "എക്ലേസിയ ഇൻ മെദിയോ ഓറിയന്തെ" (മധ്യപൂർവ്വേഷ്യയിലെ സഭ) ആ അവസരത്തിൽ പ്രസിദ്ധീകരിച്ചു. സങ്കീർണ്ണമായ സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ അടയാളപ്പെടുത്തിയ ഒരു പ്രദേശത്ത്, ക്രൈസ്തവ സാക്ഷ്യം, മതാന്തര സംഭാഷണം, സമാധാനത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ ആവശ്യകത രേഖയിൽ ഊന്നിപ്പറയുന്നു. ഒപ്പം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമെന്ന നിലയിൽ ലെബനന്റെ മധ്യസ്ഥതയ്ക്കുള്ള അടിസ്ഥാനപരമായ പങ്കും അടിവരയിടുന്നു.

ലെബനൻ രാജ്യത്തിൻറെ ചരിത്രം

വടക്കും കിഴക്കും സിറിയയും , തെക്ക് ഇസ്രായേൽ , പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലും അതിർത്തി പങ്കിടുന്ന ലെബനൻ  സൈപ്രസ് തീരപ്രദേശത്ത് നിന്ന് അൽപ്പം അകലെയാണ് സ്ഥിതി ചെയ്യുന്നത്.  ബെയ്റൂട്ട്, രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ബിസി 3200 മുതൽ 539 വരെ, മെഡിറ്ററേനിയൻ തടത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു സമുദ്ര നാഗരികതയായ ഫീനിഷ്യയുടെ ഭാഗമായിരുന്നു ഇത്. തുടർന്ന്,  ബിസി 64-ൽ, ഈ പ്രദേശം റോമൻ സാമ്രാജ്യത്തിന്റെയും തുടർന്നുള്ള ബൈസന്റൈൻ സാമ്രാജ്യത്തിന്റെയും ഭാഗമായി.

ഏഴാം നൂറ്റാണ്ടിനുശേഷം, റാഷിദുൻ, ഉമയ്യദ്, അബ്ബാസിദ് ഖിലാഫത്തുകൾ എന്നിവയുൾപ്പെടെ വിവിധ അറബ് ഇസ്ലാമിക ഖിലാഫത്തുകളുടെ ഭരണത്തിൻ കീഴിലായി. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലെബനൻ ഓട്ടോമൻ ഭരണത്തിൻ കീഴിലായി. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓട്ടോമൻ സാമ്രാജ്യം പിരിച്ചുവിട്ടതിനുശേഷം, ലെബനൻ, ഫ്രാൻസിന്റെ നേതൃത്വത്തിൽ  സിറിയയ്ക്കും ലെബനനും വേണ്ടിയുള്ള അനുശാസനത്തിനു കീഴിലായി.

1943 ആയപ്പോഴേക്കും, ലെബനൻ അല്പം സ്വാതന്ത്ര്യത്തിലേക്ക് കടന്നു വന്നുവെങ്കിലും, 1977 ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തിൻറെ സ്ഥിരത വീണ്ടും അരക്ഷിതാവസ്ഥയിൽ ആയി.  ലെബനൻ രണ്ട് സൈനിക അധിനിവേശങ്ങളാലും കീഴടക്കപ്പെട്ടു: 1976 മുതൽ 2005 വരെ സിറിയയും 1985 മുതൽ 2000 വരെ ഇസ്രായേലും.

ആധുനികകാലഘട്ടത്തിലെ പരിതാപകരമായ അവസ്ഥ

തുടർന്ന് ഈ രാഷ്ട്രങ്ങളും, ഹിസ്ബുല്ലയും തമ്മിൽ ഏറ്റുമുട്ടലിനു ഈ രാഷ്ട്ര സാക്ഷ്യം വഹിച്ചു. ഇതല്ലാം ഈ നാടിനെ അതിന്റെ മനോഹാരിതയെ നശിപ്പിക്കുന്നതായിരുന്നു. 2005, ൽ നടന്ന ബെയ്‌റൂട്ട് ആക്രമണവും, 2020 ൽ നടന്ന തുറമുഖ ദുരന്തവും ഈ നാടിനെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു. 2022 മെയ് മാസത്തിൽ, വേദനാജനകമായ ഒരു സാമ്പത്തിക പ്രതിസന്ധി ലെബനനെ ദാരിദ്ര്യവസ്ഥയിലേക്ക് തള്ളിവിട്ടു. അത്യാവശ്യ മരുന്നുകൾക്ക് പോലും മനുഷ്യൻ ബുദ്ധിമുട്ടി. എങ്ങും പട്ടിണിയും മരണങ്ങളും മാത്രം. ലെബനൻ വിട്ടു മറ്റു ദേശങ്ങളിലേക്ക് കുടിയേറുവാൻ ആഗ്രഹിച്ചവരുടെ ജീവൻ പോലും കടലിൽ തീർന്നു പോകുന്നത്, ലോക മനസാക്ഷിയെ  ഞെട്ടിച്ച കാഴ്ചകളാണ്.  ഇന്ന് ഗാസ മുനമ്പിൽ നടക്കുന്ന യുദ്ധവും, ലെബനൻ രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് വീണ്ടും കൊണ്ടെത്തിക്കുന്നു. ‘മധ്യപൂർവേഷ്യയുടെ സ്വിറ്റ്‌സർലൻഡ്’ എന്ന് ഒരുകാലത്ത് വിളിക്കപ്പെട്ടിരുന്ന ഈ നാട് ഇന്ന് ഭയത്തിന്റെയും, ഭീകരതയുടെയും പിടിയിൽ ആയിരിക്കുമ്പോഴാണ്, പിതൃതുല്യമായ വാത്സല്യത്തോടെ ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനം ഏറെ ഹൃദ്യമാകുന്നത്. 

ലെബനനിലെ ക്രൈസ്തവ സഭൈക്യവും, മതാന്തര സൗഹൃദവും

“ലെബനൻ കേവലം ഒരു രാഷ്ട്രം എന്നതിലുപരി അതൊരു സന്ദേശം ആണെന്നാണ്”, വിശുദ്ധ ജോൺ പോൾ രണ്ടാമൻ തന്റെ സന്ദർശന വേളയിൽ പറഞ്ഞത്. വിവിധ മത, സാംസ്കാരിക സമൂഹങ്ങൾ തമ്മിലുള്ള സംഭാഷണവും സഹകരണവും അടയാളപ്പെടുത്തിയ ഒരു രാഷ്ട്രമെന്ന നിലയിൽ, അതിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിന്റെ മൂല്യം ഇന്നും ഏറെ വിലപ്പെട്ടതാണ്. മാറോനീത്ത കത്തോലിക്കാ സഭയും, ഗ്രീക്ക് മേൽക്കീതാ കത്തോലിക്കാ സഭയും, അർമേനിയൻ കത്തോലിക്കാ സഭയും, സീറോകത്തോലിക്കാ സഭയും, കൽദായ സഭയും, അടങ്ങുന്ന പൗരസ്ത്യ ശാഖകൾ, ലത്തീൻ സഭാ ശാഖയുമായി ചേരുമ്പോഴാണ്, ലെബനനിൽ കത്തോലിക്കാ സഭയെന്ന വലിയ ദേവദാരു തണൽ മരത്തിന്റെ സൗന്ദര്യത്തെ മനസിലാക്കുവാൻ നമുക്ക് സാധിക്കുന്നത്.

 പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ വരവ്, നാടിനു കൂടുതൽ പ്രചോദനം നൽകി. ഗ്രീക്ക് ഓർത്തഡോക്സ് സഭ - അർമേനിയൻ അപ്പസ്തോലിക് സഭ - സുറിയാനി ഓർത്തഡോക്സ് സഭ - കിഴക്കൻ അസീറിയൻ സഭ - കോപ്റ്റിക് ഓർത്തഡോക്സ് സഭ - വിവിധ പ്രൊട്ടസ്റ്റന്റ് സഭകൾ എന്നിവ കത്തോലിക്കാ സഭയുമായി ചേർന്ന്, വലിയൊരു സൗഹൃദത്തിൽ വിവിധ സഭകൾ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നു.

ഇസ്ലാം മത വിശ്വാസികൾ ഏറെയുള്ള നാട്ടിൽ, സുന്നി, ഷിയാ വിഭാഗത്തിൽ പെട്ടവരുമായി ക്രിസ്ത്യാനികൾ സൗഹൃദത്തോടെ വസിക്കുന്നത്, ഈ നാടിൻറെ ദുരിതങ്ങൾക് മധ്യത്തിലും ആളുകൾക്ക് ആശ്വാസം പകരുന്ന ഒന്നാണ്.

ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശന സന്ദേശം

ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനത്തിനായി, തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം, മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള "സമാധാന നിർമ്മാതാക്കൾ ഭാഗ്യവാന്മാർ" എന്നതാണ്.   ലെബനൻ ജനതയെ ആശ്വസിപ്പിക്കുക, എല്ലാ സമൂഹങ്ങൾക്കിടയിലും സംഭാഷണം, അനുരഞ്ജനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നത് ഈ വാക്യം വ്യക്തമാക്കുന്നു.

ഔദ്യോഗിക ചിഹ്നത്തിൽ പരിശുദ്ധ പിതാവ് തന്റെ വലതുകരം ഉയർത്തി ആശീർവദിക്കുന്നു. സമാധാനത്തെ പ്രതീകപ്പെടുത്തുന്ന ഒരു പ്രാവും ലെബനന്റെ വിശ്വാസത്തിന്റെയും മതാന്തര ഐക്യത്തിന്റെയും സമ്പന്നമായ ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒരു ദേവദാരു മരവും അതിനിടയിൽ ചീത്രീകരിച്ചിരിക്കുന്നു.

വലതുവശത്ത് 2025 ജൂബിലി ലോഗോയിൽ നിന്നുള്ള ഒരു നങ്കൂരത്തിന്റെ രൂപത്തിലുള്ള ഒരു കുരിശുണ്ട്, ഇത് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഉറച്ച പ്രത്യാശയെ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള നീല, മൃദുവായ പിങ്ക്, പച്ച, ഇളം നീല എന്നീ നിറങ്ങൾ ശാന്തതയെ പ്രകടിപ്പിക്കുന്നു, ലെബനന്റെ സമാധാനത്തിനായുള്ള ആഗ്രഹം പ്രതിഫലിപ്പിക്കുന്നതിന് വെള്ളയാൽ ഇവയെല്ലാം ഏകീകരിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 നവംബർ 2025, 12:03